ADVERTISEMENT

ഈ ഓർമകളെയെല്ലാം ജോസഫ് എന്ന ഒറ്റ പേരിട്ടു വിളിക്കാം. കാരണം, 1946ൽ നാട്ടിലെത്തിയ ശേഷം, 1988ൽ മരിക്കുന്നതു വരെ അദ്ദേഹം ഇടയ്ക്കിടെ, സ്വയമറിയാതെ ഈ ഓർമകളിലേക്കു തിരികെപ്പോകുമായിരുന്നു. ജയിൽ‌ വാർഡന്റെ ബൂട്ടിന്റെ ശബ്ദം ഓർമയിലെത്തി ഉറക്കത്തിൽ ഞെട്ടിയുണർന്നു. പിച്ചളപ്പാത്രത്തിൽ ചോറിടാനെത്തുന്ന വാർഡനെ ഓർത്ത് ആശ്വസിച്ചു. തോക്കിന്റെ ബയണറ്റ് കൊണ്ടു നെഞ്ചിലേറ്റ കുത്തിന്റെ വേദനയിൽ ഇടയ്ക്കു കരഞ്ഞു. താൻ‌ മരിച്ചെന്ന വാർത്തയറിഞ്ഞു വീട്ടുകാർ പൊട്ടിക്കരയുകയായിരുന്നു എന്നു കേട്ടപ്പോൾ, ജോസഫ് ഓർത്തത്, ഒന്നു മരിച്ചെങ്കിൽ എന്നാശിച്ച് ഏകാന്ത തടവിന്റെ സംഘർഷത്തിൽ കഴിയുകയായിരുന്നല്ലോ അക്കാലത്ത് താൻ എന്നാണ്.

പിന്നീട്, ആ കാതിൽനിന്നു ശബ്ദം പിണങ്ങി നിന്നപ്പോൾ ഡോക്ടർമാർ പറഞ്ഞു, ചെകിടടച്ച് അടി കൊണ്ടതിന്റെയാണെന്ന്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്കുള്ള താമ്രപത്രം ഇന്ദിരാഗാന്ധിയിൽ നിന്ന് സ്വീകരിക്കാൻ ഡൽഹി വരെ പോകണമെന്നതിനാൽ ജോസഫ് പോയില്ല. തൃശൂരിൽ അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരനിൽ നിന്ന് പിന്നീട് അതു സ്വീകരിക്കുമ്പോൾ ജോസഫ് ചിരിച്ചിരിക്കണം. കാരണം, ജപ്പാനുമായി ചേർന്നു യുദ്ധം ചെയ്തതിനു ബ്രിട്ടിഷുകാർ താനടക്കമുള്ളവരെ ഒരു പേരു വിളിച്ചിരുന്നു – രാജ്യദ്രോഹി.

പോരാട്ടം

1914ൽ കുട്ടനാട് പുളിങ്കുന്നിൽ ജനിച്ച ജോസഫ് ഇളംപ്രക്കോട്ട് പതിനെട്ടാമത്തെ വയസ്സിൽ ക്വാലലംപുരിലെത്തി അവിടെ മെത്തഡിസ്റ്റ് സ്കൂളിൽ താൽക്കാലിക അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അവിടെ വച്ചാണ് ജാപ്പനീസ് പഠിക്കുന്നത്. 

ഐഎൻഎ രൂപീകരിച്ച ശേഷം നേതാജി സിംഗപ്പൂരിലെത്തിയപ്പോൾ, അദ്ദേഹത്തെ കേൾക്കാൻ ജോസഫ് മാത്രമല്ല, അവിടെയുള്ള ഇന്ത്യക്കാരെല്ലാം പോയിരുന്നു. കൊൽക്കത്തയിലെ വീട്ടുതടങ്കലിൽ നിന്നു ബ്രിട്ടിഷ് പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് പല രാജ്യങ്ങളിലേക്കു പോയി, അവസാനം സിംഗപ്പൂരിൽ എത്തിയ ആ മനുഷ്യനെ ഒന്നു കാണുന്നതു തന്നെ അവർക്ക് ആവേശം നൽകുന്നതായിരുന്നു. ഗറില്ലാ യുദ്ധത്തിനു തയാറാകാൻ ബർമയിലെ റംഗൂണിലുള്ള  ഐഎൻഎ ഹെഡ് ക്വാർട്ടേഴ്സിൽ എത്താനുള്ള സന്ദേശം ലഭിച്ചപ്പോൾ ജോസഫ് അടക്കമുള്ളവർ അങ്ങോട്ടു പോയത്, യുദ്ധത്തെക്കാൾ വലിയ ത്യാഗം സഹിച്ചാണ്. കുത്തിയൊഴുകുന്ന നദിയിൽ ചങ്ങാടത്തിൽ കയറിപ്പോകവെ ബ്രിട്ടിഷ് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറന്നതും മറ്റും ജോസഫ് പിന്നീട് ഓർമയിൽ നിന്നു ചികഞ്ഞെടുത്തിട്ടുണ്ട്. അതൊന്നും വലിയ ത്യാഗമായി അവരാരും കരുതിയിരുന്നില്ല. കാരണം, അവരുടെ ഉള്ളിൽ ഒരു മോഹം മാത്രമേ ഉണ്ടായിരുന്നുള്ളു– സ്വാതന്ത്ര്യം.

joseph-cartoon-JPG

റംഗൂണിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് കൂടെയുള്ളവരെയെല്ലാം യുദ്ധമുറകൾ പരിശീലിപ്പിച്ചപ്പോൾ ജോസഫിനെ മാത്രം മാറ്റിനിർത്തി. നേതാജിയുടെ സന്തത സഹചാരിയായ കേണൽ ഷാനവാസ് ഖാൻ, തുടരെത്തുടരെ ചോദ്യങ്ങൾ ചോദിച്ചു. നിരാശനായി നിന്ന ജോസഫിനോട് അവസാനം കേണൽ പറഞ്ഞു, ജാപ്പനീസ് വശമില്ലാത്ത നേതാജിക്ക് ഒരു ദ്വിഭാഷിയുടെ സേവനം ആവശ്യമുണ്ട്. ആ ചുമതല ജോസഫിനെ ഏൽപ്പിക്കുകയാണ്. 

ജപ്പാൻ സൈന്യവും ബ്രിട്ടിഷ് സൈന്യവും ഏറ്റുമുട്ടിയപ്പോൾ ഐഎൻഎ ഭടന്മാരും യുദ്ധത്തിന്റെ ഭാഗമായി. ബ്രിട്ടിഷുകാരുടെ ആക്രമണം ഐഎൻഎക്കാരെ ലക്ഷ്യം വച്ചായപ്പോൾ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ നിർദേശം ലഭിച്ചു. റംഗൂണിൽ നിന്ന് ഇന്ത്യയിലേക്കു കാൽനടയായി ആയിരുന്നു രക്ഷപ്പെടൽ. അകമ്പടിയായി ഉണ്ടായത്, ബോംബിങ്ങും വെടിയൊച്ചകളും; പിന്നെ വഴിയിലെങ്ങും വീണുകിടക്കുന്ന മനുഷ്യശരീരങ്ങളും.

നടത്തത്തിനിടെ ബർമയിലെ ഗ്രാമത്തലവന്റെ വീട്ടുവരാന്തയിൽ കിടന്ന ജോസഫ്, ഉണരുന്നത് തോക്കിന്റെ പാത്തി കൊണ്ടുള്ള അടി കൊണ്ടിട്ടാണ്. ആ അടി തന്ന മയക്കം വിട്ടുണരുമ്പോൾ പട്ടാളട്രക്കിൽ റംഗൂൺ സെൻട്രൽ ജയിലിലേക്കുള്ള യാത്രയിലായിരുന്നു.

തടവ്, ഇരുട്ട്...

റംഗൂൺ സെൻട്രൽ ജയിലിൽനിന്നു പല അജ്ഞാത കേന്ദ്രങ്ങളിലേക്കു ജോസഫ് മാറ്റപ്പെട്ടു. ഒരു പുലർച്ചെ, വസ്ത്രങ്ങൾ മാറ്റിച്ചു തടവറയ്ക്കു പുറത്തേക്കു കയ്യാമം വച്ചു കൊണ്ടുവന്നപ്പോൾ ജോസഫ് കരുതിയത്, തൂക്കിക്കൊല്ലാൻ പോകുകയാണ് എന്നാണ്. പക്ഷേ, അല്ല, അവിടെനിന്ന് കപ്പലിൽ കയറ്റി ബംഗാളിലെ ജിഗർകച്ച എന്ന ക്യംപിലേക്കു കൊണ്ടു പോരുകയായിരുന്നു. അവിടെ ഏകാന്തവാസം–കേജ് നമ്പർ 3.

ഒരു നേരം മാത്രമാണ് ആഹാരം. അഴിയിൽ ലാത്തിയുടെ ശബ്ദം കേൾക്കുമ്പോൾ പിച്ചളപ്പാത്രം നീക്കിവയ്ക്കണം. അതിൽ ചോറും കറിയും ഒഴിച്ചുതരും. ആകെ ജീവിതത്തിൽ കാണുന്ന മനുഷ്യൻ, ഭക്ഷണം വിളമ്പിത്തരാൻ വരുന്ന വാർഡൻ മാത്രം. വെളിച്ചം അകത്തേക്കു കടക്കാത്തതിനാൽ രാവെന്നോ പകലെന്നോ അറിയില്ല. വിശക്കുമ്പോൾ പിച്ചളപ്പാത്രം കമ്പിയിലടിച്ചു ശബ്ദം ഉണ്ടാക്കും. അപ്പോൾ വാർഡൻ ഓടിവരും. ഭക്ഷണത്തിന്റെ സമയമാണെങ്കിൽ ഭക്ഷണം കിട്ടും. അല്ലെങ്കിൽ ബയണറ്റ് കൊണ്ട് കുത്ത് കിട്ടും.

ഏകാന്തതയുടെ പേടിപ്പെടുത്തലിൽ ജോസഫ് വേദന മറന്നു. മർദിക്കാനെങ്കിലും വാർഡൻ വന്നാൽ മതി എന്നു കൊതിച്ചു. മർദനത്തിന്റെ വേദനയിലും ചിരിച്ചത് അടുത്തൊരാൾ ഉണ്ടല്ലോ എന്നാശ്വാസത്തിലായിരുന്നു. ആ ആശ്വാസം മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടായതിനാൽ എളുപ്പത്തിൽ ഭ്രാന്ത് എന്നു വിളിക്കാം. ഇതിനിടെ, ജോസഫ് മരിച്ചതായി വീട്ടിലേക്കു സന്ദേശം പോയി. ആ കുടുംബം തളർന്നു. വീട്ടിലെ 14 മക്കളിൽ ഇളയവനായിരുന്നു ജോസഫ്.

മാസങ്ങൾക്കു ശേഷം ജിഗർകച്ചയിൽ നിന്ന് നിലാഗഞ്ച് ക്യാംപിലേക്കു കൊണ്ടുപോകാൻ ജോസഫിനെ കേജ് 3ൽ നിന്ന് പുറത്തിറക്കി. വെളിച്ചം കണ്ണിൽ തട്ടിയപ്പോൾ പുളിപ്പനുഭവപ്പെട്ടതായാണ് ജോസഫ് ഇതേപ്പറ്റി മക്കളോടു പിന്നീട് പറഞ്ഞിട്ടുള്ളത്. നിലാഗഞ്ച് ക്യാംപിൽ വച്ച്  1946 ഏപ്രിലിലാണ്  ജോസഫിനെ മോചിപ്പിക്കാനുള്ള ഉത്തരവ് വരുന്നത്. അതിനിടെ മരണവാർത്ത തെറ്റാണെന്നു കാണിച്ചു വീട്ടിലേക്ക് അടുത്ത സന്ദേശം പോയിരുന്നു. പക്ഷേ, അപ്പോഴേക്കും മകന്റെ മരണവാർത്ത അറിഞ്ഞ വേദനയോടെ അച്ഛനും അമ്മയും മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു.

മോചനം, ജീവിതം 

മോചിപ്പിക്കപ്പെടുമ്പോൾ, ഭക്ഷണം കഴിച്ചിരുന്ന പാത്രം കയ്യിൽ വയ്ക്കാൻ ജോസഫ് അനുമതി തേടി. ഐഎൻഎ സമര ഭടന്മാരെയെല്ലാം വിവിധ ക്യാംപുകളിൽ നിന്ന് റംഗൂണിലെ ഹെഡ് ക്വാർട്ടേഴ്സിൽ എത്തിച്ച് അവിടെ നിന്നാണ് സ്വതന്ത്രരാക്കുന്നത്. റംഗൂണിൽ നിന്ന് മിലിറ്ററി ട്രക്കിൽ ഒരു നദിക്കരയിലെത്തിച്ചു. അവിടെനിന്ന് ചങ്ങാടത്തിൽ മറുകര എത്തി. ശേഷം നടത്തം. മൈലുകൾ താണ്ടിയുള്ള നടത്തത്തിൽ കാൽപാദങ്ങൾ പൊട്ടി. പട്ടിണി കൊണ്ടും വേദന കൊണ്ടും എവിടെയൊക്കെയോ കിടന്നു. ദിമാപുരിൽ വച്ച് ക്ഷീണിതനായി വീണ അദ്ദേഹത്തെ മിലിറ്ററി ഡോക്ടർക്കടുത്തെത്തിച്ചു. ചികിത്സയ്ക്കു ശേഷം അവർ ട്രെയിൻ കയറ്റി വിട്ടു. ചങ്ങനാശേരി വന്നിറങ്ങിയത് രാത്രി. ആറു നീന്തിക്കടന്നു വീട്ടിലേക്ക്.

‌നാട്ടിലെത്തിയ ശേഷവും ഏറെക്കാലം ഈ ഓർമകൾ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. വേദനയും പട്ടിണിയും സഹിച്ച ദിനരാത്രങ്ങൾ ഞെട്ടലായി. ബോംബ് സ്ഫോടനങ്ങളും വെടിയൊച്ചകളും വീണ്ടും വീണ്ടും കാതിൽ മുഴങ്ങുന്നതുപോലെ...

പക്ഷേ, അതിന്റെ പേരിൽ തളർന്നിരിക്കാൻ അദ്ദേഹം തയാറായില്ല. ആലപ്പുഴ ബസ് സ്റ്റാൻഡിനു സമീപം സ്റ്റേറ്റ് ഹോട്ടൽ തുടങ്ങുന്നത് അങ്ങനെയാണ്. ബ്രിട്ടിഷ് പൊലീസിൽ അസി. പൊലീസ് സൂപ്രണ്ട് ആയിരുന്ന തൃശൂരിലെ ഡബ്ല്യു.ആർ.പീറ്റേഴ്സിന്റെ മകൾ ആനിയെ വിവാഹം കഴിച്ച ശേഷം തൃശൂരിലെത്തിയ ജോസഫ് പഴയ അധ്യാപകന്റെ റോൾ ഒന്നുകൂടി എടുത്തണിയണമെന്നു തീരുമാനിച്ചു. തൃശൂർ അരിയങ്ങാടിയിൽ വർക്കേഴ്സ് ട്യൂട്ടോറിയൽ കോളജ് തുടങ്ങി. അവിടുത്തെ ഇംഗ്ലിഷ് അധ്യാപകനും പ്രിൻസിപ്പലും ജോസഫ് തന്നെ.

കേരള കോൺഗ്രസിൽ ചേർന്നു പൊതുപ്രവർത്തനം തുടർന്നു. സ്വാതന്ത്ര്യ സമര സേനാനികൾക്കു താമ്രപത്രം സമർപ്പിക്കുമ്പോൾ അതേറ്റു വാങ്ങാൻ ഇന്ദിരാഗാന്ധിയുടെ ഓഫിസിൽനിന്ന് ക്ഷണം ലഭിച്ചെങ്കിലും ജോസഫിനു പോകാനായില്ല. പിന്നീട്, 1972ലെ സ്വാതന്ത്ര്യദിനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ കെ.കരുണാകരനാണ് അത് ജോസഫിനു സമർപ്പിച്ചത്. അതിനുശേഷം, സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷനും കിട്ടിത്തുടങ്ങി. ജയിലി‍ൽ അനുഭവിച്ച പീഡനങ്ങൾ ശാരീരികമായും അദ്ദേഹത്തെ ബാധിച്ചിരുന്നു. ചെവി കേൾക്കാൻ ബുദ്ധിമുട്ടായിത്തുടങ്ങിയത് പഴയ പീഡനങ്ങളുടെ ബാക്കിയാണെന്നു ഡോക്ടർമാർ കണ്ടെത്തി. 74ാം വയസ്സിൽ 1988 ഫെബ്രുവരി 29ന് അദ്ദേഹം വേദനകളോടും ഓർമകളോടും വിട പറഞ്ഞു.

രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷവും തടവറകളുടെ ഓർമകളിൽ ജീവിക്കേണ്ടി വന്ന പോരാളികളുടേതു കൂടിയാകുന്നു ഈ സ്വാതന്ത്ര്യം. ഓർമകൾ അവർക്കു നല്ലതായിരുന്നില്ല. നമുക്ക് പക്ഷേ, ഓർമകൾ ഉണ്ടായിരിക്കണം.

English Summary:

Sunday special about freedom fighter Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com