625 കിലോമീറ്റർ 6 വരിപ്പാതയിൽ അരൂർ പാലം മുതൽ ഇടപ്പള്ളിവരെ 15 കിലോമീറ്റർ 4 വരി മാത്രം; കൊച്ചിക്കു ‘പണി’ കിട്ടും

Mail This Article
കൊച്ചി ∙ തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാത 66 ആറുവരി വീതിയിൽ പൂർത്തിയാകുമ്പോൾ കൊച്ചിക്കു കിട്ടും ‘വലിയൊരു ബഹുമതി’. തിരുവനന്തപുരം പൊഴിയൂരിൽ നിന്നു തുടങ്ങി കാസർകോട് തലപ്പാടിയിൽ അവസാനിക്കുന്ന 625 കിലോമീറ്റർ 6 വരിപ്പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്ന ഏക പോയിന്റ് കൊച്ചിയായിരിക്കും. കേരളത്തിൽ ആദ്യമായി ദേശീയപാത 4 വരിയാക്കിയ ഭാഗമാണിതെങ്കിലും, മറ്റു റോഡുകൾ 6 വരിയാകുമ്പോൾ കൊച്ചി അതേപടി നിലനിൽക്കുന്നതാണു പ്രശ്നം. അരൂരിൽ ആറുവരി ഉയരപ്പാതയിൽ നിന്ന് അരൂർ പാലത്തിലേക്കിറങ്ങുന്ന വാഹനങ്ങൾ പിന്നെ ഇടപ്പള്ളിവരെ 15 കിലോമീറ്റർ 4 വരിയിൽ ഇഴയാൻ തുടങ്ങും.
ഇടയ്ക്കുള്ള പാലങ്ങളിൽ മാത്രം 6 വരി വീതിയുണ്ട്. ബാക്കിയെല്ലാം 4 വരി മാത്രം. ദേശീയപാത 66 ൽ ഏറ്റവും തിരക്കുള്ള ഭാഗമാണിത് എന്നു മാത്രമല്ല, കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംക്‌ഷനും ഇവിടെയാണ്– വൈറ്റില.ദേശീയപാത 66 ആറു വരിയാക്കുന്നതിന്റെ ഭാഗമായി ഇടപ്പള്ളി– അരൂർ ദേശീയപാതയിൽ 6 വരി ഉയരപ്പാത നിർമിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ദേശീയപാത അതോറിറ്റി വിശദ പദ്ധതി രേഖ അംഗീകരിച്ചിട്ടില്ല. 6 വരിപ്പാതയുടെ അലൈൻമെന്റ് റിപ്പോർട്ട് ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റ് ദേശീയപാതാ അതോറിറ്റിയിൽ സമർപ്പിച്ചിട്ടുണ്ട്. വിശദ പദ്ധതി രൂപരേഖയും ഇവർ തയാറാക്കി. അലൈൻമെന്റ് റിപ്പോർട്ട് അംഗീകരിച്ചാൽ മാത്രമേ ഡിപിആർ സമർപ്പിക്കാനാവൂ. ഇതാണു പദ്ധതി വൈകാൻ കാരണം. തൂറവൂർ– അരൂർ ഉയരപ്പാതയുടെ ഡിപിആർ തയാറാക്കിയതും ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റ് ആയിരുന്നു.
അനിശ്ചിതത്വം
ഉയരപ്പാതയുടെ ഡിപിആർ തയാറാവാത്തതു മൂലം ഇടപ്പള്ളി– മൂത്തകുന്നം 6 വരിപ്പാതയുടെ ഇടപ്പള്ളി ഭാഗത്തെ നിർമാണത്തിലും അനിശ്ചിതത്വം ഉണ്ട്. ഇടപ്പള്ളിയിൽ ലുലു കോർപറേറ്റ് ഓഫിസ് പരിസരത്തുനിന്ന് ഒബ്റോൺ മാൾ വരെയുള്ള ദൂരത്തിൽ അണ്ടർപാസ് നിർമിച്ച് ഇടപ്പള്ളി ജംക്‌ഷനിലെ കുരുക്ക് ഒഴിവാക്കാനായിരുന്നു തീരുമാനം. ഈ നിർമാണം ഇടപ്പള്ളി– അരൂർ ഉയരപ്പാതയുടെ ഭാഗമാക്കണോ, ഇടപ്പള്ളി– മൂത്തകുന്നം 6 വരി പാതയുടെ കൂടെയാക്കണോ എന്നതിലാണു തീരുമാനമെടുക്കേണ്ടത്.അണ്ടർപാസ് വരുമ്പോൾ, ഇടപ്പള്ളി– അരൂർ 6 വരി ഉയരപ്പാത ഇടപ്പള്ളിയിൽ അണ്ടർപാസിലേക്കും അരൂരിൽ തുറവൂർ– അരൂർ 6 വരി ഉയരപ്പാതയിലേക്കുമായിരിക്കും ചെന്നുചേരുക. തിരുവനന്തപുരം – കാസർകോട് ദേശീയപാത 66 നിർമാണം അടുത്ത വർഷം പൂർത്തിയാകുമെന്നാണു കരുതുന്നത്.