ADVERTISEMENT

‘ചാഞ്ചക്കം ചാഞ്ചക്കം 
ചന്ദനപ്പാവ കളിപ്പാവ 
പാവക്കുഞ്ഞേ പാവക്കുഞ്ഞേ 
പഞ്ചാരയുമ്മ നല്ലൊരു 
പഞ്ചാരയുമ്മ’ 

തിരൂരിലെ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പാടിയ ഈ പാട്ട്, ബീന ടീച്ചർ ഇപ്പോഴും ഒരു വരി പോലും മറക്കാതെ പാടും. പാട്ടും പാഠവുമെല്ലാം കഥാപാത്രങ്ങളായി തന്റെ മുന്നിലുള്ള കുട്ടികളുടെ മനസ്സിലേക്കു പറത്തി വിടും. കാരണം, അഭിനയത്തെ ടീച്ചർ സ്നേഹിക്കുകയല്ല, മറിച്ച് അഭിനയം ടീച്ചറിനെ സ്നേഹിക്കുകയാണ്. 

ആറാം വയസ്സിൽ ‘ ചാഞ്ചക്കം ചാഞ്ചക്കം’ എന്ന പാട്ടിനൊപ്പം തുടങ്ങിയ ബീനയുടെ അഭിനയജീവിതം ഇപ്പോൾ എത്തി നിൽക്കുന്നത് സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടിക്കുള്ള പുരസ്കാര നേട്ടത്തിലാണ്. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ച ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന സിനിമയിലെ വേഷത്തിനായിരുന്നു പുരസ്കാരം. ഉർവശിക്കൊപ്പം മികച്ച നടിയായി ബീന ആർ.ചന്ദ്രൻ എന്ന പേരു പ്രഖ്യാപിച്ചപ്പോൾ ആരാണത് എന്നാണ് മിക്കവരും അന്വേഷിച്ചത്. അതിനുള്ള ഉത്തരം ഇതാണ്: ‘നാടക പ്രവർത്തകയായ അധ്യാപിക’; പട്ടാമ്പി പരുതൂർ സ്വദേശിയായ ബീന ആർ.ചന്ദ്രന്റെ ജീവിതം ഇതാണ്. 

‘കല’യുടെ കൈപിടിച്ച ബാല്യം 

ഒന്നാം ക്ലാസ് മുതൽ സ്റ്റേജിൽ കയറിയും രണ്ടാം ക്ലാസ് മുതൽ നൃത്തം പഠിച്ചും തുടങ്ങിയതാണ് ബീനയുടെ കലാജീവിതം. നാലാം ക്ലാസ് മുതൽ കഥാപ്രസംഗ വേദികളിലെയും താരമായി. ഒപ്പം, മിമിക്രിയും മോണോ ആക്ടും. സ്കൂളിൽ പഠിക്കുമ്പോൾ ബീനയുടെയും കൂട്ടുകാരുടെയും ഒഴിവു സമയ വിനോദമായിരുന്നു നാടകാവതരണം. സ്വന്തമായി മെനഞ്ഞെടുക്കുന്ന കഥകളിൽ അവർ നായികാ നായകന്മാരായി. 

പട്ടാമ്പി സംസ്കൃത കോളജിൽ പ്രീഡിഗ്രിക്കു ചേർന്നപ്പോഴാണ് ബീന ‘യഥാർഥ’ നാടകത്തിലേക്കിറങ്ങുന്നത്. കോളജിൽ സാറാ ജോസഫിന്റെ നേതൃത്വത്തിൽ തിയറ്റർ സജീവമായി പ്രവർത്തിക്കുന്ന കാലം. ഭാസന്റെ ‘കർണഭാരം’ സംസ്കൃത നാടകത്തിലായിരുന്നു തുടക്കം. പിജി കാലം വരെ സർവകലാശാല മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുകയും വിജയിയാവുകയും ചെയ്തു. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിൽ ബിഎസ്‌സി ബോട്ടണിക്കു പഠിക്കുമ്പോൾ, പൊക്കം കൂടുതലായിരുന്നതിനാൽ പുരുഷ കഥാപാത്രങ്ങളായിരുന്നു കൂടുതലും ചെയ്തിരുന്നത്. കോഴിക്കോട് ദേവഗിരി കോളജിലെ പിജി പഠന കാലത്ത് ആകാശവാണി ആർട്ടിസ്റ്റായി. കാലിക്കറ്റ് സർവകലാശാലയിലെ കലാപ്രതിഭയായാണു കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്നു ബിഎഡ് പൂർത്തിയാക്കിയത്. 

അധ്യാപനം ആഗ്രഹം

മാതാപിതാക്കളായ രാമചന്ദ്രനും ശാന്തകുമാരിയും അധ്യാപകരായതിനാൽ അധ്യാപനം തന്നെയായിരുന്നു ബീനയുടെയും പഠനലക്ഷ്യം. ബിഎഡ് കഴിഞ്ഞ ഉടനെയായിരുന്നു കുടുംബസുഹൃത്തായ കെ.എം.വിജയകുമാറുമായുള്ള വിവാഹം. 1995ൽ പരുതൂർ സിഇയുപി സ്കൂളിൽ ജോലിയിൽ പ്രവേശിച്ചതോടെ കുട്ടികളുടെ ബീന ടീച്ചറായി. പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം കുട്ടികളെ അരങ്ങിലെത്തിക്കുന്നതും ജീവിതത്തിന്റെ ഭാഗമായി. സ്വന്തം സ്കൂളിലെയും നാട്ടിലെയും കുട്ടികളെ നാടകവും മിമിക്രിയും മോണോ ആക്ടുമെല്ലാം പഠിപ്പിച്ച് തനിക്കൊപ്പം വഴി നടത്തി. കലോത്സവ കാലമെത്തിയെന്നു പട്ടാമ്പിക്കാർ അറിയുന്നത് ടീച്ചറുടെ വീട്ടിലെ ഉത്സവസമാനമായ അന്തരീക്ഷം കണ്ടിട്ടായിരുന്നു. 

നാടകത്തിലേക്ക് ‘റീ എൻട്രി’ 

10 വർഷത്തെ ഇടവേളയ്ക്കു ശേഷം ബീന വീണ്ടും അമച്വർ നാടകവേദിയിലെത്തിയതു യാദൃച്ഛികമായിട്ടാണ്. കോളജ് കാലത്ത് നാടകാവതരണത്തിൽ ഒപ്പമുണ്ടായിരുന്ന ശ്രീജ ആറങ്ങോട്ടുകരയെ വിളിക്കാനിടയായതാണ് അരങ്ങിലേക്കു വീണ്ടും വഴി തുറന്നത്. ശ്രീജയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാടകസംഘത്തിൽ പൂക്കാരിയുടെ വേഷത്തിൽ വീണ്ടുമൊരു തുടക്കം. ആ തിരിച്ചു വരവിൽ ബീനയെക്കാളേറെ സന്തോഷം കലയെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഭർത്താവ് വിജയകുമാറിന്റെ കുടുംബത്തിനായിരുന്നു. 

തുടർന്ന് കലാപാഠശാല ആറങ്ങോട്ടുകര, തൃശൂർ നാടക സൗഹൃദം, അമ്പിളി കലാസമിതി വട്ടംകുളം, പൊന്നാനി നാടകവേദി, കാറൽമണ്ണ നാട്യശാസ്ത്ര തുടങ്ങിയ സംഘങ്ങളുടെ നാടകവേദികളിൽ സജീവ സാന്നിധ്യമായി. വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’, എം.ടി.യുടെ ‘നാലുകെട്ട്’, ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’, ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ ‘വസ്തുകര’ തുടങ്ങിയ കൃതികളുടെ നാടകാവതരണത്തിന്റെ ഭാഗമായി. സ്വന്തം നാടകാവതരണത്തിനൊപ്പം സഹോദരിയുടെ മക്കളെയും ഭർതൃസഹോദരങ്ങളുടെ മക്കളെയും നാടകത്തിന്റെയും അഭിനയത്തിന്റെയും ലോകത്തേക്കു കൈപിടിച്ചു. 

ഒറ്റ ഞാവൽ മരമായി 

ചലച്ചിത്ര മേളയിൽ പുരസ്കാരം ലഭിച്ചതിനു ശേഷം അതിഥിയായി വിളിക്കുന്ന വേദികളിൽ പ്രസംഗിക്കാൻ മടിച്ച ടീച്ചർ തന്റെ വാക്കുകൾ മറ്റുള്ളവരിലേക്കെത്തിക്കാൻ ഒരുക്കിയ ഏകപാത്ര നാടകമാണ് ‘ഒറ്റ ഞാവൽ മരം’. മാധവിക്കുട്ടിയുടെ ‘വേനലിന്റെ ഒഴിവ്’ എന്ന കഥയെ ആസ്പദമാക്കിയുള്ള അവതരണം. സംസ്ഥാന പുരസ്കാരം ലഭിച്ചതിനു ശേഷവും ബീന എന്ന ‘ഒറ്റ ഞാവൽ മരം’ ഒരു മാറ്റവുമില്ലാതെ പുതിയ വേദികളിലേക്കു വളരുകയാണ്. സിനിമ എന്ന പുതിയ ചില്ലയ്ക്ക് ഈ മരത്തിൽ ഇടമുണ്ടാകുമെങ്കിലും കുട്ടികൾ, നാടകം എന്ന വേരുകൾ വിട്ട് എവിടെയും പോകില്ല എന്ന ഉറപ്പോടെ. 

സിനിമയിലേക്കുള്ള ‘എൻട്രി’ 

നടൻ മണികണ്ഠൻ പട്ടാമ്പിയാണ് ബീനയെ സിനിമയിലേക്കു ക്ഷണിക്കുന്നത്. ‘ഉണരൂ’ എന്ന ടെലിഫിലിമിലൂടെ അരങ്ങേറ്റം. ‘അനുഭവങ്ങൾ’, ‘തട്ടുംപുറത്തപ്പൻ’, ‘ക്രൈം നമ്പർ 89’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പിന്നീട് ഫാസിൽ റസാഖിന്റെ ‘അതിര്’, ‘പിറ’ തുടങ്ങിയ ഷോർട്ട് ഫിലിമുകൾ ചെയ്തു. അതിനു ശേഷം ഫാസിൽ ‘തടവ്’ തിരക്കഥയുമായി സമീപിച്ചു. സമ്മതം അറിയിച്ചതും തുടർന്ന് സിനിമയുടെ കാസ്റ്റിങ് ഡയറക്ടറായതും ചിത്രീകരണവും എല്ലാം പെട്ടെന്നായിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയിലും ‘തടവി’ലെ പ്രകടനത്തിനു ടീച്ചർക്ക് പുരസ്കാരം ലഭിച്ചിരുന്നു. 

English Summary:

Sunday Special about Beena R Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com