ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചി എയർപോർട്ട് റെയിൽവേ സ്റ്റേഷനായി പരിഗണിക്കുന്നത് നേരത്തേ നിർദേശിക്കപ്പെട്ട സ്ഥലത്തു നിന്ന് 500 മീറ്ററോളം മാറി വിമാനത്താവളത്തിനടുത്ത്. 2010 ൽ കരിയാട്–മറ്റൂർ റോഡിലെ അകപ്പറമ്പ് റെയിൽവേ ഗേറ്റിനോടു ചേർന്നുള്ള സ്ഥലമാണ് ആദ്യം പരിഗണിച്ചത്. ഇപ്പോൾ പരിഗണിക്കുന്നത്, അതിൽ നിന്നു 500 മീറ്ററോളം ആലുവ ഭാഗത്തേയ്ക്കു മാറിയുള്ള സ്ഥലമാണ്. 2010ൽ  ഇതിനുള്ള പദ്ധതി തയാറാക്കി നിർമാണത്തിന് അനുമതി ലഭിച്ചതാണ്. ശിലാസ്ഥാപനവും നടത്തിയെങ്കിലും റെയിൽവേ പദ്ധതി ഉപേക്ഷിച്ചു. 

ഇവിടെ സ്റ്റേഷൻ നിർമിക്കുന്നതിനുള്ള സ്ഥലം റെയിൽവേയ്ക്ക് ഉണ്ട്. ഭാവി വികസനത്തിന്, ആവശ്യമെങ്കിൽ സിയാൽ ഭൂമി ലഭ്യമാണ്. സ്റ്റേഷനു കിഴക്കും പടിഞ്ഞാറും സിയാലിന്റെ സ്ഥലമാണ്.ട്രെയിനിൽ എത്തുന്നവർക്കു ടാക്സികളെ ആശ്രയിക്കേണ്ടെന്ന പ്രത്യേകതയും ഉണ്ട്. ‌ആഭ്യന്തര, രാജ്യാന്തര ടൂറിസ്റ്റുകൾക്കു ചെലവു കുറഞ്ഞ യാത്രാ സൗകര്യമായി റെയിൽവേ മാറും. വിമാനത്താവളം കേന്ദ്രീകരിച്ച് കൂടുതൽ തൊഴിൽ, ബിസിനസ് അവസരങ്ങൾക്കും റെയിൽവേ സ്റ്റേഷൻ അവസരമൊരുക്കും.

വിമാനത്താവളത്തിലേക്കുള്ള കൊച്ചി ജലപാത കൂടി പൂർത്തിയാക്കിയാൽ വ്യോമ, റെയിൽ, റോഡ്, ജല ഗതാഗതം സംഗമിക്കുന്ന ലോകത്തെ തന്നെ ചുരുക്കം വിമാനത്താവളങ്ങളിലൊന്നായി കൊച്ചി മാറും. മെട്രോ റെയിലും വൈകാതെ കൊച്ചി വിമാനത്താവളത്തിലേക്കെത്തും.സിംഗപ്പൂരിലെ ചാങി, ലണ്ടനിലെ ഹീത്രോ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കു നേരിട്ടു ട്രെയിനിൽ എത്താം. ഈ നിലവാരത്തിലേക്കു കൊച്ചിയും ഉയരുന്നത് കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ കൊച്ചിയിലേക്ക് എത്താനും വഴിയൊരുക്കും.

വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച പുതിയ കാർഗോ വില്ലേജ് നിർദിഷ്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെ മാത്രമാണ്. കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കാർഗോ റെയിൽ മാർഗം കുറഞ്ഞ ചെലവിൽ എത്തിച്ചു വിമാനങ്ങളിൽ കയറ്റി അയയ്ക്കാമെന്നതു കയറ്റിറക്കുമതിക്കാർക്ക് ഏറെ ഗുണം ചെയ്യും. വിമാനത്താവളത്തിലെ കാർഗോ കയറ്റുമതി വർധിക്കുന്നതോടെ പ്രത്യേക കാർഗോ വിമാനങ്ങൾ വരെ എത്തിച്ചേരാനുള്ള സാധ്യതകളാണൂ തുറക്കുന്നത്.

ആവശ്യമെങ്കിൽ സ്ഥലം വിട്ടുനൽകും: സിയാൽ
നെടുമ്പാശേരി ∙ നിർദിഷ്ട കൊച്ചി എയർപോർട്ട് റെയിൽവേ സ്റ്റേഷന് ആവശ്യമെങ്കിൽ സ്ഥലം വിട്ടു നൽകുന്നതു പരിഗണിക്കുമെന്നു സിയാൽ. നിലവിൽ 2 പ്ലാറ്റ്ഫോമുകളാണു റെയിൽവേയുടെ പദ്ധതിയിലുള്ളത്. ഇതിനാവശ്യമായ സ്ഥലം റെയിൽവേയ്ക്കുണ്ട്.  ലോറികളിൽ വിമാനത്താവളത്തിലെത്തുന്ന കാർഗോ, റെയിൽ മാർഗത്തിലേക്കു മാറ്റുന്നതോടെ ചെലവു കുറയും.

കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്കു പോകുന്ന കാർഗോ കൊച്ചിയിലേക്കു വരാനും പുതിയ റെയിൽവേ സ്റ്റേഷൻ കാരണമാകും. റെയിൽവേ സ്റ്റേഷനിൽ നിന്നു ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ ബസ് സർവീസുകൾ വിമാനത്താവളത്തിലേക്ക് ഏർപ്പെടുത്തും. ബഗ്ഗി സർവീസും സ്കൈ വോക്കും പരിഗണനയിലുണ്ടൈന്നു സിയാൽ അറിയിച്ചു.

English Summary:

Kochi Airport Railway Station relocation brings the proposed station 500 meters closer to the airport. The new location, near Aluva, replaces a previously planned site near Akkaparambu, following an abandoned project from 2010.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com