കടുംനിറങ്ങളില്ല, സമാധാനമുള്ള അന്തരീക്ഷം മാത്രം: പ്രാർഥന പോലെയൊരു വീട്

Mail This Article
കണ്ണൂർ ജില്ലയിലെ താണയിലാണ് ഈ വീട്. കടുംനിറങ്ങളുടെ സാന്നിധ്യമില്ലാതെ മണ്ണിന്റെ നിറമാണ് അകത്തും പുറത്തും കൂടുതലായി പ്രതിഫലിക്കുന്നത്. ബ്രിക്ക് ജാളി, ടെറാക്കോട്ട ഭിത്തി എന്നിവ പുറംകാഴ്ചയിലെ ആകർഷണങ്ങളാണ്. ചുറ്റുമതിൽ മുതൽ റസ്റ്റിക് ഫിനിഷ് ആരംഭിക്കുന്നു. ഒരുവശത്തെ മതിൽ സിമന്റ് ഫിനിഷിൽ നിലനിർത്തിയപ്പോൾ മറുവശത്തേത് ടെറാക്കോട്ട ഫിനിഷിലൊരുക്കി. ബാംഗ്ലൂർ- കോബിൾ സ്റ്റോണുകൾ വിരിച്ചാണ് ഡ്രൈവ് വേ ഒരുക്കിയത്.

കണ്ണിൽ തറയ്ക്കുന്ന കടുംനിറങ്ങളും വെളിച്ചവുമൊക്കെയാണ് പല പുതിയകാല വീടുകളിലും ഇപ്പോൾ ട്രെൻഡ്. അതിൽനിന്ന് മാറിനിൽക്കുകയാണ് ഈ വസതി. ധ്യാനാത്മകമായ ഇരുണ്ട അകത്തളങ്ങളാണ് ബോധപൂർവം ഉള്ളിൽ സജ്ജീകരിച്ചത്. എന്നാൽ നാച്ചുറൽ ലൈറ്റ് ആവശ്യമെങ്കിൽ ക്രമീകരിക്കുകയുമാകാം.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ മുകൾനിലയിലും. 3600 ചതുരശ്രയടിയാണ് വിസ്തീർണം. ചില സ്‌പേസുകൾ എക്സ്പോസ്ഡ് സിമന്റ് ഫിനിഷിൽ നിലനിർത്തി. ഫർണിഷിങ്ങിൽ തേക്ക് സമൃദ്ധമായി ഉപയോഗിച്ചത് മറ്റൊരു സവിശേഷതയാണ്. ജനൽ-വാതിലുകൾ, ഫർണിച്ചർ, സ്‌റ്റെയർ എന്നിവയിലെല്ലാം തേക്കിന്റെ പ്രൗഢി കാണാം.

ഫോർമൽ ലിവിങ്ങിൽ ടിവി യൂണിറ്റ് ഉൾക്കൊള്ളിച്ചു. കസ്റ്റമൈസ്ഡ് സോഫയാണ് ഇവിടം അലങ്കരിക്കുന്നത്. സ്‌റ്റെയറിന്റെ വശത്തായി ചെറിയ ഫാമിലി ലിവിങ് ഉൾക്കൊള്ളിച്ചു. ഇവിടെയും മിനിമൽ ഫർണിച്ചറാണുള്ളത്.

ഗ്ലാസ് ടോപ്പുള്ള ഡൈനിങ് ടേബിൾ സെറ്റാണ് ഇവിടെ. ഡൈനിങ്ങിൽനിന്ന് ചെറിയ പാറ്റിയോ സ്‌പേസ് ക്രമീകരിച്ചു. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും ഉള്ളിലെത്തും. പാറ്റിയോയിൽ വൈറ്റ് മെറ്റാലിക് ഔട്ഡോർ ഫർണിച്ചർ നൽകി. ധാരാളം പച്ചപ്പും ഇവിടെ അകമ്പടിയായുണ്ട്. വീട്ടുകാർക്ക് വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പ്രിയപ്പെട്ട ഇടമാണിത്.

ടീക്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ നിർമിച്ചത്. ആദ്യത്തെ പടികൾ ഇരിപ്പിടമായി ഉപയോഗിക്കാം, അടിയിൽ സ്‌റ്റോറേജുമുണ്ട്.
ലളിതസുന്ദരമായാണ് കിടപ്പുമുറികൾ. കാറ്റും വെളിച്ചവും പുറത്തെ കാഴ്ചകളും വിരുന്നെത്താൻ പാകത്തിൽ ജാലകങ്ങൾ മുറിയിൽ ക്രമീകരിച്ചു.

പ്ലൈവുഡ് ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ആർട്ടിഫിഷ്യൽ മാർബിൾ വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.
Project facts
Location- Thana, Kannur
Plot- 13 cent
Area- 3600 Sq.ft
Owner- Gazali, Majnaz
Design- Risiyas Farsa
Farsa Buildesign, Manjeri
Y.C- 2024