ADVERTISEMENT

അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരായ ഗൂഗിളിനോ, ഫെയ്‌സ്ബുക്കിനോ മറികടക്കാനാകാത്ത അത്യാകര്‍ഷകമായ വശ്യതയുമായി എത്തി, യുഎസ് പൗരന്മാരെ മയക്കിയ ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക് ആയിരുന്നു ഇതുവരെ വാര്‍ത്തയിലെങ്കില്‍ ഇപ്പോഴിതാ മറ്റൊരു ചൈനീസ് ആപ്  ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഞെട്ടിയവരില്‍ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ, ജെമിനിയുടെ കമ്പനിയായ ഗൂഗിള്‍ തുടങ്ങി എല്ലാ അമേരിക്കന്‍ സിലിക്കന്‍വാലി ഭീമന്മാരും ഉണ്ട്. ഒരേസമയം ആവേശവും ഉദ്വേഗവും ഭീതിയുമുണര്‍ത്തിയാണ് ഡീപ്‌സീക് എത്തിയിരിക്കുന്നത്.  ജോലികൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ ഡീപ്​സീക് എഐ ഉപയോഗിക്കരുതെന്ന് നാവികസേനാംഗങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നേവി ഇ-മെയിലയച്ചാണ് അംഗങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.
 പണം തുച്ഛം, പക്ഷേ

റോക്കറ്റ് വിക്ഷേപണത്തില്‍ നമ്മുടെ ഇസ്രോ ചെയ്യുന്നതുപോലെ ഒരു മാജിക് ആണ് ഡീപ്‌സീക് എന്ന പേരില്‍ നിര്‍മ്മിത ബുദ്ധി (എഐ) വികസിപ്പിച്ച ചൈനീസ് കമ്പനി കാട്ടിയിരിക്കുന്നത്. വിദേശ കമ്പനികള്‍ക്ക് വേണ്ടിവരുന്നതിന്റെ ചെറിയൊരു അംശം പണം കൊണ്ട് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച് കാട്ടുന്ന ഇന്ദ്രജാലമാണ് ഇന്ത്യയ്ക്കു വേണ്ടി ഇസ്രോ നടത്തുന്നതെങ്കില്‍, അതേ രീതിയില്‍ എഐ വികസിപ്പിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഡീപ്‌സീക്. 

മാതൃരാജ്യത്തെ തളളിപ്പറയാന്‍ ഒരുക്കമല്ലാത്ത രീതിയിലാണ് ഡീപ്‌സീക് ഒരുക്കിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ മാറ്റി നിറുത്തിയാല്‍ ടിക്‌ടോക് പോലെയൊരു കൊച്ച് അത്ഭുതം തന്നെയായാണ് ഡീപ്‌സീകില്‍ ഇപ്പോള്‍ കാണുന്നതെന്ന് ടെക് വിദഗ്ധര്‍ വിധിയെഴുതുന്നു. മികച്ച ടെക്‌നോളജി വികസിപ്പിക്കാൻ സിലിക്കന്‍ വാലിയിലേക്കൊന്നും പോകേണ്ട കാര്യമില്ലെന്ന് ഈ കമ്പനി നല്‍കുന്ന പാഠം ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രചോതനമായേക്കും. സ്റ്റാര്‍ട്ട്അപ് കമ്പനികള്‍ക്കു വരെ.

എഐയുടെ സ്പുട്‌നിക് നിമിഷം

സ്പുട്‌നിക് എന്ന പേരില്‍ റഷ്യ 1957ല്‍ ലോകത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ സാറ്റലൈറ്റ് വിക്ഷേപിച്ച നിമിഷത്തിന് സമാനമാണ് ഡീപ്‌സീക്കിന്റെ വരവ് എന്നാണ് ഒരു വിവരണം. റഷ്യയ്ക്ക് ഈ മേഖലയില്‍ എന്തു ചെയ്യാനാകുമെന്നത് പാശ്ചാത്യ ലോകത്തില്‍ പരിഭ്രാന്തി വളര്‍ത്തി.

സമാനമാണ് ഡീപ്‌സീക്ക് വഴി ചൈന എഐ മേഖലയില്‍ തങ്ങള്‍ക്ക് എന്തു ചെയ്യാനാകും എന്നതിന്റെ പ്രകടനം നടത്തിയിരിക്കുന്നത്. ടെക്‌നോളജി അമേരിക്കയുടെ നേതൃത്വത്തില്‍ മാത്രമേ പൊലിക്കൂ എന്ന ധാരണ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതാണ് ചൈന ഇപ്പോള്‍ തിരുത്തിയെഴുതിയിരിക്കുന്നത്.

വെറുതെയല്ല, അമേരിക്കന്‍ പ്രസിഡന്റ്  ട്രംപ് ഡീപ്‌സീക്കിന്റെ വരവ് ഒരു ഉണര്‍ത്തു കാഹളമായി കേട്ട് പ്രവര്‍ത്തനസജ്ജമാകാന്‍ ടെക് മേഖലയോട് ആവശ്യപ്പെട്ടത്. ഏറ്റവുമധികം പ്രശസ്തമായ അമേരിക്കന്‍ എഐ സിസ്റ്റങ്ങളിലൊന്നായ ചാറ്റ്ജിപിറ്റി ഒക്കെ സൃഷ്ടിച്ചെടുക്കാനും പ്രവര്‍ത്തിപ്പിക്കാനും വേണ്ടിവന്നതിന്റെ ഒരംശം മുതല്‍മുടക്കിലാണ് ഡീപ്‌സീക്ക് എത്തിയിരിക്കുന്നത് എന്നതാണ് പാശ്ചാത്യലോകത്തിന്റെ ഉറക്കംകെടുത്തിയിരിക്കുന്നത്. 

മൂക്കുകുത്തി എന്‍വിഡിയ

അമേരിക്കന്‍ എഐ കമ്പനികള്‍ക്കായി ഗ്രാഫിക്‌സ് ചിപ് നിര്‍മ്മിച്ചു നല്‍കി 'ശടേന്ന്' കുതിച്ചുയര്‍ന്ന എന്‍വിഡിയയുടെ ഓഹരികള്‍ ഏകദേശം 600 ബില്ല്യന്‍ ഡോളറാണ് തകര്‍ന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണിത്രെ. ടെക്‌നോളജി മേഖലയില്‍ ബെയ്ജിങ് ഒരിക്കലും തങ്ങളുടെ മുന്നില്‍ കയറരുത് എന്നു കരുതി ചൈനയ്ക്ക് ചിപ്പുകളും മറ്റും നല്‍കാതെ പോലുമാണ് വാഷിങ്ടണ്‍ നീങ്ങിയിരുന്നത്. എന്നിട്ടും ഇതു സംഭവിച്ചു എന്നതാണ് ആശ്ചര്യകരം. അമേരിക്കന്‍ വിലക്ക് വന്നതോടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എഐക്ക് ഉന്നത പരിഗണന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ബിബിസി പറയുന്നു.

എന്താണ് എഐ?

ഒരു കംപ്യൂട്ടര്‍ അല്ലെങ്കില്‍ പോക്കറ്റ് കംപ്യൂട്ടറായ സ്മാര്‍ട്ട്‌ഫോണ്‍ ഒക്കെ മറ്റൊരു ആള്‍ ആണ് എന്നു തോന്നിപ്പിക്കുന്നതിനെയാണ് ഇപ്പോള്‍ എഐ എന്നു വിളിക്കുന്നതെന്ന് ബിബിസി നിര്‍വ്വചിക്കുന്നു. മെഷീനുകള്‍ക്ക് പ്രശ്‌നങ്ങള്‍ പഠിക്കാനും, പരിഹാരം നിര്‍ദ്ദേശിക്കാനും സാധിക്കുന്നു. ധാരാളം വിവരങ്ങള്‍ നല്‍കി പരിശീലിപ്പിച്ചെടുക്കുകയാണ് ഇത്തരം സിസ്റ്റങ്ങളെ. ക്രമരൂപങ്ങള്‍ അഥവാ പാറ്റേണുകള്‍ തിരിച്ചറിയാനുള്ള കഴിവാണിത്. 

മറ്റൊരാളെന്ന രീതിയില്‍ എഐയ്ക്ക് സംസാരിക്കാന്‍ സാധിക്കും. കൂടാതെ, ഒരാളുടെ ഷോപ്പിങ് ശീലമൊക്കെ മുന്‍കൂട്ടി പ്രവചിക്കാനും സാധിക്കും. ചാറ്റ്ജിപിറ്റിയും ഇപ്പോള്‍ എത്തിയിരിക്കുന്ന ഡീപ്‌സീക്കുമൊക്കെ ജനറേറ്റിവ് എഐയുടെ വിഭാഗത്തില്‍ പെടും. ഓണ്‍ലൈനിലുള്ള ചിത്രങ്ങളും, ടെക്‌സ്റ്റുമൊക്കെ 'പഠിക്കാന്‍' അവയ്ക്ക് സാധിക്കും. അവയില്‍ നിന്ന് പുതിയ കണ്ടെന്റ് സൃഷ്ടിക്കാനും! 

എന്നാല്‍, അവയെ പരിശീലിപ്പിച്ചിരിക്കുന്ന ഡേറ്റ തെറ്റാണെങ്കില്‍ അവ ആവര്‍ത്തിച്ച് തെറ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യും. മിക്കവരുടെയും ദൈനംദിന ജീവിതത്തിലേക്ക് ചാറ്റ്ജിപിറ്റി എന്ന ചങ്ങാതി എത്തിക്കഴിഞ്ഞിരുന്നു. ഇമെയില്‍ എഴുതിക്കിട്ടാന്‍ മുതല്‍ പാഠഭാഗങ്ങള്‍ വിശദീകരിച്ചു ലഭിക്കാനും, ടെക്സ്റ്റുകളുടെ രത്‌നച്ചുരുക്കം എഴുതിക്കിട്ടാനും, കോഡിങ് പഠിക്കാനുമൊക്കെ ചാറ്റ്ജിപിറ്റിയെ ആണ് പലരും ആശ്രയിക്കുന്നത്.

എന്താണ് ഡീപ്‌സീക്?

ചൈനയില്‍ വികസിപ്പിച്ച ചാറ്റ്ജിപിറ്റിക്ക് സമാനമായ പ്രവര്‍ത്തനശേഷിയുള്ള എഐ ചാറ്റ്‌ബോട്ടാണ് ഡീപ്‌സീക്. 

ഞാന്‍ ചൈനീസ്, ചില കാര്യങ്ങള്‍ ചോദിക്കേണ്ട?

മിക്ക കാര്യങ്ങളിലും ചാറ്റ്ജിപിറ്റിക്ക് ഒപ്പം നില്‍ക്കുമെങ്കിലും, ചൈനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഡീപ്‌സീക്കിനോട് ചോദിക്കാതിരുന്നാല്‍ അതിന്റെ ഗുണവും ആസ്വദിക്കാം. കാരണം, മറ്റു ചൈനീസ് കമ്പനികളായ ബെയ്​ദുവിന്റെ ഏര്‍ണി, ബൈറ്റ്ഡാന്‍സിന്റെ ഡൗബാവോ പോലെയുള്ള മോഡലുകളുടെ കാര്യത്തിലെന്ന പോലെ ഡീപ്‌സീക്കും മാതൃരാജ്യത്തെ താറടിക്കുന്ന ഉത്തരങ്ങള്‍ നല്‍കാന്‍ സാധിക്കാത്ത രീതിയിലാണ് ഡേറ്റ ഫീഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നത്. 

പണം മാത്രമല്ല മികവിന് പിന്നിലെന്ന് ഓര്‍മപ്പെടുത്തി ഡീപ്‌സീക്ക്

പണം കൊണ്ട് മിക്ക കാര്യങ്ങളും നേടാം. എന്നാല്‍, പണം കൊണ്ട് എല്ലാം നേടാനാവില്ല. പ്രേമവും, നൂതന ടെക്‌നോളജി സൃഷ്ടിക്കാനുള്ള ശേഷിയും അതില്‍ പെടും. 

ഇന്ത്യയുടെ സാധ്യതകള്‍

ഡീപ്‌സീക്ക് അക്ഷരാര്‍ത്ഥത്തില്‍ കണ്ണു തുറപ്പിക്കുന്ന ഒരു സാധ്യതയാണ് കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ ടെക് കമ്പനികള്‍ക്കും ഇനി ഈ മേഖലയിലേക്ക് ചാടിയിറങ്ങാം. അതില്‍ പ്രതീക്ഷയ്‌ക്കൊപ്പം അപകടവും പതിയിരിക്കുന്നു. ഇതുവരെ നിശ്ചിത ഹാര്‍ഡ്‌വെയര്‍ കരുത്തുണ്ടെങ്കില്‍ മാത്രമെ എഐ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ എന്നാണ് കരുതിവന്നതെങ്കില്‍ ഡീപ്‌സീക് ആ ധാരണ തകര്‍ത്തെറിഞ്ഞു. എന്നുപറഞ്ഞാല്‍, ക്ഷുദ്രശക്തികളും ഇത്തരം സാങ്കേതികവിദ്യ ഉണ്ടാക്കിയെടുക്കാന്‍ ഇനി മുന്നോട്ടിറങ്ങിയേക്കാമെന്നാണ് ഭീതി പരത്തിയിരിക്കുന്ന കാര്യം. 

ഇന്ത്യയ്ക്ക് എഐ ചിപ്പുകള്‍ നല്‍കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വിരോധമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ത്യയില്‍ നിന്ന് അത് റഷ്യയ്ക്ക് ചോര്‍ന്നു കിട്ടുമോ എന്ന ഒറ്റ പേടി മാത്രമായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍, സ്പുട്‌നിക് നിമിഷത്തില്‍ ആഗോളതലത്തില്‍ ആയുധ കിടമത്സരം ആരംഭിച്ചതു പോലെ, ഇനി പല രാജ്യങ്ങളും സ്വന്തം നിലയില്‍ എഐ വികസിപ്പിക്കാന്‍ എടുത്തുചാടിയേക്കും. ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉടനെ എടുക്കേണ്ടി വന്നേക്കും. 

ബജറ്റില്‍ പണം വകകൊള്ളിക്കുമോ?

ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ എഐക്കായി കൂടുതല്‍ പണം നീക്കിവയ്ക്കുമോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏകദേശം 10,300 കോടി രൂപയാണ് പ്രഖ്യാപിച്ചത്. പ്രൊജക്ട് സ്റ്റാര്‍ഗേറ്റ് എന്ന പേരില്‍ അമേരിക്ക എഐ വികസനത്തിന് നീക്കവിച്ചിരിക്കുന്നത് 500 ബില്ല്യന്‍ ഡോളറാണ്. ട്രംപ് അധികാരത്തിലേറെ കേവനം 24 മണിക്കൂറിനുള്ളിലായിരുന്നു പ്രഖ്യാപനം. 

എന്തിനു മത്സരം? സഖ്യമായിക്കൂടെ?

എഐ വികസിപ്പിക്കുന്നത് കൈവിട്ടുപോയാല്‍ ആകെ തവിടുപൊടിയാകും എന്ന മുന്നറിയിപ്പോക്കെ പലരും നല്‍കിവരുന്ന സന്ദര്‍ഭമാണിത്. അതൊക്കെ ശരിയാണെങ്കില്‍ അമേരിക്കയും ചൈനയും ഇത്തരം കാര്യങ്ങളില്‍ പരസ്പരം മത്സരിക്കാതെ, എന്തുകൊണ്ട് സഹകരിച്ച് അപകടസാധ്യതയുള്ള ഈ ടെക്‌നോളജിയെ വരുതിയില്‍ നിറുത്തി വികസിപ്പിച്ചുകൂടാ എന്ന ചോദ്യം ഇരു രാജ്യങ്ങളിലുമുള്ളവര്‍ ഉന്നയിക്കുന്നുമുണ്ട്. 

ചാറ്റ്ജിപിറ്റിയെ മറികടന്നോ?

ഡീപ്‌സീക് ആര്‍1 മോഡലായിരുന്നു ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് എത്തിയ കിമി കെ1.5 ഓപ്പണ്‍എഐയുടെ o1 മോഡലിനെക്കാള്‍ മികവുറ്റ പ്രകടനം പുറത്തെടുത്തിരിക്കുന്നു എന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com