വിനോദസഞ്ചാര മേഖലയിലും മാറ്റങ്ങൾ; പ്രതീക്ഷ നല്കി കേന്ദ്ര ബജറ്റ്

Mail This Article
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്കുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തില്‍ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുക, വിദേശ യാത്രികരെ പ്രോത്സാഹിപ്പിക്കാന്‍ വിസ ചട്ടങ്ങളില്‍ ഇളവു നല്‍കുക, പ്രാദേശിക വിമാന സര്‍വീസുകള്‍ മെച്ചപ്പെടുത്തുക, മെഡിക്കല്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കുക എന്നിങ്ങനെ വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ നിര്‍മല സീതാരാമന് അവതരിപ്പിച്ച 2025ലെ കേന്ദ്ര ബജറ്റിലുണ്ട്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വിദേശത്തു നിന്നുള്ള സഞ്ചാരികളുടെ വരവ് കൂടാനും പ്രാദേശിക സമൂഹങ്ങളില്‍ സാമ്പത്തിക വളര്‍ച്ച നേടാനും ഈ പ്രഖ്യാപനങ്ങള്‍ സഹായിച്ചേക്കും.
സംസ്ഥാനങ്ങളുമായി സഹകരിച്ച് രാജ്യത്ത് 50 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നതാണ് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട നിര്‍മല സീതാരാമന്റെ പ്രധാന പ്രഖ്യാപനം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാവും ഊന്നല്‍ നല്‍കുക. ഇതിനായി സ്ഥലം ഏറ്റെടുത്തു നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. മേഖലകളിലെ ഹോട്ടലുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനത്തിനാവും ശ്രമിക്കുക.
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപനങ്ങളിലെ യുവജനങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും ആവിഷ്ക്കരിക്കും. ഹോം സ്റ്റേകള്‍ വികസിപ്പിക്കുന്നതിന് മുദ്ര വായ്പ നല്‍കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കും മുന്‍തൂക്കം ലഭിക്കും. വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍, വൃത്തി, പ്രചാരണ പ്രവൃത്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചു.
പ്രത്യേക വിനോദ സഞ്ചാരികളുടെ സംഘങ്ങള്‍ക്ക് വിസ തുക ഒഴിവാക്കാനുള്ള നടപടികളും സുസംഘടിതമായ ഇ വിസ സൗകര്യങ്ങളും വിദേശ സഞ്ചാരികള്‍ക്ക് ലഭ്യമാക്കും. ആത്മീയവും മതപരവുമായി പ്രാധാന്യമുള്ള മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും നിര്‍മല സീതാരാമന് ആവര്‍ത്തിച്ചു. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിക്കും.
കേരളത്തിന്റെ കൂടി സാധ്യതയായ മെഡിക്കല്‍ ടൂറിസം രംഗത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് നിര്‍മല സീതാരാമന് അറിയിച്ചിട്ടുണ്ട്. ഹീല്‍ ഇന്‍ ഇന്ത്യ എന്ന രീതിയില്‍ ഇന്ത്യയിലെത്തി വിദേശികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ ചിലവില്‍ ആസ്വദിക്കാനുള്ള അവസരം ഒരുക്കും. സ്വകാര്യ മേഖലയിലെ ആശുപത്രികളുടേയും മറ്റു സ്ഥാപനങ്ങളുടേയും സഹകരണത്തിലായിരിക്കും മെഡിക്കല്‍ ടൂറിസം നടപ്പാക്കുക.
'സാധാരണക്കാരെ പറക്കാന്‍ അനുവദിക്കുന്ന' ഉഡാന്‍ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തും. പ്രാദേശികമായ പ്രദേശങ്ങള്‍ തമ്മില്‍ കൂടുതല്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി 120 പുതിയ സ്ഥലങ്ങളിലേക്കു കൂടി പ്രാദേശിക വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും നിര്‍മല സീതാരാമന് നടത്തി. അടുത്ത പത്തു വര്‍ഷത്തിനിടെ നാലു കോടി വിമാനയാത്രികരെ ഉള്‍ക്കൊള്ളുകയാണ് ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം. വിമാനയാത്ര കൂടുതല്‍ ജനകീയമാക്കുന്നതിനൊപ്പം വിനോദ സഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുക കൂടി ഇതുകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.