ADVERTISEMENT

കാഞ്ചി വലിച്ച് സ്വപ്നത്തിലേക്കു ‘തിര’നോട്ടം നടത്തിയ ഇരുപത്തിരണ്ടുകാരിയാണു മനു ഭാക്കർ. ഒളിംപിക്സിൽ ഒരു മെഡൽ എന്നതായിരുന്നു ആ സ്വപ്നം. 19–ാം വയസ്സിൽ മനു ആ ലക്ഷ്യത്തിലേക്കു നിറയൊഴിച്ചു. പക്ഷേ, ദൗർഭാഗ്യം പിടികൂടി; കണ്ണീരോടു മടങ്ങേണ്ടി വന്നു. പിന്നീടു സ്വപ്നത്തിലേക്കു മനു പിസ്റ്റൾ ഉയർത്തിയതു 3 വർഷത്തെ ഒരുക്കത്തിനു ശേഷമാണ്. ബാക്കിയെല്ലാം ചരിത്രം... 

ടോക്കിയോ ദുഃസ്വപ്നം

ഷൂട്ടിങ്ങിൽ വലിയ പ്രതീക്ഷകളോടെയാണ് 2021ലെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ എത്തിയത്. ആ പ്രതീക്ഷകളുടെ മുൻനിരയിൽ, ഷൂട്ടിങ് സൂപ്പർതാരം മനുവുണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷകളുടെ അമിതഭാരം ആ കൗമാരക്കാരിയുടെ ആത്മവിശ്വാസത്തെ ബാധിച്ചു. അതിനിടെ, ദൗർഭാഗ്യവും പിടികൂടി. 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ ഉജ്വല പ്രകടനത്തോടെയാണു ലോക രണ്ടാം റാങ്കുകാരിയായ മനു തുടങ്ങിയത്. പക്ഷേ, മത്സരം പാതിവഴിയെത്തിപ്പോൾ മനുവിന്റെ തോക്ക് പണിമുടക്കി. പുതിയ തോക്കുമായി മത്സരം തുടർന്നെങ്കിലും ഫൈനലിലേക്കു മുന്നേറാനായില്ല. മുഖത്തു നിന്നു മാസ്ക് അഴിച്ചുമാറ്റി, കണ്ണീരോടെ മടങ്ങുന്ന മനുവിന്റെ ചിത്രം നൊമ്പരക്കാഴ്ചയായിരുന്നു. 

മിക്സ്ഡ് ടീമിനത്തിലും 25 മീറ്റർ വിഭാഗത്തിലും മനു ദയനീയമായി പരാജയപ്പെട്ടു. ടോക്കിയോ ദിനങ്ങളെപ്പറ്റി ചോദിച്ചപ്പോൾ മനു കഴിഞ്ഞ ദിവസം പറഞ്ഞു: ‘എന്റെ ആദ്യ ഒളിംപിക്സ്. ഒരു രാത്രി പോലും എനിക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഓരോ മത്സരത്തിലും പരാജയപ്പെടാൻ തുടങ്ങിയതോടെ എന്റെ ടെൻഷൻ ഇരട്ടിയായി. തല പെരുത്തു. നിരാശ അടിമുടി ബാധിച്ചതോടെ കരിയർ അവസാനിപ്പിച്ചാലോ എന്നു പോലും ഞാൻ ചിന്തിച്ചുപോയി... ’. ജീവിതകഥയിൽ മായിക്കാൻ ആഗ്രഹിക്കുന്ന അധ്യായം... 

യുവനക്ഷത്രം

ഇന്ത്യൻ ഷൂട്ടിങ്ങിന്റെ താരാകാശത്തിലേക്കു പൊൻതിളക്കത്തോടെ പൊട്ടിവീണ നക്ഷത്രമാണു മനു ഭാക്കർ. ഹരിയാന സ്വദേശിനി. സ്കൂൾ പഠനകാലം മുതൽ സ്പോർട്സിൽ തൽപര. ടെന്നിസ്, സ്കേറ്റിങ്, ബോക്സിങ് എന്നിവ പരിശീലിച്ചിട്ടുണ്ട്. ‘താങ് ത’ എന്ന മണിപ്പൂരി ആയോധനകലയിൽ ദേശീയ മെഡൽ നേടിയിട്ടുണ്ട്. പിതാവ് മർച്ചന്റ് നേവി എൻജിനീയറായ രാം കിഷൻ ഭാക്കർ 2014ലെ റിയോ ഒളിംപിക്സ് കാലത്താണു മകൾക്കൊരു ഷൂട്ടിങ് പിസ്റ്റൾ വാങ്ങിക്കൊടുത്തത്. പിന്നീടു മനുവിന്റെ ഊണും ഉറക്കവും ഈ പിസ്റ്റളിനൊപ്പമായിരുന്നു. മുൻ ലോക ചാംപ്യൻ ജസ്പാൽ റാണയുടെ ശിക്ഷണത്തിൽ നേട്ടങ്ങൾ വെടിവച്ചിട്ടു. 2017ൽ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 9 സ്വർണമടക്കം 15 സ്വർണം നേടി റെക്കോർഡിട്ടു.

11–ാം ക്ലാസിൽ പഠിക്കുമ്പോൾ ഷൂട്ടിങ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടി അദ്ഭുത താരമായി. 2018ലും 2019ലുമായി ഷൂട്ടിങ് ലോകകപ്പുകളിൽനിന്ന് 8 സ്വർണം. 2018ലെ കോമൺവെൽത്ത് ഗെയിംസിലും മെഡൽ വേട്ട തുടർന്നു. അതേ വർഷം യൂത്ത് ഒളിംപിക്സിലും സ്വർണം. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഭാവിതാരമെന്നു മനുവിനെ മാധ്യമങ്ങൾ വാഴ്ത്തി. പിന്നീടായിരുന്നു ‘ടോക്കിയോ ദുരന്തം.’ 

വെടിനിർത്തലും വെള്ളക്കൊടിയും

2018ൽ മനു രാജ്യത്തിനായി മെഡൽവേട്ട നടത്തുമ്പോൾ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ജസ്പാൽ റാണ. ‘മനുവിനെപ്പോലെയുള്ളവരാണ് അടുത്ത ഒളിംപിക്സിൽ നമ്മുടെ പ്രതീക്ഷ’ – ജസ്പാൽ പറഞ്ഞു. പക്ഷേ, ടോക്കിയോയ്ക്കു മുൻപ് ഇരുവരും തമ്മിൽ ഇടഞ്ഞു. ആദ്യ ഒളിംപിക്സിൽ തന്നെ മൂന്നിനങ്ങളിൽ മത്സരിക്കുന്നതു മനുവിനു സമ്മർദമുണ്ടാക്കുമെന്നും അതിനാൽ 25 മീറ്ററിൽ നിന്നു പിന്മാറണമെന്നും ജസ്പാൽ നിർദേശിച്ചു. എന്നാൽ, മനു കൂട്ടാക്കിയില്ല. ദേശീയ ക്യാംപിലുള്ള മറ്റൊരു താരത്തെ ‘സഹായിക്കാൻ’ ജസ്പാൽ വഴിമുടക്കുന്നുവെന്നായിരുന്നു മനുവിന്റെ തോന്നൽ. തൊട്ടുപിന്നാലെ നടന്ന ലോകകപ്പിൽ 25 മീറ്റർ വിഭാഗത്തിൽ മനു തോറ്റു. തോറ്റത് ജസ്പാൽ സഹായിച്ചെന്നു മനു കരുതിയ ഷൂട്ടറോടും. 

‘ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം. നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണു യഥാർഥ സ്വപ്നം. സ്വപ്നം കാണുക; ആ സ്വപ്നങ്ങളെക്കുറിച്ചു ചിന്തിക്കുക, ആ ചിന്തകളെ പ്രവൃത്തിയിലൂടെ സഫലമാക്കുക...’

‘ഇപ്പോൾ സമാധാനമായോ’ എന്നു ചോദിച്ച് മനുവിനു ജസ്പാൽ സന്ദേശമയച്ചു. അവിടെയും തീർന്നില്ല. ആ സന്ദേശവും അതിനു മനു കൊടുത്ത മറുപടിയും ഒരു ടീഷർട്ടിൽ പ്രിന്റ് ചെയ്ത് അതു ധരിച്ച് ജസ്പാൽ ഷൂട്ടിങ് റേഞ്ചിൽ പോവുകയും ചെയ്തു. ഇരുവരും തെറ്റി. ജസ്പാൽ ദേശീയ പരിശീലക സ്ഥാനത്തു നിന്നു മാറി. ടോക്കിയോയിൽ മനു അടിമുടി പരാജയമാവുകയും ചെയ്തു. ടോക്കിയോയിൽനിന്നു മടങ്ങിയെത്തിയ ശേഷം ഇരുവരും തമ്മിൽ വാക്പോര് തുടർന്നു. മനുവിന്റെ വീട്ടുകാരും ജസ്പാലിനെതിരെ തിരിഞ്ഞതോടെ താരത്തെ കുറ്റപ്പെടുത്തി പരിശീലകനും പരസ്യമായി രംഗത്തിറങ്ങി.

ഇന്ത്യൻ ഷൂട്ടിങ് രംഗം ചെളിവാരിയെറിയലുകളിൽ കലങ്ങിയ നാളുകൾ. എന്നാൽ, ടോക്കിയോ സൃഷ്ടിച്ച ആഘാതത്തിൽ മെല്ലെ കരകയറിയ മനു ഒരു സത്യം തിരിച്ചറിഞ്ഞു: തന്റെ കരുത്തും ദൗർബല്യവുമൊക്കെ ജസ്പാലിനെപ്പോലെ നന്നായി അറിയാവുന്ന മറ്റൊരാളില്ല. വീണ്ടുവിചാരമുണ്ടായി. 2023ൽ മനു ജസ്പാലിന്റെ സഹായം തേടി വിളിച്ചു. വാക്പോരുകൾക്ക് അവധികൊടുത്ത് ഇരുവരും വീണ്ടും ഒന്നിച്ചു. വെടിനിർത്തൽ. മനുവിന്റെ പഴ്സനൽ കോച്ചായി ജസ്പാൽ ദൗത്യമേറ്റെടുത്തു. 

കേരളവും മടങ്ങിവരവും

ടോക്കിയോയിൽനിന്ന് മടങ്ങിയെത്തിയ ശേഷം മനു വീടിന്റെ ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങി. 3 മാസത്തേക്കു തോക്കെടുത്തില്ല. പരിശീലനം നിർത്തി. കരിയർ അവസാനിപ്പിക്കാൻ മാതാപിതാക്കളുടെ സമ്മതം തേടി. എന്നാൽ, പിതാവ് രാം കിഷനും അമ്മ സുമേധയും മകളോട് ഒന്നും പറഞ്ഞില്ല. പകരം, മകളെയുംകൊണ്ട് ഒരു വിനോദയാത്രയ്ക്കു പോയി. കുറച്ചു ബന്ധുക്കളെയും ഒപ്പംകൂട്ടി. കേരളത്തിലേക്കായിരുന്നു യാത്ര. പല സ്ഥലങ്ങളും സന്ദർശിച്ച ശേഷം ഒരു ദിവസം ചെറായി ബീച്ചിലെത്തി. അവിടെയുള്ള ഒരു റിസോർട്ടിലായിരുന്നു താമസം. വീട്ടുകാർ ബീച്ചിലേക്കു പോയെങ്കിലും താൽപര്യമില്ലാതെ മനു റിസോർട്ടിലെ മുറിക്കുള്ളിലിരുന്നു. അപ്പോഴാണു വെള്ളം കുടിക്കാനായി, മുറിയിലിരുന്ന ജഗ് മനു കൈയിലെടുത്തത്.

ഷൂട്ടിങ് താരങ്ങൾ പരിശീലനത്തിന്റെ ഭാഗമായി വെള്ളം നിറച്ച ജഗ് പോലെയുള്ള സാധനങ്ങൾ കൈയിലെടുത്ത് പൊക്കാറുണ്ട്. ഹോൾഡിങ് പ്രാക്ടിസ് എന്നാണ് അതിനെ വിളിക്കുന്നത്. റിസോർട്ട് മുറിയിലെ വെള്ളപ്പാത്രം കൈയിലെടുത്തപ്പോൾ മനു തിരിച്ചറിഞ്ഞു, താൻ ഇങ്ങനെ തോറ്റു പിന്മാറേണ്ടവളല്ല എന്ന്. ടോക്കിയോയിൽനിന്ന് മടങ്ങിയെത്തിയശേഷം ഒരു മാസത്തോളം തോക്ക് കൈയിലെടുക്കാതിരുന്ന മനു അടുത്ത ദിവസം ഡൽഹിയിലേക്കു മടങ്ങി. റേഞ്ചിൽ പോയി പരിശീലനം പുനരാരംഭിച്ചു. 

വായനയാണ് കരുത്ത്

പരന്ന വായനയാണു മനുവിന്റെ മനക്കരുത്ത്. ‘ചരിത്രത്തിൽനിന്ന് നിങ്ങൾ എന്നെ എഴുതിത്തള്ളിയേക്കും... കള്ളത്തരങ്ങളും പൊളിവചനങ്ങളും പരത്തി എന്നെ ചെളിക്കുഴിയിൽ താഴ്ത്തിയേക്കും... പക്ഷേ, പൊടിപടലം പറന്നുയരുന്നതുപോലെ ഞാനും പാറിപ്പറക്കും... ’ മയ എയ്ഞ്ചലോയുടെ ‘സ്റ്റിൽ ഐ റൈസ്’ എന്ന കവിതയിലെ ഈ വാക്കുകൾ തനിക്കു സമ്മാനിച്ചതു വലിയ പ്രചോദനമാണെന്നു മനു ഭാക്കർ എല്ലായ്പ്പോഴും പറയും. ദിവസവും ഭഗവദ്‌ഗീത വായിക്കും. ഗീതയെ ഉദ്ധരിച്ചാണു പലപ്പോഴും മനു മനസ്സ് തുറക്കുന്നതും. പാരിസിൽ ആദ്യത്തെ മെഡൽ നേടിയശേഷവും മനു പറഞ്ഞു: ‘എന്നെക്കൊണ്ടു ചെയ്യാൻ പറ്റുന്നതു ഞാൻ ചെയ്യുന്നു. ബാക്കിയെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു. ഇതാണു ‍ഞാൻ എല്ലായ്പ്പോഴും ചെയ്യുന്നത്. വിധിയെ തടുക്കാൻ നമുക്കാർക്കും കഴിയില്ല. അതിനെ നിർണയിക്കാനും നമുക്കു കഴിയില്ലല്ലോ...’ 

ഷാറ്റുറൂ ഷൂട്ടിങ് റേഞ്ചിലെ ഫൈനലുകളിലൊന്നിൽ, ഏകാഗ്രതയോടെ നിന്ന്, കൈ പോക്കറ്റിൽ തിരുകി, 140 കോടി ജനങ്ങളുടെ സ്വപ്നത്തിലേക്കു നിറയൊഴിക്കുന്ന മനുവിനെ കണ്ടു. ഉന്നം തെറ്റാതെ ആ തിരകൾ വെങ്കലത്തിൽ തട്ടിയപ്പോൾ, തോക്ക് താഴെ വച്ച് അവൾ തിരിഞ്ഞു... അഭിമാനവും സന്തോഷവും ആ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു... മൂന്നുവർഷം മുൻപു കണ്ണീർത്തുള്ളികൾ ഒഴുകിയിറങ്ങിയ മുഖത്ത് ആശ്വാസത്തിന്റെ മിന്നലാട്ടം. കാലത്തിന്റെ കാവ്യനീതി... കണ്ണീരിൽ മുങ്ങിയ നാളുകൾക്കു വിട; മനു ഇനി ഇന്ത്യയുടെ വീരപുത്രി... 

English Summary:

Manu Bhaker India's heroic daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com