ADVERTISEMENT

ഉത്രാടപ്പാച്ചിലിന്റെ ഓർമ എനിക്കു സദ്യവട്ടത്തിന്റെയോ മധുരത്തിന്റെയോ അല്ല. പൊലീസിന്റെ ഇടിവണ്ടി വരുന്ന ശബ്ദമോ അവരുടെ വിസിൽമുഴക്കമോ ഒരച്ഛനെയും രണ്ടു മക്കളെയും അവർ പിടികൂടിക്കൊണ്ടുപോകുന്ന ക്രൂരദൃശ്യമോ ആണ്. ഞാനന്ന് അപ്പർകുട്ടനാട്ടിലെ ഓഫിസിൽ ജോലി ചെയ്യുകയാണ്. സഹപ്രവർത്തകയായ *ദേവിയെ മറക്കാനാവില്ല. ചെറിയ കുടുംബമായിരുന്നു ദേവിയുടേത്. അച്ഛനും അമ്മയും രണ്ടു സഹോദരൻമാരും. ദേവിയും സഹോദരങ്ങളും വിവാഹിതരായിരുന്നില്ല. 

നാട്ടിൻപുറമല്ലേ. അയൽവീടുമായി ഒരു വഴക്കിന്റെ അസ്വാരസ്യം അവർക്കുണ്ടായിരുന്നു. പലവട്ടം കേസും കൂട്ടവുമായി. ഉത്രാടദിവസം സാധനങ്ങളും വാങ്ങി അച്ഛനും ആൺമക്കളും വീട്ടിലേക്കു വരികയാണ്. റോഡിൽനിന്നു പാടം കടന്നുവേണം വീട്ടിലെത്താൻ. ഇടയിലൊരു വാഴത്തോട്ടമുണ്ട്. അവിടെ പതുങ്ങിനിന്ന പൊലീസ് ചാടിവീണു. കൊടുംകുറ്റവാളികളെയെന്ന പോലെ അച്ഛനെയും മക്കളെയും ഇടിവണ്ടിയിലേക്കു തള്ളിക്കയറ്റി.

ഇതൊന്നും ദേവിയോ അമ്മയോ അറിഞ്ഞില്ല. തിരുവോണമുണ്ണാൻ അവർ കാത്തിരിക്കുകയാണ്. ആ ഓണത്തിനെന്നല്ല, അടുത്തെങ്ങും അവർ വന്നില്ല. പാടവരമ്പിലോ വാഴത്തോട്ടത്തിലോ നായ കുരയ്ക്കുന്നതോ ആൾപെരുമാറ്റമോ ഭയന്ന് അവർ ‍ഞെട്ടിയുണർന്നു. ജയിലിലായ ഭർത്താവിനെയും മക്കളെയും കാത്തിരുന്ന്, സമനില പാളി ആ അമ്മ മരിച്ചു. 

വൈകാതെ കുട്ടനാട്ടിൽനിന്ന് ഞാൻ കൊച്ചിയിലെ ഓഫിസിലേക്കു മാറുമ്പോഴും ആ സങ്കടങ്ങളിലായിരുന്നു ദേവി. തനിച്ചുള്ള താമസം മതിയാക്കി ദേവി ലേഡീസ് ഹോസ്റ്റലിലേക്കു മാറിയെന്ന് അറിഞ്ഞു. എല്ലാവരുമുണ്ടായിട്ടും നന്നേ തനിച്ചായിപ്പോയ ദേവിയെ ഞാനിപ്പോഴും ഓർക്കാറുണ്ട്. ദേവിയുടെ സഹോദരങ്ങൾ ജീവിതത്തിലേക്കു തിരികെയെത്തിയോയെന്ന് എനിക്കറിയില്ല. ജീവിതം അങ്ങനെയാണ്, ഓർത്തും മറന്നും കാലം ഒഴുകിപ്പോയി.അതിൽപിന്നെ ഉത്രാടപ്പാച്ചിലെന്ന വാക്ക് എന്നിൽ ഒട്ടും ആഹ്ലാദം നിറച്ചിട്ടില്ല. 

(*ദേവി സാങ്കൽപിക പേരാണ്) 

  (കെഎസ്ഇബിയിൽനിന്ന് സബ് എൻജിനീയറായി വിരമിച്ചു. കർക്കടകത്തിലെ കാക്കകൾ, രാത്രികളുടെ രാത്രി, യന്ത്രസരസ്വതീ നിലയം എന്നിവയടക്കം കഥാസമാഹാരങ്ങളും രാജാക്കൻമാരുടെ പുസ്തകം എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.) 

English Summary:

KA Sebastian about onam memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com