‘സഞ്ജുവിന്റെ ആരാധകരെ പ്രകോപിപ്പിക്കാനില്ല, പക്ഷേ...’; വിമർശിച്ച് മുൻ ഇന്ത്യൻ താരം

Mail This Article
പുണെ∙ തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെടുന്ന സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കഴിഞ്ഞ നാലു ട്വന്റി20 മത്സരങ്ങളിലും സഞ്ജു ഒരേ രീതിയിലാണു പുറത്തായതെന്നും കൂടുതൽ സംസാരിച്ച് സഞ്ജുവിന്റെ ആരാധകരെ പ്രകോപിപ്പിക്കാനില്ലെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. നാലാം ട്വന്റി20യിലും മലയാളി താരം ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതോടെയാണു ആകാശ് ചോപ്രയുടെ വിമർശനം. കഴിഞ്ഞ വർഷം മൂന്നു സെഞ്ചറികളുമായി ട്വന്റി20 മത്സരങ്ങളിൽ തിളങ്ങി നിന്ന സഞ്ജു, ഇംഗ്ലണ്ടിനെതിരെയും തകർത്തുകളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.
എന്നാൽ സഞ്ജുവിന്റെ ദൗർബല്യം തിരിച്ചറിഞ്ഞ ഇംഗ്ലിഷ് പേസർമാർ നാലു മത്സരങ്ങളിലും താരത്തെ ചെറിയ സ്കോറിനു പുറത്താക്കി. കഴിഞ്ഞ കളികളിലെല്ലാം ഷോർട്ട് ബോളുകളിലായിരുന്നു സഞ്ജു പുറത്തായത്. ജോഫ്ര ആർച്ചർ, മാർക് വുഡ്, സാക്കിബ് മഹ്മൂദ് എന്നിവരുടെ പന്തുകൾ നേരിടുന്നതിൽ താരം ബുദ്ധിമുട്ടി. ‘‘ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങ്ങിന് ഇറങ്ങുന്നു. സഞ്ജു സാംസൺ പതിവു രീതിയിൽ തന്നെ വീണ്ടും പുറത്തായി. സഞ്ജുവിന്റെ ആരാധകരെ ഞാൻ പ്രകോപിപ്പിക്കുന്നില്ല, പക്ഷേ നാലു തവണയും അദ്ദേഹം പുറത്തായതിൽ സമാനതകളുണ്ട്.’’– ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ വ്യക്തമാക്കി.
‘‘നാലാം മത്സരത്തിൽ സാക്കിബ് മഹ്മൂദിന്റെ പന്തിലാണ് അദ്ദേഹം ഔട്ടായത്. ഇത്തവണയും ഷോർട്ട് ബോളിൽ തന്നെ. മൂന്നു വട്ടം ജോഫ്ര ആര്‍ച്ചറും ഒരു തവണ സാക്കിബും അദ്ദേഹത്തെ പുറത്താക്കി.’’– ആകാശ് ചോപ്ര പ്രതികരിച്ചു. നാലാം മത്സരത്തിൽ 15 റൺസ് വിജയം നേടിയതോടെ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച മുംബൈയിൽ നടക്കും.