ജർമനിയിൽ തിരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ

Mail This Article
ബര്‍ലിന്‍ ∙ ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗരന്മാരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധതി. ഇവർക്ക് സൗജന്യ ബിയറോ, ആൽക്കഹോൾ രഹിത പാനീയങ്ങളോ, സോസേജ് റോളോ നൽകുന്നതാണ് പദ്ധതി.
വോട്ടർമാരെ പോളിങ് സ്‌റ്റേഷനുകളിലേക്ക് വരുന്നതിന് പ്രേരിപ്പിക്കുന്നതിനായി സമീപത്തുള്ള ഒരു ബിയർ കാർട്ടിൽ ഉപയോഗിക്കാവുന്ന വൗച്ചറുകളാണ് നൽകുന്നത്. ആൽക്കഹോൾ രഹിത പാനീയങ്ങൾക്കും ഈ വൗച്ചർ ഉപയോഗിക്കാം. പ്രാദേശിക ബ്രൂവറികളുടെ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി ഡ്യൂയിസ്ബുര്‍ഗ് അധികൃതർ അംഗീകരിച്ചിട്ടുണ്ട്.
ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 80 ഓളം വോട്ടർമാർ ഈ അവസരം പ്രയോജനപ്പെടുത്തി. ചരിത്രപരമായി വോട്ടിങ് നിരക്ക് കുറവായ നഗരത്തിന്റെ വടക്കൻ പ്രദേശത്തെ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2021 ഫെഡറൽ തിരഞ്ഞെടുപ്പിൽ, രാജ്യത്തെ ശരാശരി 76.6% ആയപ്പോഴേക്കും, ഡ്യൂയിസ്ബുര്‍ഗ് നമ്പർ 2 മണ്ഡലത്തിൽ വെറും 63.3% പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് കണക്കുകൾ പറയുന്നു.