ADVERTISEMENT

റോഡരികിലെ റബർതോട്ടത്തിൽ  ഒരു മൃതദേഹം കണ്ടെന്ന വാർത്ത കേട്ടാണു കോട്ടയം അതിരമ്പുഴയ്ക്കടുത്തുള്ള അമ്മഞ്ചേരി ഗ്രാമം അന്ന് ഉണർന്നത്.   പോളിത്തീൻ ചാക്കിനുള്ളിൽ ബെഡ്ഷീറ്റ് കൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. 2016 ഓഗസ്റ്റ് ഒന്നിനാണ് സംഭവം. ഞാൻ അന്നു കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ്. മൃതദേഹം കണ്ടെത്തിയ പ്രദേശത്തേക്ക് ആളുകൾ കയറാതിരിക്കാനുള്ള ക്രമീകരണം നടത്താൻ ഉടൻ പൊലീസിനു നിർദേശം നൽകി. സംഭവസ്ഥലത്തെ പുൽക്കൊടിത്തുമ്പിൽ പോലും നിർണായകമായ ഒരു തെളിവ് ഒളിഞ്ഞിരിപ്പുണ്ടാകാം. ജനക്കൂട്ടത്തിന്റെ തിരക്കിൽ അതു ചവിട്ടിയരയ്ക്കപ്പെട്ടു പോകരുത്. വിവരമറിഞ്ഞു നാട്ടുകാർ എത്തുന്നതിനു മുൻപു ഏറ്റുമാനൂർ സിഐ സി.ജെ.മാർട്ടിന്റെ നേതൃത്വത്തില ുള്ള പൊലീസ് സ്ഥലത്തു സുരക്ഷാവലയം തീർത്തിരുന്നു. 

രാവിലെ തന്നെ ഞാൻ അവിടെയെത്തി. റോഡിൽ നിന്നു നോക്കിയാൽ കാണാവുന്ന സ്ഥലത്തായിരുന്നു ചാക്ക്. ഉള്ളിൽ ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു. കഴുത്തിലും കൈകളിലും  കരുവാളിച്ച പാടുകൾ. കറുത്തു കരുവാളിച്ച മുഖം നീരുവന്നു ചീർത്തിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അക്രമം നടന്നതിന്റെ അടയാളങ്ങൾ ഒന്നുമില്ല. കൊലപാതകത്തിനു ശേഷം മൃതദേഹം ഉപേക്ഷിച്ചതാകാനാണ്  സാധ്യത. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അങ്ങനെയൊരു വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. സമീപവാസികളെ ചോദ്യം ചെയ്തെങ്കിലും സംശയകരമായി ഏതെങ്കിലും വാഹനം വന്നു പോകുന്നതായി ആരും കണ്ടിട്ടുമില്ല. തലയ്ക്കു പിന്നിലേറ്റ ചതവുകളും  ശ്വാസം മുട്ടിച്ചതുമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ലൈംഗികാതിക്രമം നടന്നിട്ടില്ല. മറ്റൊരു നിർണായക വിവരം കൂടി ആ റിപ്പോർട്ടിലുണ്ടായിരുന്നു: യുവതി 7 മാസം ഗർഭിണിയാണ്. 

ഗർഭിണിയായ യുവതിയെ തേടി

നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞു പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലപ്പെട്ട യുവതി ആരാണെന്നു കണ്ടെത്തുകയാണ് ആദ്യ കടമ്പ. സമീപദിവസങ്ങളിൽ ജില്ലയിൽ നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പൊലീസ് രാവിലെ തന്നെ ശേഖരിച്ചു തുടങ്ങിയിരുന്നു.  സംസ്ഥാനത്തെയും അയൽസംസ്ഥാനങ്ങളിലെയും  മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും മൃതദേഹത്തിന്റെ ചിത്രം ഉൾപ്പെടെ വിവരം കൈമാറി.  കാണാതായ ചില യുവതികളുടെ  ബന്ധുക്കളെത്തിയെങ്കിലും ആരും മൃതദേഹം തിരിച്ചറിഞ്ഞില്ല. കൊല്ലപ്പെട്ട യുവതി ഗർഭിണിയാണെന്നറിഞ്ഞതോടെ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.  മൃതദേഹം കണ്ടെത്തിയ  പ്രദേശത്തെ ആറു മൊബൈൽ  ടവറുകളുടെ പരിധിയിൽ നടന്ന  ഫോൺവിളികളും സമീപവഴികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. 

മൃതദേഹത്തിലെ തെളിവുകളിലേക്ക് 

മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ തെളിവുകൾ വീണ്ടും പരിശോധിക്കാൻ ഞാൻ തീരുമാനിച്ചു. മൃതദേഹത്തിലെ  വസ്ത്രങ്ങളും ആഭരണങ്ങളും മാത്രമാണു തെളിവുകളായി സാധാരണ പൊലീസ് സൂക്ഷിച്ചു വയ്ക്കാറുള്ളത്. മൃതദേഹം പൊതിഞ്ഞുകെട്ടിയ നീല പോളിത്തീൻ ചാക്ക് സാധാരണഗതിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം  മോർച്ചറിക്ക് പുറത്ത് ഉപേക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ ഈ മൃതദേഹത്തിനൊപ്പം  ഉണ്ടായിരുന്ന ബെഡ്ഷീറ്റും പോളിത്തീൻ ചാക്കും ഉൾപ്പെടെ ഒരു സാധനവും  കളയരുതെന്നു ഞാൻ ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിരുന്നു. 

ആ പോളിത്തീൻ ചാക്ക് വിശദമായി പരിശോധിച്ചു. അതിന്റെ ഒരു മൂലയിൽ ഒരു ബാർകോഡ്! ഒരാളുടെ നീളമുള്ള ആ പോളിത്തീൻ ബാഗ് ഏതെങ്കിലും പാഴ്സൽ പൊതിഞ്ഞു വന്നതാകാം. അങ്ങനെയെങ്കിൽ ആ ബാർ കോഡ് ഏതെങ്കിലും കുറിയർ കമ്പനിയുടേതാകാം. MQ എന്നു തുടങ്ങുന്ന ആ ബാർ കോഡിനെക്കുറിച്ച് കുറിയർ സ്ഥാപനങ്ങളിൽ അന്വേഷിച്ചു.  ഒരു മണിക്കൂറിനുള്ളിൽ വിവരം കിട്ടി. രാജ്യാന്തര കുറിയർ സേവനങ്ങൾ നൽകുന്ന ഗതി (GATI) എന്ന കമ്പനിയുടെ ബാർകോഡാണത്. 

എൻ.രാമചന്ദ്രൻ   ചിത്രം: റിജോ ജോസഫ് / മനോരമ
എൻ.രാമചന്ദ്രൻ ചിത്രം: റിജോ ജോസഫ് / മനോരമ

ഗതിയുടെ ഡൽഹി ഓഫിസിൽ ചെയ്യുന്ന ഒരാളെ എനിക്ക് പരിചയമുണ്ടായിരുന്നു.  ഞാൻ അദ്ദേഹത്തെ ബന്ധപ്പെട്ടു ബാർ കോഡ് കൈമാറി. ഡൽഹി ഓഫിസിലെ കംപ്യൂട്ടറിൽ പഴയ ഫയലുകൾ തിരഞ്ഞ് അയാൾ തിരിച്ചു വിളിച്ചു.  ആ നമ്പറിലുള്ള പാഴ്സൽ  ഒന്നര വർഷം മുൻപ് സൗദിയിൽ നിന്നും അയച്ചതാണ് എന്ന് കണ്ടെത്തി.പക്ഷേ, ആർക്കാണ് അയച്ചത് എന്ന വിലാസമില്ലായിരുന്നു. ആദ്യം ഡൽഹിയിലെത്തിയ പാഴ്സൽ അവിടെ നിന്നു മംഗലാപുരത്തേക്ക് അയച്ചു. മംഗലാപുരത്തെ ഓഫിസിൽ തിരക്കിയപ്പോൾ കോഴിക്കോടേക്കാണ്  പാഴ്സൽ പോയതെന്നു കണ്ടെത്തി. അന്വേഷണം കോഴിക്കോടുള്ള ഓഫിസിലെത്തി. ഒന്നരവർഷം മുൻപ് സൗദിയിൽ നിന്ന് ഡൽഹി വഴിയെത്തിയ ആ പാഴ്സൽ കോഴിക്കോട് നിന്ന് എങ്ങോട്ടാണു പോയതെന്നു  കണ്ടെത്തണം. പക്ഷേ, കോഴിക്കോട് ഓഫിസ് കംപ്യൂട്ടറൈസ്ഡ് അല്ലാത്തതിനാൽ അതത്ര എളുപ്പമായിരുന്നില്ല. ഗോഡൗണിലെ പഴയ റജിസ്റ്ററുകൾ പരതണം. പൊലീസ് നേരിട്ടു പരിശോധിച്ചാലേ എന്തെങ്കിലും തെളിവുകൾ കിട്ടൂ എന്നുറപ്പ്. പാലാ ഡിവൈഎസ്പിയായിരുന്ന വി.ജി.വിനോദ്കുമാറിനെ ഈ കാര്യം ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ ബാച്ചിലുള്ള കെ.പി.അബ്ദുൽ റസാഖ് അന്നു കോഴിക്കോട് അസി.കമ്മിഷണറാണ്. വിനോദ് ആവശ്യപ്പെട്ടതനുസരിച്ച് അബ്ദുൽ റസാഖ്  കുറിയർ കമ്പനിയുടെ ഗോഡൗണിൽ പഴയ റജിസ്റ്ററുകൾ പരിശോധിക്കാൻ തുടങ്ങി. 

ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ  ആ പാഴ്സലെത്തിയ  മേൽവിലാസം  കണ്ടെത്തി.  കോട്ടയത്ത്  ഖാദർ യൂസഫ് എന്നയാൾക്കെത്തിയ പാഴ്സലായിരുന്നു അത്. മേൽവിലാസം മാത്രമല്ല, ഖാദർ യൂസഫിന്റെ  മൊബൈൽ നമ്പറും ആ റജിസ്റ്ററിലുണ്ടായിരുന്നു. ആ മേൽവിലാസവും മൊബൈലും നമ്പറും ഉപയോഗിച്ച് ഖാദർ യൂസഫിനെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ അപ്പോൾ തന്നെ പൊലീസ് ശേഖരിച്ചു. 

ആ മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ  പരിശോധിച്ചു. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസം രാത്രിയിൽ ഖാദർ യൂസഫിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ അമ്മഞ്ചേരിയിലെ ആ റബർ തോട്ടത്തിനു സമീപം. 

പ്രതിയിൽ നിന്ന് ഇരയിലേക്ക്

ഈരാറ്റുപേട്ട സ്വദേശിയായ ഖാദർ യൂസഫ് (42) കോട്ടയം അതിരമ്പുഴയിലാണു താമസിക്കുന്നത്. കുറെക്കാലം സൗദിയിലായിരുന്നു. മടങ്ങിയെത്തിയ ശേഷം കോട്ടയം  ശാസ്ത്രി റോഡിൽ  സർജിക്കൽ ഉപകരണങ്ങളുടെ കടയിലാണു ജോലി. പൊലീസ് സംഘം ആ കടയിലേക്കു കയറിച്ചെന്നു. കരുവാളിച്ചു വികൃതമായ മൃതദേഹത്തിന്റെ ഫോട്ടോ അയാളെ കാണിച്ചു.‘ ഇതാരാണെന്ന് അറിയുമോ’ എന്നു ചോദിച്ചു. ‘ഇത് അശ്വതിയല്ലേ’ പറഞ്ഞു തുടങ്ങിയ ആ വാചകം അയാൾ പാതിയിൽ വിഴുങ്ങി.  പക്ഷേ, ആ നിമിഷാർധത്തിൽ അയാളുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളിൽ നിന്ന് പൊലീസ് ഉറപ്പിച്ചു–ഈ കൊലപാതകത്തെക്കുറിച്ച് ഇയാൾക്ക് അറിവുണ്ട്. 

ഇതേ സമയം തന്നെ പൊലീസിന്റെ മറ്റൊരു സംഘം അതിരമ്പുഴയിലെ ഖാദർ യൂസഫിന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഒന്നര വർഷത്തോളമായി അയാൾ തനിച്ചാണു വീട്ടിൽ താമസിക്കുന്നത്. ഭാര്യ വിദേശത്താണ്. പക്ഷേ, ആ വീട്ടിൽ ഒരു സ്ത്രീ അടുത്ത ദിവസങ്ങളിൽ താമസിച്ചതിന്റെ ലക്ഷണങ്ങൾ. ഉപയോഗിച്ചു പാതിയാക്കിയ നെയിൽപോളിഷ് ഉൾപ്പെടെ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്തുക്കൾ. വീട്ടിലെ മൂന്നു കട്ടിലുകളി‍ൽ ഒരെണ്ണത്തിൽ ബെഡ് ഷീറ്റില്ല. 

ഖാദർ യൂസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി  രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇതിനൊപ്പം തന്നെ, ഖാദർ യൂസഫ് പറഞ്ഞ അശ്വതി ആരാണെന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ടായിരുന്നു. ഖാദർ യൂസഫിന്റെ മൊബൈൽ ഫോൺ വിളികളും മറ്റും തിരഞ്ഞ പൊലീസ് ഒടുവിൽ അശ്വതിയെ തിരിച്ചറിഞ്ഞു–അതിരമ്പുഴയിൽ ഖാദർ യൂസഫിന്റെ എതിർവശത്തെ വീട്ടിലെ ഇരുപതുകാരി. ഒരു വർഷം മുൻപ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്നു കാണാതായി. ഒരു വർഷം മുൻപ് കാണാതായ അശ്വതിയുടെ മൃതദേഹം എങ്ങനെ അമ്മഞ്ചേരിയിലെ റബർതോട്ടത്തിലെത്തി ? 

ക്രൂരതയുടെ തിരക്കഥ 

ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തനിക്ക് ഒന്നുമറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും വീട്ടിലെ ഒരു കട്ടിലിലെ ബെഡ് ഷീറ്റ് എവിടെപ്പോയെന്ന ചോദ്യം ഖാദർ യൂസഫിനെ പ്രതിരോധത്തിലാക്കി. മൃതദേഹം കണ്ടെത്തിയ പോളിത്തീൻ ചാക്ക് ഖാദർ യൂസഫിന്റെ പേരിൽ സൗദിയിൽ നിന്നയച്ച പാഴ്സൽ പൊതിഞ്ഞു വന്ന അതേ ചാക്കാണെന്നു കൂടി  പറഞ്ഞതോടെ മറ്റു വഴികളില്ലെന്ന് അയാൾക്കു മനസ്സിലായി.  സംഭവിച്ചത് എന്താണെന്ന് ഖാദർ യൂസഫ് തുറന്നു പറഞ്ഞു. 

അതിരമ്പുഴയിലെ വീടിന്റെ എതിർവശത്തു താമസിക്കുന്ന അശ്വതിയുടെ കുടുംബവുമായി ഖാദർ യൂസഫിന് അടുപ്പമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവിടെ പോവുകയും അശ്വതിയുടെ അച്ഛനൊപ്പം മദ്യപിക്കുകയും ചെയ്യാറുണ്ട്. പതിയെ അശ്വതിയുമായി അടുപ്പത്തിലായി. ഖാദർ യൂസഫ്  തനിച്ചു താമസിക്കുന്ന വീട്ടിൽ അശ്വതി നിത്യസന്ദർശകയായി. ഒരു വർഷം മുൻപു അശ്വതി കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽ പോയി. അവിടെ നിന്ന് ആരുമറിയാതെ ഖാദർ യൂസഫ് അശ്വതിയെ സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നു.   വലിയ മതിൽക്കെട്ടുള്ള ആ വീടിനുള്ളിൽ ഒരു വർഷത്തോളമായി അയാൾ അശ്വതിയെ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു.  കാണാതായ മകൾ വീടിനു തൊട്ടുമുൻപിൽ ഒളിച്ചു താമസിക്കുന്നത് അശ്വതിയുടെ കുടുംബവുമറിഞ്ഞില്ല. 

ഇതിനിടെ അശ്വതി ഗർഭിണിയായി. ഗർഭം അലസിപ്പിക്കണമെന്ന്   ആവശ്യപ്പെട്ടെങ്കിലും അശ്വതി സമ്മതിച്ചില്ല. വിദേശത്തു നിന്നു ഭാര്യ വരുന്നുണ്ടെന്ന വിവരം അറിഞ്ഞതോടെ ഖാദർ യൂസഫ് വീട്ടിൽ നിന്ന് അശ്വതിയെ മാറ്റാനുള്ള ശ്രമം തുടങ്ങി. എന്നാൽ‍  പോകാൻ അശ്വതി തയാറായില്ല. താൻ ഗർഭിണിയാണെന്നും ഈ വീട്ടിൽ തന്നെ താമസിക്കുമെന്നും കടുത്ത  നിലപാടെടുത്തു. ജൂലൈ 30ന് രാത്രി ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. 

ഹാളിലെ കസേരയിൽ ഇരിക്കുകയായിരുന്ന അശ്വതിയെ ഖാദർ യൂസഫ്  പുറകിലേക്കു പിടിച്ചുതള്ളി. ചുമരിൽ തലയിടിച്ചു നിലത്തുവീണ അശ്വതിയുടെ  കഴുത്തു ഞെരിച്ചു. മൂക്കും വായും പൊത്തിപ്പിടിച്ചു മരണം ഉറപ്പാക്കി. ബെഡ്‌ഷീറ്റെടുത്തു മൃതദേഹം  പൊതിഞ്ഞു. പോളിത്തീൻ ചാക്കിലാക്കി ഒരു ദിവസം കിടപ്പുമുറിയിൽ സൂക്ഷിച്ചു. പിറ്റേ ദിവസം  രാത്രി മൃതദേഹം കാറിന്റെ ഡിക്കിയിലേക്കു മാറ്റി. മൃതദേഹം ഉപേക്ഷിക്കാൻ പറ്റിയ സ്ഥലം തിരഞ്ഞ് പല വഴികളിലും കാറോടിച്ചു.  ഒടുവിൽ  അമ്മഞ്ചേരിയിലെ  റബർതോട്ടത്തിൽ  ഉപേക്ഷിച്ചു.  യൂസഫിന്റെ വീട്ടിലെ ഹാളിലും കിടപ്പുമുറിയിലും നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കൊലപാതകം നടന്നതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി.  മൃതദേഹം കണ്ടെത്തി നാലാം ദിവസം പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ഇരയെ തിരിച്ചറിഞ്ഞ ശേഷം പ്രതിയെ കണ്ടെത്തുന്നതിനു പകരം പ്രതിയിൽ നിന്ന് ഇരയിലേക്കു സഞ്ചരിച്ചുവെന്നതാണ്  ഈ കേസിന്റെ കൗതുകം. പോളിത്തീൻ ചാക്കിലെ ആ ബാർ കോഡ് ഇല്ലായിരുന്നെങ്കിൽ ഒരിക്കലും അന്വേഷണം ഖാദർ യൂസഫിലേക്ക് എത്തുമായിരുന്നില്ല. അയാളെ കണ്ടെത്തിയില്ലെങ്കിൽ  ആ മൃതദേഹം ആരുടേതാണെന്നും തിരിച്ചറിയാനും കഴിയുമായിരുന്നില്ല. 

English Summary:

Kottayam District Police Chief N. Ramachandran's memories of investigation journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com