പന്തയനഷ്ടം
Mail This Article
ജോൺ സള്ളിവൻ സായിപ്പിനൊപ്പമാണു നീലഗിരിക്കുന്നു കയറി ഊട്ടിയിലേക്ക് ആദ്യമായി കുതിര വന്നത്. പിന്നാലെ നൂറുകണക്കിനു കുതിരകളും അതിലേറിയ വെള്ളക്കാരും ഊട്ടിയിൽ പാളയമടിച്ചു. അവരെല്ലാം ചേർന്നു ഇന്നത്തെ ഊട്ടിയുണ്ടാക്കി. അവിടെ പനിനീർപ്പൂന്തോട്ടവും തീവണ്ടിയും തേയിലയും ഒപ്പം കുതിരപ്പന്തയവുമുണ്ടാക്കി.
വർഷങ്ങളോളം ഊട്ടിയുടെ കൊടും തണുപ്പിൽ കുതിരകൾ മത്സരിച്ചോടി. വാതുവയ്പിലൂടെ കാശുകാരായവരും കോടികൾ പൊടിച്ചു കളഞ്ഞ് ആത്മഹത്യയുടെ വക്കിലെത്തിയവരുമുണ്ടായി. ഊട്ടിയുടെ ഹൃദയസ്പന്ദനമായി മാറിയ ആ കുതിരക്കുളമ്പടികൾ ചരിത്രത്താളുകളിലേക്കുള്ള മടക്കസവാരിയിലാണിപ്പോൾ.
-
Also Read
സ്നേഹക്കൂട്
ഇനിയില്ല, പന്തയക്കാലം
കുതിരപ്പന്തയത്തിന്റെ നടത്തിപ്പുകാരായ മദ്രാസ് റേസ് ക്ലബ് പാട്ടത്തുകയിലെ കുടിശിക നൽകാതായതോടെ റവന്യു വകുപ്പ് പന്തയമൈതാനം പിടിച്ചെടുത്തിരിക്കുകയാണ്. മൈതാനം സർക്കാർ ഏറ്റെടുത്ത് പൊതു ആവശ്യത്തിനു വേണ്ടി ഉപയോഗിക്കാനാണു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. 1846ൽ ആരംഭിച്ച ഊട്ടി കുതിരപ്പന്തയം ഇനി പഴയ മട്ടിൽ നടക്കാൻ സാധ്യത വിരളം. പഴയ പന്തയക്കുതിരകളുടെ പിന്മുറക്കാർ ആർക്കും വേണ്ടാതെന്നോണം ഊട്ടിപ്പട്ടണത്തിലൂടെ അലഞ്ഞു നടക്കുന്നുണ്ട്. അവയെ ചുറ്റിപ്പറ്റി മുഷിഞ്ഞ കോട്ട് ധരിച്ച കുതിരക്കാരെയും കാണാം. റേസ് കോഴ്സിൽ തീവേഗം നിറച്ച പന്തയക്കാലം ഇനിയൊരിക്കലും തിരിച്ചു വരാനിടയില്ലെന്ന യാഥാർഥ്യവുമായി അവരാരും പൊരുത്തപ്പെട്ടു കാണില്ല. ഊട്ടിയുടെ ഹൃദയഭാഗത്തെ മൈതാനത്ത് ഇനി തമിഴ്നാട് ഹോർട്ടികൾചർ വകുപ്പിന്റെ ഇക്കോ പാർക്ക് വരും.
കുതിരയോടാണു കാതൽ
ഊട്ടി ബസ് സ്റ്റാൻഡിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാന്തൽ ഗ്രാമമായി. ഊട്ടിയിലെ കുതിരക്കാരുടെ നാട്. പന്തയക്കുതിരകൾക്കു ലാടമടിക്കാൻ ബ്രിട്ടിഷുകാർ എത്തിച്ചവരാണു കാന്തൽക്കാരുടെ മുൻഗാമികൾ. പന്തയമൈതാനം ഉണ്ടാക്കാനും ബ്രിട്ടിഷ് കുതിരകളെ പരിപാലിക്കാനും ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നും വരെ വെള്ളക്കാർ കാന്തലിലേക്ക് ആളുകളെയെത്തിച്ചു. അന്നുമിന്നും കാന്തലിൽ മനുഷ്യരുടെയത്രത്തോളമെങ്കിലും കുതിരകളുണ്ട്. കുതിരയ്ക്കും കുതിരക്കാരനും വേണ്ടിയുള്ള വാതുവയ്പിൽ എല്ലാം നഷ്ടപ്പെട്ട് മനോനില തെറ്റി കാന്തലിലെ കാരറ്റ് തോട്ടങ്ങളിലൂടെ അലഞ്ഞു നടന്ന ലൂർദ്സ്വാമിയുടെ കഥ പറഞ്ഞത് ഓട്ടോ ഡ്രൈവറായ ബൽരാജ് ആണ്. വൻ ബംഗ്ലാവും ആഡംബര കാറുകളും ഒട്ടേറെ കുതിരകളും ഏക്കർ കണക്കിനു സ്ഥലവുമുണ്ടായിരുന്ന മുതലാളിയായിരുന്നു സ്വാമി. കുതിരപ്പന്തയത്തിൽ ഹരം കയറി എല്ലാം നശിച്ചു. ഒടുവിൽ ബന്ധുക്കൾക്കു കോയമ്പത്തൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റേണ്ടി വന്നു. ലൂർദ്സ്വാമിയെപ്പോലെ പന്തയക്കമ്പം കയറി തുലഞ്ഞു പോയവരായി കാന്തലിലും ഊട്ടിയിലെ വിവിധ പ്രദേശങ്ങളിലും ഒട്ടേറെപ്പേരുണ്ട്. അടുത്ത പന്തയസീസണിൽ എല്ലാം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവരുടെ ജീവിതം. ഇന്നത്തെ മൈതാനം പണിയുന്നതിനു മുൻപു തന്നെ 1846ൽ ഊട്ടിയിലെ ആദ്യ കുതിരപ്പന്തയം നടന്ന സ്ഥലമാണു കാന്തൽ.
പട്ടാളം നികത്തിയ ഊട്ടിത്തടാകം
''കുതിരപ്പന്തയ മൈതാനം നിൽക്കുന്ന സ്ഥലം പണ്ട് ഊട്ടിത്തടാകമായിരുന്നു. ഇന്നത്തെ ഊട്ടി ബസ് സ്റ്റാൻഡും പന്തയമൈതാനവുമെല്ലാം തടാകം നികത്തി കെട്ടിയുയർത്തിയതാണ്''– ഊട്ടിയുടെ ചരിത്രകാരനും കോത്തഗിരിയിലെ നീലഗിരി ഡോക്യുമെന്റേഷൻ സെന്റർ ഓണററി ഡയറക്ടറുമായ ധർമലിംഗം വേണുഗോപാൽ പറഞ്ഞു. നീലഗിരി ഉൾപ്പെട്ടിരുന്ന കോയമ്പത്തൂർ ജില്ലയിലെ ജലസേചനത്തിനായി കലക്ടറായിരുന്ന ജോൺ സള്ളിവന്റെ നേതൃത്വത്തിൽ 1825ലാണു ഊട്ടിയിൽ വലിയ തടാകം നിർമിച്ചത്. 2 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാൽ മാത്രമേ മറുകരയിലെത്താനാകുമായിരുന്നുള്ളൂ. ഇതു ബുദ്ധിമുട്ടായതോടെ തടാകത്തിനു കുറുകെ ഒരു ബണ്ട് നിർമിച്ചു. ബണ്ടിലൂടെ കുതിരവണ്ടികളും കാറുകളും ഓടി. കുറച്ചു വർഷം കഴിഞ്ഞപ്പോഴേക്കും ബണ്ടിന്റെ ഒരുവശത്ത് നീരൊഴുക്കു നിലച്ചു തടാകം വറ്റിവരണ്ടു ചതുപ്പായി മാറി. ഈ ഭാഗം മണ്ണിട്ടു നികത്തി ഉറപ്പിച്ചു കുതിരപ്പന്തയ മൈതാനമുണ്ടാക്കാൻ സള്ളിവൻ ട്രിച്ചിയിൽ നിന്നു പട്ടാളത്തെയിറക്കി. 1897ൽ ആരംഭിച്ച ജോലി ഒരു വർഷം കൊണ്ടു പൂർത്തിയായപ്പോൾ ആകെ ചെലവായത് 60,821 രൂപ.
ആദ്യകാലത്ത് കാന്തലിലും പിന്നീട് വെല്ലിങ്‌ടൻ മിലിറ്ററി കന്റോൺമെന്റിലുമെല്ലാം നടന്ന കുതിരപ്പന്തയങ്ങളുടെ ആവേശം ഏറ്റെടുത്ത് ഊട്ടിയിൽ 1882ൽ ഊട്ടക്കമണ്ട് (പഴയ ഉദകമണ്ഡലത്തെ ബ്രിട്ടിഷുകാർ ഇങ്ങനെയാണ് ആദ്യം വിളിച്ചത്– പിന്നീട് ചുരുങ്ങി ഊട്ടിയായതാണ്) ജിംഖാന തുടങ്ങി. കുതിരയോട്ടം, ഗോൾഫ്, പോളോ, ക്രിക്കറ്റ്, ബാഡ്മിന്റൻ കളികൾക്കെല്ലാം പരിശീലനവുമാരംഭിച്ചു. പന്തയമൈതാനം സജ്ജീകരിച്ചതോടെ 1905 മുതൽ എല്ലാവർഷവും കുതിരയോട്ടവും തുടങ്ങി. പിന്നീട് പന്തയനടത്തിപ്പ് മദ്രാസ് റേസ് ക്ലബ് ഏറ്റെടുത്തു. പതിയെ കുതിരപ്പന്തയം ഊട്ടിയുടെ സംസ്കാരത്തിന്റെ ഭാഗമായി.
നിശ്ശബ്ദതയിലേക്കൊരു സവാരി
കുതിരപ്പന്തയം ഇല്ലാതായാൽ, ഊട്ടിയുടെ ശ്വാസകോശം എന്നുകൂടി വിളിപ്പേരുള്ള പച്ചപ്പുൽമൈതാനത്തു വൻ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഉയരുമെന്നും അതു പരിസ്ഥിതിക്കു ദോഷകരമാകുമെന്നും വാദിക്കുന്നവരുണ്ട്. ഊട്ടിയുടെ ടൂറിസം മേഖലയ്ക്കും സാമ്പത്തികരംഗത്തിനാകെയും ഗുണമുണ്ടാകുന്ന തരത്തിൽ മത്സരം ഉടച്ചുവാർത്താലേ ഇനിയൊരു തിരിച്ചുവരവിനു സാധ്യതയുള്ളൂവെന്ന് ധർമലിംഗം വേണുഗോപാൽ പറയുന്നു. ചൂതാട്ടം പോലെ പന്തയലഹരി പടർന്നപ്പോൾ 1975 മാർച്ചിൽ ഡിഎംകെ സർക്കാർ കുതിരപ്പന്തയം നിരോധിച്ചിരുന്നു. സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്ന്, കുതിരപ്പന്തയം തുടരണമോയെന്നു ശുപാർശ ചെയ്യാനായി ഒരു സമിതിയെയും നിയോഗിച്ചു. ഊട്ടിക്കാർക്കു തൊഴിൽ നൽകുന്നതും സർക്കാരിനു വൻതുക നികുതി വരുമാനമുണ്ടാക്കുന്നതും കണക്കിലെടുത്ത് മത്സരം ആരംഭിക്കണമെന്നു സമിതി പറഞ്ഞു. അങ്ങനെ പുനരാരംഭിച്ച പന്തയത്തിനാണു മദ്രാസ് റേസ് ക്ലബ് 822 കോടി രൂപ കുടിശികയാക്കിയതിനെത്തുടർന്നു വീണ്ടും കടിഞ്ഞാൺ വീഴുന്നത്.
കാന്തൽ ഗ്രാമത്തിലേക്കുള്ള വഴിയിൽ ബ്രിട്ടിഷ്കാലത്തെ കുതിരക്കാരുടെ പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയുണ്ട്. അവിടെ കുഴിമാടങ്ങൾക്കിടയിലൂടെ അലഞ്ഞുനടക്കുന്ന കുതിരകളെ കാണാം; ഇനിയൊരു പന്തയക്കാലം ഏറെ അകലെയെന്നതിന്റെ നേർസാക്ഷ്യം പോലെ.