ഉള്ളതു കൊണ്ട് കടലിലോണം...
Mail This Article
എല്ലാ വർഷവും ഓണം കുടുംബസമേതം ആഘോഷിക്കുന്നത് തറവാട്ടിലാണ്. ഇത്തവണ അത്യാവശ്യവിളികളുടെ ധർമസങ്കടത്തിൽ പെട്ട് കപ്പലിൽ എത്തി. ഓണം മിസ്സാകും എന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്നതു കൊണ്ടു തന്നെ കപ്പലിൽ ഓണം ആഘോഷിക്കണമെന്നു കരുതി തന്നെയാണ് എത്തിയതും. ഈ കപ്പലിൽ മലയാളിയായി ഞാനുൾപ്പടെ രണ്ടു പേരേയുള്ളൂ, ബാക്കിയുള്ളവർ ഉത്തരേന്ത്യയിൽ ജനിച്ചു വളർന്നവരാണ്. കുക്ക് ബംഗാൾ സ്വദേശി. നന്നായി ഭക്ഷണം വയ്ക്കുന്ന ആളാണ്. അവിയൽ ഒഴിച്ചു ബാക്കിയെല്ലാം സെറ്റാക്കാം എന്നു കുക്ക് പറഞ്ഞതോടെ പിന്നെ സദ്യ മോശമാക്കണ്ട എന്നു കരുതി. ലിസ്റ്റെടുത്തു. അവിയൽ ഞാനും ബാക്കി കൈക്കാരനായിട്ട് മലയാളി ഇലക്ട്രീഷ്യനും എന്ന് പദ്ധതിയിട്ടു കൈകൊടുത്തു.
-
Also Read
നഷ്ടപ്പാച്ചിലിന്റെ ഉത്രാടം
ഇനിയാണ് സംഭവം...
വിയറ്റ്നാമിൽ നിന്നു കയറ്റിയ വലിയ സ്റ്റീൽ സ്ലാബുകളാണ് കപ്പലിൽ. ആകെ നാൽപ്പത്തയ്യായിരം ടൺ ഭാരം. സ്‌റ്റീൽ സ്ലാബുകളായതുകൊണ്ടുതന്നെ ചെറിയ തിരമാലകളിൽപ്പോലും കപ്പൽ നല്ലവണ്ണം ആടിയുലയും. അതിന്റെ തിയറി ഒരു രസംകൊല്ലിയാണ്. അതിലേക്കു പോകുന്നില്ല. കപ്പൽ ബ്രസീലിലേക്കുള്ള നീണ്ടയാത്രയിലാണ്.
ഏകദേശം മുപ്പതു ദിവസം. അതുകൊണ്ട് സിംഗപ്പുരിൽ നങ്കൂരമിട്ട് ഇന്ധനവും ഭക്ഷണസാധനങ്ങളും നിറച്ച് ഞങ്ങൾ യാത്ര തിരിച്ചു. ഓണസദ്യക്കുള്ള വാഴയിലയുൾപ്പടെ എല്ലാം സെറ്റ്. പണി എളുപ്പമാക്കാൻ തേങ്ങ മുഴുവനായി വാങ്ങാതെ ചിരവി പാക്കറ്റിലുള്ള തേങ്ങാപ്പീര വാങ്ങി. പായസം മിക്സ്, മുരിങ്ങക്കായ, നല്ല ചുവന്ന തക്കാളി. അങ്ങനെ സദ്യവട്ടങ്ങൾക്കുള്ളതെല്ലാം റെഡി. ശനിയാഴ്ച കറിക്കു വെട്ട്. ഇന്നു സദ്യ – ഇതായിരുന്നു പദ്ധതി. പക്ഷേ, ചൊവ്വ രാവിലെ കടലു പണി തന്നു.
തീവ്രമായ കാലാവസ്ഥയില്ല, പക്ഷേ, ഉയർന്ന തിരമാലകൾ. രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയരം. വല്യ ഭേദമില്ലാത്ത ഉലച്ചിൽ. സ്റ്റോറിലെ റാക്കിൽ സൂക്ഷിച്ചിരുന്ന വാഴയില ആദ്യം കയറു പൊട്ടിച്ചു. അതിന്റെ പിന്നാലെ ഉരുളക്കിഴങ്ങ്, പിന്നെ മുരിങ്ങക്കായ. എല്ലാവരും വരിയും നിരയുമായി നിലത്ത് ഓടിക്കളിച്ചു. ചിരകിയ തേങ്ങ തോന്നുംപടി പൊട്ടിയ തക്കാളിയിൽ ഇരുന്ന് കൊഞ്ഞനം കുത്തിക്കാണിച്ചു. വാഴയില കീറി നാശകോശം. ശരിക്കും പച്ചക്കറിപ്പൂക്കളം. അതിന്റെ നടുക്ക് തൃക്കാക്കര അപ്പനെപ്പോലെ ഞങ്ങടെ കുക്ക് കുത്തിയിരിക്കുന്നുണ്ട്. കയ്യിൽ കീറാത്ത രണ്ടിലകളും ഒടിഞ്ഞു ചതയാത്ത രണ്ടു മുരിങ്ങക്കായും.
ബാക്കിയുള്ളത് ഓടാതെ പിടിച്ചുനിർത്തുന്ന തത്രപ്പാടിലാണ് അദ്ദേഹം. എന്റെ തല വെട്ടം കണ്ടതുകൊണ്ടാവാം, ‘ഇപ്പത്തെറികേൾക്കും’ എന്ന മട്ടിൽ തലതാഴ്ത്തി നിന്നു. എനിക്കും ഒന്നും മിണ്ടുവാൻ പറ്റാത്ത അവസ്ഥ. ആദ്യം മൗനത്തിന്റെ നിമിഷങ്ങൾ. പിന്നെ അധികം പറഞ്ഞില്ല, ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’ എന്ന് ഹിന്ദിയിൽ പറഞ്ഞു തിരികെ നടന്നു. വരുന്ന വഴിക്ക് കൊച്ചി സ്വദേശിയായ കൈക്കാരൻ ഇലക്ട്രീഷ്യനെക്കണ്ടപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു, ‘സർ, ഉള്ളതുകൊണ്ട് ഓണം പോലെ!’ വലിയ ചിരി പാസ്സാക്കാതെ ഞാൻ തല കുലുക്കി. പിന്നെ തിരികെ നടന്നു.
ദാ.. ഇതിവിടെ എഴുതി നിർത്തുമ്പോൾ ഒരു കാര്യം എനിക്കും ഉറപ്പാണ്. ഉള്ളതുകൊണ്ട് ഇന്ന് ഞങ്ങൾ ഓണം ഉണ്ണും. നഷ്ടപ്പെട്ടു പോയതോർത്തു വിഷമിക്കാതെ ഉള്ളതിൽ സുന്ദരമായി എന്തുണ്ട്, അതുകൊണ്ട് എന്തല്ലാം ഭംഗിയായി ചെയ്യാം. ശരിക്കും പ്രത്യാശയുടെ പൊന്നോണം ഇങ്ങനെയല്ലേ. എല്ലാവർക്കും നല്ല ഒന്നാംതരം തിരുവോണം ആശംസിക്കുന്നു.
(എഴുത്തുകാരനും നാവികനുമായ ക്യാപ്റ്റൻ ഗോവിന്ദന്റെ കടൽച്ചൊരുക്ക്, നങ്കൂരബാലൻ എന്നീ കഥാസമാഹാരങ്ങളും പെഗാസസ് എന്ന നോവലും ഒരു കപ്പൽപ്പാടകലെ എന്ന കടൽ യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.)