നജ്മുൾ, നിനക്കായി ആ ഓണം
Mail This Article
2013ലാണ് ഒരു കുടുംബസുഹൃത്ത് വഴി നജ്മുളിനെ ഞങ്ങൾ പരിചയപ്പെടുന്നത്.‘അസാമിയാ.എന്തു പണിയും എടുത്തോളും. മലയാളവും അറിയാം.’ സുഹൃത്ത് പറഞ്ഞു. ഓഫിസിലെയും വീട്ടിലെയും ക്ലീനിങ് ജോലിക്ക് മാസത്തിൽ രണ്ടുവട്ടം നജ്മുൾ വന്നുതുടങ്ങി. സുഹൃത്ത് പറഞ്ഞതു ശരിതന്നെ. നല്ലൊരു മനുഷ്യനായിരുന്നു നജ്മുൾ; കഠിനാധ്വാനി.
-
Also Read
ഉള്ളതു കൊണ്ട് കടലിലോണം...
അക്കൊല്ലം തിരുവോണത്തലേന്ന് ഞാനും ഭർത്താവ് ബിജുവും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ്. എല്ലാവരും ഉത്രാടപ്പാച്ചിലിലാണ്. സദ്യയ്ക്കുള്ള പച്ചക്കറിയും മറ്റും വാങ്ങാനായി റോഡരികിൽ കാറൊതുക്കിയപ്പോഴാണ് കാഴ്ച. തല പൊട്ടി ചോരയൊഴുകി ഒരാൾ. ‘നമ്മുടെ നജ്മുളല്ലേ, അത്...’ വഴിയാത്രക്കാർ ആരും അയാളെ ശ്രദ്ധിച്ചില്ലെങ്കിലും എനിക്ക് ആളെ പിടികിട്ടി.
പെട്ടെന്നൊരു തലകറക്കം ഉണ്ടായെന്നും വീണുപോയെന്നും തളർച്ചയോടെ നജ്മുൾ പറഞ്ഞു. ഞങ്ങൾ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണെന്ന് നജ്മുളിന് അറിയാം. അതിന്റെ ആശ്വാസം മുഖത്തു കണ്ടു. രക്തം വാർന്നു പോകുന്നുണ്ട്. ആലോചിക്കാൻ നേരമില്ല. നജ്മുളിനെ കൂട്ടി നേരെ ആശുപത്രിയിലേക്ക്. പോകുംവഴി കുടുംബസുഹൃത്തിനോടു കാര്യം പറഞ്ഞു. നജ്മുളിന്റെ സഹോദരനെ കൂട്ടി ഉടനെ വരാമെന്ന് മറുപടി. പരിശോധന കഴിഞ്ഞ് നജ്മുളിനെ ഒബ്സർവേഷൻ വിഭാഗത്തിലേക്കു മാറ്റി. വീട്ടിൽ അമ്മയും കുട്ടികളും ഞങ്ങളെ കാത്തിരിക്കുന്നുണ്ട്, അയാളെ തനിച്ചാക്കി എങ്ങനെ വീട്ടിലേക്കു പോകും. ആശുപത്രിവരാന്തയിൽ നജ്മുളിന് കൂട്ടിരുന്നു.
തിരുവോണനാളിലേക്കു നേരം പുലരുകയാണ്. കുടുംബസുഹൃത്തോ നജ്മുളിന്റെ സഹോദരനോ വന്നില്ല. വിളിച്ചിട്ട് ഫോണെടുക്കുന്നുമില്ല. നേരം പതിനൊന്നായി. ഡോക്ടറെത്തി സമ്മതം പറഞ്ഞതോടെ ഞങ്ങൾ നജ്മുളിനെയും കൊണ്ട് അയാളുടെ വാടകവീട്ടിലേക്കു പോയി. അയാളുടെ ഗർഭിണിയായ ഭാര്യയും സഹോദരനും വീടിനടുത്തെ ഓണാഘോഷം കണ്ട് നിൽക്കുകയാണ്. അവർ ഇതൊന്നും അറിഞ്ഞിട്ടില്ല. നജ്മുളിന്റെ തലയിലെ കെട്ടുകണ്ടതും പരിഭ്രമമായി. അതു വേഗം മാഞ്ഞു. നജ്മുളും ആഘോഷങ്ങളുടെ ഭാഗമായി.
വീട്ടിലേക്കു പോകുംവഴി ഹോട്ടലിൽനിന്ന് ഓണസദ്യ പാഴ്സൽ വാങ്ങി. വൈകിയെങ്കിലും വീട്ടിലെത്തി ഓണസന്തോഷത്തിലേക്ക് ഞങ്ങളും ഇലയിട്ട് ഇരുന്നു. ആ തിരുവോണത്തിന് നജ്മുളിന്റെ മെല്ലിച്ച, നിഷ്കളങ്കമായ മുഖമായിരുന്നു. ഓരോ ഓണനാളിലും ഒരുവേള ആ മുഖം ഓർമപ്പുറത്ത് എത്തും. 2016ൽ നജ്മുളും കുടുംബവും അസമിലേക്കു തിരികെപ്പോയി. അവരും ഓർക്കുന്നുണ്ടാവും,ആ ഓണം.
(എഴുത്തുകാരിയും ഫാർമ പ്രൊഫഷനലുമാണ് മിനി പി.സി. 4 നോവലുകളും ഫ്രഞ്ച് കിസ്സ്, കനകദുർഗ എന്നിവയടക്കം 6 കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.)