പുറത്തെ ഇരുട്ടിൽ അന്ന് മൂന്നാമതൊരാൾ; ഒന്നര വയസ്സുകാരന്റെ കൊലയാളി ആര്? ജലമെഴുതിയ തെളിവ്
Mail This Article
അച്ഛനും അമ്മയ്ക്കും നടുവിൽ കിടന്നുറങ്ങിയ ഒന്നരവയസ്സുകാരനെ നേരം പുലർന്നപ്പോൾ കാണാനില്ല! ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനു ശേഷം വീടിനടുത്തു കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ ആ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. 2020 ഫ്രെബ്രുവരി 17 ന് കണ്ണൂർ നഗരത്തിനടുത്തെ കടലോര ഗ്രാമത്തിലാണു സംഭവം. ഞാൻ അന്നു കണ്ണൂർ ഡിവൈഎസ്പിയാണ്. ഞാൻ അവിടെ എത്തുമ്പോഴേക്കും വീടിനു ചുറ്റും നാട്ടുകാർ തടിച്ചുകൂടിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.ആർ.സതീശൻ കാര്യങ്ങൾ വിശദമാക്കി.
കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയുടെയും (22) പ്രണവിന്റെയും (28) മകൻ വിയാനെയാണു കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു വർഷം മുൻപു വിവാഹിതരായ പ്രണവിന്റെയും ശരണ്യയുടെയും ദാമ്പത്യത്തിൽ ചില പൊരുത്തക്കേടുകളുണ്ട്. ഭർത്താവുമായി പിണങ്ങി രണ്ടു വർഷത്തോളമായി ശരണ്യ കണ്ണൂർ തയ്യിലിലെ സ്വന്തം വീട്ടിലാണു താമസം. കഴിഞ്ഞ ദിവസം രാത്രി പ്രണവ് അവിടെയെത്തി. രാത്രി ഇരുവരും കുഞ്ഞും ഒരു മുറിയിലാണു കിടന്നത്. മുറിയിലെ ചൂട് സഹിക്കാനാകാതെ ശരണ്യ പുലർച്ചെ എപ്പോഴോ എഴുന്നേറ്റു ഹാളിൽ പോയി കിടന്നു. രാവിലെ മുറിയിൽ വന്നു നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ല!
ദുരൂഹം ആ സാന്നിധ്യം
ഇത്രയും നാൾ ഭാര്യയുമായി അകന്നു കഴിഞ്ഞ പ്രണവ് എന്തിനാണ് അന്നു രാത്രി വീട്ടിൽ വന്നത്? പൊലീസ് മാത്രമല്ല, നാട്ടുകാരും വീട്ടുകാരുമെല്ലാം ചോദിക്കുന്നത് അതേ ചോദ്യമാണ്. തന്നെയും മകനെയും തിരിഞ്ഞുനോക്കാത്ത ഭർത്താവ് അന്നു മകനെ കൊല്ലാനായി വന്നതാണെന്നു ശരണ്യ ഉറപ്പിച്ചു പറയുന്നു. വീടിനുള്ളിൽ അടച്ചിട്ട മുറിയിൽ ഞാൻ ശരണ്യയെയും പ്രണവിനെയും ചോദ്യം ചെയ്തു. നാലു വർഷത്തെ ദാമ്പത്യത്തിൽ പ്രണവിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ ശരണ്യ അക്കമിട്ടു നിരത്തി. പ്രണയ വിവാഹമായിരുന്നു. പക്ഷേ വിവാഹശേഷമുള്ള ജീവിതത്തിൽ പ്രണയമുണ്ടായിരുന്നില്ല. പല തവണ പിണങ്ങി ശരണ്യ സ്വന്തം വീട്ടിലേക്കു വന്നു. ശരണ്യ ഗർഭിണിയായ ഉടൻ പ്രണവ് ജോലിക്കായി ഗൾഫിലേക്കു പോയി. ഒരു വർഷത്തിനുശേഷം തിരിച്ചെത്തുമ്പോഴേക്കും ശരണ്യ സ്വന്തം വീട്ടിൽ താമസമാക്കിയിരുന്നു. ഇവിടെ പ്രണവ് വല്ലപ്പോഴും വന്നു പോകും. തനിക്കും മകനും ചെലവിനു തരണമെന്നു നാട്ടുകാരുടെ മധ്യസ്ഥതയിൽ തീരുമാനമാക്കിയെങ്കിലും പണം തരാറില്ല. ശരണ്യ രോഷത്തോടെ ആരോപണങ്ങൾ നിരത്തുമ്പോൾ പ്രണവ് എല്ലാം തലകുമ്പിട്ടിരുന്നു കേൾക്കുകയാണ്.
എന്തിനാണ് അന്നു രാത്രി വീട്ടിൽ വന്നതെന്ന പൊലീസിന്റെ ചോദ്യത്തിനു ശരണ്യ വിളിച്ചിട്ടാണെന്നായിരുന്നു പ്രണവിന്റെ മറുപടി. ആ വാദവും ശരണ്യ തിരുത്തി: ‘‘ സംഭവത്തിന്റെ തലേദിവസവും പ്രണവ് വീട്ടിലെത്തിയിരുന്നു. കുറെ നേരം സംസാരിച്ചു. പ്രശ്നങ്ങൾ പറഞ്ഞുതീർത്തു ഒരുമിച്ചു കഴിയാനുള്ള താൽപര്യം അറിയിച്ചു. അന്നവിടെ തങ്ങണമെന്നു നിർബന്ധം പിടിച്ചു. എന്നാൽ അച്ഛൻ രാത്രി വരുമ്പോൾ പ്രണവിനെ കണ്ടാൽ പ്രശ്നമുണ്ടാക്കുമെന്നു ഞാൻ പറഞ്ഞു. മത്സ്യത്തൊഴിലാളിയായ അച്ഛൻ പിറ്റേന്നു കടലിൽ പോകുമെന്നും അന്നു വരാനും പറഞ്ഞു. അങ്ങനെയാണു സംഭവദിവസം പ്രണവ് വീട്ടിലെത്തിയതും രാത്രി അവിടെ തങ്ങിയതും’’. അച്ഛൻ വീട്ടിൽ ഇല്ലാത്ത ദിവസം നോക്കി പ്രണവാണ് ആ ക്രൂരകൃത്യം ചെയ്തതെന്നു ശരണ്യ തറപ്പിച്ചു പറഞ്ഞു. പുറത്ത് ശരണ്യയുടെ ബന്ധുക്കളും നാട്ടുകാരുമെല്ലാം പ്രണവിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ രോഷം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.
ചോദ്യം ചെയ്യുന്നതിനിടയിൽ ശരണ്യയുടെ മൊബൈൽ ഫോൺ പല വട്ടം റിങ് ചെയ്തു. പൊലീസ് ആ ഫോൺ വാങ്ങി പരിശോധിച്ചു. ഒരേ നമ്പറിൽ നിന്ന് 17 മിസ്ഡ് കോളുകൾ!
പുറത്തെ ഇരുട്ടിൽ മൂന്നാമതൊരാൾ
കുഞ്ഞിനെ ഇല്ലാതാക്കിയാൽ ആർക്കാണു ഗുണം. പ്രണവിനോ ശരണ്യയ്ക്കോ? ആ ചോദ്യത്തിന്റെ ഉത്തരം തേടിയാണ് രണ്ടു പേരുടെയും ഫോൺ വിളി രേഖകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ശരണ്യയുടെ ഫോണിലേക്കു വന്ന വിളികളും സംശയം ജനിപ്പിച്ചു. പ്രണവിന്റെ ഫോൺ വിളി രേഖകളിൽ സംശയിക്കത്തക്കവിധം ഒന്നുമില്ല. പക്ഷേ ശരണ്യയുടെ ഫോണിൽ നിന്ന് ദിവസവും രാത്രി വൈകി ഒരേ നമ്പറിലേക്ക് ഒട്ടേറെ വിളികൾ, ചാറ്റുകൾ. ചോദ്യം ചെയ്യുന്നതിനിടെ വന്ന 17 വിളികളും അതേ നമ്പറിൽ നിന്നു തന്നെ. നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. വാരം സ്വദേശി നിതിൻ (28). രണ്ടു വർഷത്തോളമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണ്. ശരണ്യയുടെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയാണു നിതിന്റെ വീട്. ചില ദിവസങ്ങളിൽ രാത്രിയിൽ ശരണ്യയുമായുള്ള ഫോൺ സംഭാഷണം അവസാനിച്ച് അര മണിക്കൂറിനുള്ളിൽ നിതിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ശരണ്യയുടെ വീടിന്റെ പരിസരത്തെത്തുന്നു. സൈബർ സെൽ കൈമാറിയ ആ ടവർ ലൊക്കേഷൻ വിവരങ്ങളിൽ ഒരു കാര്യം കൂടിയുണ്ടായിരുന്നു. കുട്ടിയെ കാണാതായ ദിവസം പുലർച്ചെ ഒന്നരയ്ക്ക് നിതിന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കാണിക്കുന്നതു ശരണ്യയുടെ വീടിന്റെ പരിസരത്താണ്!
വീടിനു പുറത്തോ, അതോ തൊട്ടടുത്തുള്ള കടൽത്തീരത്തോ? ഏതായാലും നിതിനെ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകി.
പ്രണയമോ പ്രതികാരമോ
നിതിനും ശരണ്യയും തമ്മിലുള്ള പ്രണയവും കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ഉറപ്പ്. പക്ഷേ അന്നു രാത്രി ശരണ്യയുടെ വീട്ടിലേക്കുള്ള പ്രണവിന്റെ വരവിന്റെ കാരണം ദുരൂഹമായി തുടരുന്നു. ശരണ്യയെയും പ്രണവിനെയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചു. പകൽ മുഴുവൻ നീണ്ട വീട്ടിലെ ചോദ്യം ചെയ്യലിനൊടുവിൽ രാത്രി ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ശരണ്യയുടെ സുഹൃത്ത് നിതിനെ അപ്പോഴേക്കും പൊലീസ് അവിടെയെത്തിച്ചിരുന്നു. നിതിനുമായുള്ള ബന്ധം പൊലീസ് കണ്ടെത്തിയതും അയാളെ കസ്റ്റഡിയിലെടുത്തതും ശരണ്യ അപ്പോഴും അറിഞ്ഞിരുന്നില്ല.
ശരണ്യയുമായി അടുപ്പത്തിലായിരുന്നുവെന്നു ചോദ്യം ചെയ്യലിൽ നിതിൻ സമ്മതിച്ചു. പക്ഷേ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. അതു കൊണ്ടു തന്നെ കുഞ്ഞിനെ ഒഴിവാക്കണമെന്ന് ശരണ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. സംഭവദിവസം പുലർച്ചെ ഒന്നരയ്ക്ക് ശരണ്യയുടെ വീടിന്റെ പരിസരത്തു പോയിരുന്നു. പക്ഷേ ശരണ്യയെ കാണാനാകാതെ മടങ്ങി.
പുലർച്ചെ ഒന്നരയ്ക്കു നിതിൻ മടങ്ങിയതിനു ശേഷവും കുഞ്ഞ് വീട്ടിലുണ്ടായിരുന്നോ എന്നാണ് ഇനിയറിയേണ്ടത്. ഇല്ലെങ്കിൽ സ്വാഭാവികമായും ആ മരണത്തിൽ അയാളുടെ പങ്ക് സംശയിക്കാം. കുഞ്ഞിനെ അവസാനമായി കണ്ടത് എപ്പോഴാണ് എന്നു പ്രണവിനോടും ശരണ്യയോടും ചോദിച്ചു. പുലർച്ചെ മൂന്നോടെ കുഞ്ഞ് എഴുന്നേറ്റു കരഞ്ഞതായി ഇരുവരും പറഞ്ഞു. അപ്പോൾ ശരണ്യ എഴുന്നേറ്റു പാലു കൊടുക്കുന്നതു പ്രണവും കണ്ടതാണ്. നിതിൻ വീടിന്റെ പരിസരത്തു നിന്നു മടങ്ങിയതിനു ശേഷവും കുഞ്ഞ് വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്നു വ്യക്തം. നിതിൻ അല്ലെങ്കിൽ പിന്നെയാര്?
വെള്ളത്തിലുണ്ട് ഉത്തരം
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം വീണ്ടും വിശദമായി പരിശോധിച്ചു. കടൽഭിത്തിയിൽ നിന്ന് അൽപം അകലെയുള്ള പാറക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അങ്ങോട്ടു നടന്നു പോകേണ്ടതു കടൽവെള്ളം കയറിയിറങ്ങുന്ന വഴിയിലൂടെയാണ്. കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ശരീരത്തിൽ മുട്ടിനു താഴേക്കുള്ള ഭാഗത്തോ കടലുപ്പ് പുരണ്ടിട്ടുണ്ടാകാം. ഫൊറൻസിക് വിദഗ്ധരുമായി സംസാരിച്ചപ്പോൾ ഒരു കാര്യം കൂടി വ്യക്തമായി–കടൽ വെള്ളത്തിലുള്ള ഡയാറ്റം (സൂക്ഷ്മജീവികൾ) വസ്ത്രത്തിലും ചെരുപ്പിലും മറ്റും പറ്റിപ്പിടിച്ചിട്ടുണ്ടാകാം. ഒരു പ്രദേശത്തെ കടൽവെള്ളത്തിലുള്ള ഡയാറ്റം മറ്റൊരു പ്രദേശത്ത് ഉണ്ടാകണമെന്നില്ല. മൃതദേഹം കണ്ടെത്തിയ പാറക്കൂട്ടത്തിനു സമീപത്തെ കടൽവെള്ളം പൊലീസ് ശേഖരിച്ചു. നിതിനും പ്രണവും സംഭവദിവസം രാത്രി മുണ്ടാണ് ഉടുത്തിരുന്നത്. മുണ്ട് മടക്കിക്കുത്തിയാൽ വസ്ത്രത്തിൽ കടൽവെള്ളം പറ്റാൻ സാധ്യത കുറവ്. പക്ഷേ ചെരിപ്പിൽ വെള്ളം പുരണ്ടിരിക്കും. നിതിന്റെ ചെരിപ്പ് പൊലീസ് വാങ്ങി. പക്ഷേ, പ്രണവിന്റെ ചെരിപ്പ് കാണാനില്ല.! തെളിവ് നശിപ്പിക്കാൻ അയാൾ ചെരുപ്പ് ഉപേക്ഷിച്ചിരിക്കുമോ? ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വീട്ടുപരിസരത്തു നിന്നെ തന്നെ ആ ചെരിപ്പ് കണ്ടെടുത്തു. ശരണ്യ അന്നു രാത്രിയിട്ട അതേ ചുരിദാറാണ് ഇപ്പോഴും ഇട്ടിരിക്കുന്നതെന്നു പ്രണവിനോട് ചോദിച്ച് ഉറപ്പുവരുത്തി. രണ്ടു പേരുടെയും ചെരിപ്പും ശരണ്യയുടെ ചുരിദാറും കണ്ണൂർ റീജനൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഒരു പകൽ കൂടി കടന്നുപോകുന്നു. രാത്രിയോടെ ഫൊറൻസിക് ലാബിൽ നിന്ന് അനൗദ്യോഗികമായി വിവരമെത്തി–ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ളത് ശരണ്യയുടെ വസ്ത്രത്തിൽ മാത്രം!
കണ്ണീരോടെ കുറ്റസമ്മതം
മകനെ കൊലപ്പെടുത്തിയ കുറ്റത്തിനു ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ മാത്രമാണു ബാക്കി. അതിനു മുൻപ് എന്താണു സംഭവിച്ചതെന്നറിയണം. സ്വയമുണ്ടാക്കിയ പ്രതിരോധത്തിന്റെ കവചത്തിൽ ഒളിച്ചിരിക്കുന്ന കുറ്റവാളിയുടെ മനസ്സിനെ പുറത്തേക്കു കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്. കുഞ്ഞിനെ കാണാതായതു മുതൽ ശരണ്യ ഉണ്ടാക്കിയ ബഹളങ്ങളും ഭർത്താവിനെതിരെയുള്ള തെളിവുനിരത്തലുമെല്ലാം ആ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. ശരണ്യയുടെ മനസ്സിൽ പാപബോധം ഉണ്ടാക്കുകയായിരുന്നു എന്റെ ലക്ഷ്യം. അതിനായി കൊല്ലപ്പെട്ട കുഞ്ഞിന്റെ ഓർമയുണ്ടാക്കുന്ന ചോദ്യങ്ങൾ മാത്രം മാത്രം ചോദിച്ചു. അവന്റെ മുഖം മാത്രമാണ് അവളുടെ മനസ്സിൽ എന്നുറപ്പായ നിമിഷം ഞാൻ ചോദിച്ചു ‘‘ അന്നു പുലർച്ചെ എന്തിനാണു കുഞ്ഞുമായി കടൽത്തീരത്തേക്കു പോയത്’’? ശരണ്യ ഒരു നിമിഷം ഞെട്ടി. വസ്ത്രത്തിൽ കടൽവെള്ളം പുരണ്ടിട്ടുണ്ടായിരുന്നുവെന്നു കൂടി ഞാൻ പറഞ്ഞതോടെ മറ്റു പ്രതിരോധങ്ങളൊന്നുമില്ലാതെ ശരണ്യ പറഞ്ഞു തുടങ്ങി.
ഭർത്താവ് ഗൾഫിലായിരുന്ന സമയത്താണു ഫെയ്സ്ബുക് വഴി നിതിനുമായി അടുപ്പം തുടങ്ങുന്നത്. അതിനു മുൻപേ തന്നെ ഭർത്താവുമായി അകന്നിരുന്നു. നിതിൻ പലപ്പോഴും ശരണ്യയുടെ വീട്ടിലെത്തി. അയാളുമൊത്തൊരു ജീവിതം ശരണ്യ കൊതിച്ചിരുന്നു. ഇതിനിടെ നിതിനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായും ശരണ്യ അറിഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നു നിതിൻ പറഞ്ഞു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും മകനുമായി അകന്നു കഴിയുന്ന പ്രണവിന്റെ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. അങ്ങനെ ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാം.
16ന് രാത്രി മൂന്നു പേരും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു. പുലർച്ചെ മൂന്നിന് കുഞ്ഞ് എഴുന്നേറ്റു കരഞ്ഞപ്പോൾ പാലു നൽകി. അതിനു ശേഷം ശരണ്യ എഴുന്നേറ്റ് ഹാളിലെത്തി. ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്ന ശേഷം കുഞ്ഞിനെയെടുത്തു പിൻവാതിൽ തുറന്നു പുറത്തേക്ക്. 50 മീറ്റർ അകലെയുള്ള കടൽഭിത്തിക്കരികിൽ എത്തിയശേഷം മൊബൈൽ വെളിച്ചത്തിൽ താഴേക്കിറങ്ങി.കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കരിങ്കൽക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.തിരിച്ചു വീട്ടിലെത്തി പിൻവാതിൽ വഴി അകത്തു കയറി ഹാളിലെത്തി കിടന്നുറങ്ങി.കുഞ്ഞിനെ ഒഴിവാക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനു നിതിനെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു.