ADVERTISEMENT

കേരളത്തിൽ സ്വർണവില ആഭരണപ്രേമികളെയും വിവാഹാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശപ്പെടുത്തി ഇന്നു സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8,070 രൂപയായി. 280 രൂപ മുന്നേറി 64,560 രൂപയാണ് പവൻവില. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമെന്ന റെക്കോർഡ് തകർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടി.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി. ഏറെക്കാലമായി മാറ്റമില്ലാതിരുന്ന വെള്ളിവിലയും ഗ്രാമിന് ഒരു രൂപ വർധിച്ച് 108 രൂപയായി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ‘പകരത്തിനു പകരം തീരുവ (Reciprocal Tariff) ഏർപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പുതുതായി മരുന്നുകൾ, വാഹനം, സെമികണ്ടക്ടറുകൾ എന്നിവയ്ക്കും 25% തീരുവ ഏർപ്പെടുത്തി വ്യാപാരയുദ്ധത്തിന് തീവ്രത കൂട്ടിയത് പുതിയ ഉയരത്തിലക്ക് കുതിക്കാൻ സ്വർണത്തിന് ആവേശമായി. ട്രംപിന്റെ ഈ തീരുമാനങ്ങൾ ആഗോള സമ്പദ്‍വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതും വ്യാപാരബന്ധം ഉലയുന്നതും ഇതുമൂലം ഓഹരി വിപണികൾ നേരിടുന്ന വിൽപനസമ്മർദവുമാണ് സ്വർണവിലയെ മുന്നോട്ടു നയിക്കുന്നത്.

അമേരിക്ക-യുക്രെയ്ൻ, അമേരിക്ക-യൂറോപ്യൻ യൂണിയൻ ബന്ധം വഷളാകുന്നതും സ്വർണത്തിനാണ് അനുകൂലം. നിക്ഷേപകർ ‘താൽകാലിക സുരക്ഷിത താവളമായി’ (safe-haven) നിക്ഷേപം ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് മാറ്റുന്നത്, സ്വർണത്തിന്റെ ഡിമാൻഡും വിലയും വർധിപ്പിക്കുന്നു. ഇതിനു പുറമേ ഇന്ത്യയിലും മറ്റും ഇറക്കുമതി വർധിക്കുന്നതും കരുത്താണ്. ഡോളറിനെതിരെ രൂപ തളരുന്നതിനാൽ ഇന്ത്യയിൽ ഇറക്കുമതിച്ചെലവ് വർധിച്ചതും വില വർധനയുടെ ആക്കം കൂട്ടുന്നു. രാജ്യാന്തര വില ഔൺസിന് 25 ഡോളറിലധികം വർധിച്ച് സർവകാല റെക്കോർഡായ 2,943 ഡോളറിലെത്തി. 2,942 ഡോളർ എന്ന മുൻ റെക്കോർഡാണ് മറികടന്നത്.

പണിക്കൂലി ഉൾപ്പെടെ വില 70,000ന് തൊട്ടരികെ

3% ജിഎസ്ടിയും 53.1 രൂപ ഹോൾമാർക്ക് ഫീസും പണിക്കൂലിയും (മിനിമം 5%) കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ നൽകേണ്ടത് 69,876 രൂപ. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,735 രൂപയും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഈ വിലക്കയറ്റം കൂടുതൽ തിരിച്ചടി. അതേസമയം, സ്വർണം പണയം വയ്ക്കുന്നവർക്കും പഴയ സ്വർണം വിറ്റഴിച്ച് പണം നേടാൻ ശ്രമിക്കുന്നവർക്കും നേട്ടവുമാണ്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold rate hits all-time high in Kerala, silver also rises

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com