ADVERTISEMENT

മാന്ത്രികശക്തികൊണ്ടും ബുദ്ധികൊണ്ടും ദുഷ്ടൻമാരെയും കൊള്ളക്കാരെയും കൊലയാളികളെയും വിറപ്പിച്ച മാൻഡ്രേക്കിനിപ്പോൾ 90 വയസ്സ്. നാടകകലാകാരനും കാർട്ടൂണിസ്റ്റും എഴുത്തുകാരനും നിർമാതാവുമായിരുന്ന അമേരിക്കക്കാരൻ ലിയോൻ ഹാരിസൻ ഗ്രോസ് എന്ന ലീ ഫാക്കിന്റെ ഭാവനയിൽ പിറന്നത് രണ്ട് അതിമാനുഷ കഥാപാത്രങ്ങളാണ്. ഒന്ന് മാൻഡ്രേക്ക് , മറ്റൊന്ന് ഫാന്റം. ചിത്രകഥാ പരമ്പരയിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ലീ ഫാക്ക് മാൻഡ്രേക്കിനെ ലോകത്തിനു പരിചയപ്പെടുത്തുന്നത് 1934 ജൂൺ 11നാണ്. പത്രത്താളുകളിലെ കോമിക് സ്ട്രിപ്പുകളിലൂടെയാണ് മാൻഡ്രേക്ക് അവതരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ കിങ് ഫീച്ചേഴ്സ് സിൻഡിക്കറ്റ് ആയിരുന്നു വിതരണക്കാർ. 

വെറുതേ ഒരു രസത്തിനു വരച്ച കാർട്ടൂൺ ഇത്രമേൽ ജനപ്രീതിയാർജിക്കുമെന്നു ലീ ഫാക്കും കരുതിയില്ല.  മാസ്‌മരികതയാണു മാൻഡ്രേക്കിന്റെ മുഖമുദ്ര. ഒറ്റനോട്ടത്തിൽത്തന്നെ ആജാനുബാഹു. ദൃഢമായ ശരീരം, ചീകിയൊതുക്കിയ മുടി, പഴുതാര മീശ, ഭംഗിയുള്ള ഭാവങ്ങൾ, ഇന്ദ്രജാലക്കാരുടെ തനതായ കറുത്ത കുപ്പായവും തൊപ്പിയും– ഇതെല്ലാം ഒത്തുവന്നപ്പോൾ മാൻഡ്രേക്ക് പിറവിയെടുത്തു. കാമുകി നർദ, കൂട്ടുകാരൻ ലോതർ, മാജിക് കോളജ് പ്രിൻസിപ്പൽ തെറോൻ, ഷെഫ് ഹാജ, പൊലീസ് മേധാവി ബ്രാഡ്‌ലി, ലെനോർ, കർമ, കോബ്ര എന്നിവരെല്ലാം ചേർന്നപ്പോൾ ‘മാൻഡ്രേക്ക് ദ് മജീഷ്യൻ’ ലോകം കണ്ട ഏറ്റവും മികച്ച കോമിക് സ്ട്രിപ്പുകളിലൊന്നായി മാറി. ഒതുക്കമുള്ള കഥ, സംഭാഷണം, നാടകീയത, ഉദ്വേഗം, മികച്ച വരകൾ– ഇവയെല്ലാമാണ് മാൻഡ്രേക്കിനെ അനശ്വരമാക്കിയത്. നാടകക്കാരനായിരുന്ന ലീ ഫാക്കിനെ നാടകത്തിന്റെ സ്വാധീനം രചനകകളിൽ ഏറെ സഹായിച്ചു; രംഗം, കഥാഗതി, വേഷങ്ങൾ എന്നിവ സംബന്ധിച്ചുള്ള സൂക്ഷ്മമായ കാര്യങ്ങളിൽ.

മാൻഡ്രേക്ക്: ജീവിതത്തിൽനിന്ന് കടമെടുത്ത വേഷം

കുട്ടിക്കാലത്ത് ഇന്ദ്രജാലത്തോടുള്ള ലീ ഫാക്കിന്റെ കമ്പമാണ് മാൻഡ്രേക്കിന്റെ പിറവിക്കു പ്രേരണയായത്. ഒട്ടേറെ കാർട്ടൂൺ കഥാപാത്രങ്ങൾ ലീയുടെ വിരലുകളിൽ പിറന്നെങ്കിലും അവയെല്ലാം അപ്രധാന താരങ്ങളായിരുന്നു. മാൻഡ്രേക്കാണു ലീയുടെ ആദ്യ പ്രധാനസൃഷ്ടി. ലീയുടെ നിർദേശപ്രകാരം കൂട്ടുകാരനും അമേരിക്കൻ ചിത്രകാരനുമായ ഫിൽ ഡേവിസാണ് മാൻഡ്രേക്കിന്റെ രൂപം ആദ്യമായി കടലാസിൽ പകർത്തിയത്. കോളജ് വിദ്യാർഥിയായിരുന്ന ലീക്ക് സമയമില്ലാത്തതിനാലാണ് ഡേവിസിനെ വര എൽപിച്ചത്.  അജാനുബാഹുവായ ഒരാൾ തന്നെ വേണം തന്റെ കഥാപാത്രമാവാനെന്ന് അദ്ദേഹം നിർദേശിച്ചു. ഇറ്റലി– കാനഡ വംശജനായ ലിയോൻ ജിജ്‌ലിയോ (1911–1993) എന്ന മാന്ത്രികനെയാണു ഡേവിസ് മാൻഡ്രേക്കായി വരച്ചത്. സ്റ്റണ്ട് പെർഫോമറായിരുന്നു ജിജ്‌ലിയോ. അദ്ദേഹത്തിന്റെ വേഷവും ശരീരഭാഷയുമെല്ലാം കഥാപാത്രത്തിന്റെ രൂപീകരണത്തിന് സഹായിച്ചു. ജിജ്‌ലിയോ അറിയപ്പെട്ടിരുന്നത് ലിയോൻ മാൻഡ്രേക്ക് എന്നായിരുന്നു. ആ പേരാണു ലീ ഫാക്ക് തന്റെ കഥാപാത്രത്തിനു സമ്മാനിച്ചതെന്നും കരുതുന്നു. 

ഒരിടത്ത് വര, മറ്റൊരിടത്ത് രചന

ന്യൂയോർക്കിലായിരുന്നു ലീ ഫാക്കിന്റെ താമസം. ഫിൽ ഡേവിസ് സെന്റ് ലൂയിയയിലും. ലീ തന്റെ രചനകൾ ഡേവിസിന് അയച്ചുകൊടുത്തു. സയൻസ് ഫിക്‌ഷനും ഫാന്റസിയുമെല്ലാം ചേർന്ന് മാൻഡ്രേക്ക് അതിമാനുഷനായി. ആദ്യ ഘട്ടംതന്നെ അൻപതിലേറെ രാജ്യങ്ങളിലെ ആയിരക്കണക്കിനു പത്രങ്ങളിൽ മാൻഡ്രേക്കും സംഘവും പ്രത്യക്ഷപ്പെട്ടുതുടങ്ങി. നർദയെ വരച്ചത് ഡേവിസിന്റെ ഭാര്യ മാർത്തയാണ്. രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ ലീ ഫാക്ക് എയർഫോഴ്സ് പ്രസിദ്ധീകരണങ്ങളുടെ ചുമതലകളിൽ നിയമിതനായി. പിന്നീട് റേഡിയോയിൽ വിദേശ ഭാഷാവിഭാഗത്തിന്റെ തലവനും. ഇക്കാലമെല്ലാം ഫിൽസ് അദ്ദേഹത്തിനുേവണ്ടി മാൻഡ്രേക്കിനെ വരച്ചുകൊണ്ടിരുന്നു. 1964ൽ ഡേവിസ് മരിച്ചതോടെ ലീ ഫാക്ക് ഒറ്റപ്പെട്ടു. മൂന്നു പതിറ്റാണ്ടിന്റെ കൂട്ടുകെട്ടാണ് ഇതോടെ അവസാനിച്ചത്. താമസിയാതെ മറ്റൊരു ചിത്രകാരനെ ലീ ഫാക്ക് കണ്ടെത്തി. ഫ്രെഡ് ഫ്രെഡറിക്സ് വര ഏറ്റെടുത്തു. ഇതോടെ ലീ മാൻഡ്രേക്കിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. രഹസ്യാന്വേഷകൻ എന്ന പെരുമ മാൻഡ്രേക്കിന് സമ്മാനിച്ചു. പൊലീസിന് തെളിയിക്കാനാവാത്ത കേസുകൾ മാൻഡ്രേക്ക് ‘ഏറ്റെടുത്തു’ തുടങ്ങി. സൈനിക സേവനത്തിൽ മുഴുകിയപ്പോഴും ലീയുടെ മനസ്സ് കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചു, പുതിയ കഥകൾ മെനഞ്ഞു. അരനൂറ്റാണ്ടു കൊണ്ട് മാൻഡ്രേക്ക് ഏറെ വളർന്നു. 1999ൽ ഫാന്റത്തിനെയും മാൻഡ്രേക്കിനെയുമൊക്കെ തനിച്ചാക്കി ലീ ഫാക്ക് വിടപറഞ്ഞു. 2013 വരെ ഫ്രെഡ് ഫ്രെഡറിക്സ് വരയ്ക്കൊപ്പം രചനയും നടത്തി. 2013 ജൂലൈ ആറിന് മാൻഡ്രേക്ക് കഥകൾ പ്രസിദ്ധീകരണം നിർത്തി. 

മാൻഡ്രേക്കിനു പിന്നാലെ ഫാന്റവും‌

ലോകമാകെ മാൻഡ്രേക്ക് നേടിയ സ്വീകാര്യത മറ്റൊരു കഥാപാത്രത്തിനു രൂപം നൽകാൻ ലീ ഫാക്കിനെ സഹായിച്ചു. പേര്: ഫാന്റം. മാൻഡ്രേക്കിന്റെ  വിജയമാണ് ഫാന്റത്തെ സൃഷ്‌ടിക്കാൻ ലീഫാക്കിനെ പ്രേരിപ്പിച്ചത്. 1934 ലാണ് ലീ ഫാക്ക് മാൻഡ്രേക്കിനെ സൃഷ്‌ടിച്ചതെങ്കിൽ ഫാന്റം 1936ൽ പിറവിയെടുത്തു. മാൻഡ്രേക്കിനെയും ഫാന്റത്തെയും ലീ ചില കഥകളിൽ ഒരുമിച്ചു കൊണ്ടുവന്നു. ഫാന്റത്തിന്റെ വിവാഹത്തിന് മാൻഡ്രേക്കും കാമുകി നർദയും ഒരുമിച്ചെത്തിയത് വായനക്കാരെ കൂടുതൽ സന്തോഷിപ്പിച്ചു. ഇരുകഥാപാത്രങ്ങളും സംഗമിച്ച ആദ്യസംഭവവും അതായി. ഫാന്റം, മാൻഡ്രേക്ക് കഥകളോളം ഇത്രയേറെ വിവർത്തനം ചെയ്യപ്പെട്ട കോമിക് സ്ട്രിപ്പുകളുണ്ടായിട്ടില്ല. 

വസ്ത്രം ഉടുപ്പിച്ച് കേന്ദ്രസർക്കാർ

മാൻഡ്രേക്ക് ദ് മജീഷ്യൻ കാർട്ടൂൺ സ്ട്രിപ്പിലെ ചില പതിപ്പുകളിൽ നീന്തൽ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന മാൻഡ്രേക്കിന്റെ കാമുകി നർദയും മാൻഡ്രേക്കിന്റെ സുഹൃത്ത് ലോതറിന്റെ കാമുകി കർമയും ഇന്ത്യയിൽ ‘പണി വാങ്ങിയ’ സംഭവവും ഉണ്ടായിട്ടുണ്ട്. പെട്ടെന്നൊരു ദിവസം ഇരുവരും പൂർണ വസ്ത്രമണിഞ്ഞവരായി. കേന്ദ്രസർക്കാരാണ് ഇരുവരോടും നാണംമറയ്ക്കൽ ആവശ്യപ്പെട്ടത്.  

മാൻഡ്രേക്കിനെ റേഡിയോയിൽ എടുത്തു, പിന്നീട് സിനിമയിലും

പത്രങ്ങളിൽ വന്ന മാൻഡ്രേക്ക് സ്ട്രിപ്പുകൾ വർഷങ്ങൾക്കുശേഷം അതേ പത്രങ്ങളിൽത്തന്നെ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. പത്രത്താളുകളിൽനിന്ന് കോമിക് പുസ്തകങ്ങളിലേക്കും മാൻഡ്രേക്ക് ‘യാത്ര’ തുടങ്ങിയിരുന്നു. മാൻഡ്രേക്ക് കഥകളടങ്ങിയ നാലു പുസ്തകങ്ങൾ പിറന്നു. പത്രങ്ങളിൽവന്ന കഥകളെല്ലാം ചേർത്ത് പിന്നീട് പുസ്തകമായപ്പോൾ അവയെല്ലാം ചൂടപ്പം പോലെ  വിറ്റഴിഞ്ഞു. ഇറ്റലിയിലും കൊളംബിയയിലും ചില പഴഞ്ചൊല്ലുകളിൽപ്പോലും മാൻഡ്രേക്ക് കടന്നുവന്നു. 1940കളിൽപരമ്പര രൂപത്തിൽ മാൻഡ്രേക്ക് റേഡിയോയിൽ അവതരിച്ചു.  കൊളംബിയയിലും തുർക്കിയിലും  മാൻഡ്രേക്കിനെ ‘സിനിമയിലെടുത്ത’ ചരിത്രവുമുണ്ട്. 1970കളിൽ ലീ ഫാക്ക് തന്നെ മാൻഡ്രേക്കിനെ ഇതിവൃത്തമാക്കി ഒരു സംഗീതനാടകത്തിൽ അവതരിപ്പിച്ചു.

English Summary:

Sunday Special about Mandrake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com