ആദായനികുതി പ്രഖ്യാപനത്തിൽ നഷ്ടം ഒരു ലക്ഷം കോടി; എങ്ങനെ മറികടക്കും സർക്കാർ

Mail This Article
മിഡിൽ ക്ലാസിന് പ്രതീക്ഷിച്ചതിലും എത്രയോ അധികമാണ് കേന്ദ്ര ബജറ്റ് നൽകിയത് എന്നതിൽ ആർക്കും സംശയമില്ല. മറുവശത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് കാര്യമായി ഒന്നും ഇല്ലെന്ന പരാതി വ്യാപകമായി ഉയരുകയും ചെയ്യുന്നു. പത്തു ലക്ഷം വരെയുള്ള വരുമാനത്തിന് എന്തെങ്കിലും ഒക്കെ നികുതി ഇളവുകൾ പ്രതീക്ഷിച്ചിരുന്നിടത്ത് 12 ലക്ഷം രൂപ വരെ നികുതി ഇളവ് എന്ന പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഇടത്തരക്കാർക്ക് ബംബർ ലോട്ടറി തന്നെയാണ്.
അതേസമയം ഇപ്പോൾ പ്രഖാപിച്ച ആദായനികുതി മാറ്റങ്ങൾ വഴി കേന്ദ്രസർക്കാരിന്റെ വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുവരെ ബജറ്റിൽ പൊതുവേ ആദായനികുതി ദായകർക്ക് വളരെ കുറച്ചു മാത്രം നൽകി വന്നിരുന്ന നിർമലാ സീതാരാമൻ എന്തുകൊണ്ട് ഇത്തരത്തിൽ വലിയ നഷ്ടം സഹിച്ചുകൊണ്ട് ഒരു നീക്കത്തിനു തയാറായി എന്ന ചോദ്യം പ്രസക്തമാണ്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടത് ഇടത്തരക്കാരുടെ രോഷമാണെന്ന തിരിച്ചറിവാണ് അവരെ പ്രീതിപെടുത്താൻ പ്രതീക്ഷകൾക്കും അപ്പുറമുള്ള ആദായനികുതി ഇളവുകൾ നൽകാൻ പ്രേരിപ്പിച്ചത് എന്നൊരു വിലയിരുത്തലുണ്ട്. അതേസമയം അഞ്ചു ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ള രണ്ടോ നാലോ കോടി ഇടത്തരക്കാരാകും രാജ്യത്ത് പരമാവധി ഉണ്ടാകുക. ഇത്രയും പേരുടെ പ്രീതി നേടാനായി ഒരു വർഷം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സർക്കാർ സഹിക്കേണ്ടതുണ്ടോ? അതും നൂറു കോടിയോളം വരുന്ന സാധാരണക്കാർക്ക് കാര്യമായി ഒന്നും ഇല്ലെന്ന പരാതി വിളിച്ചു വരുത്തിക്കൊണ്ട്.
സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ എങ്ങനെ?
ആദായനികുതി ഇനത്തിൽ സർക്കാരിന് വരുന്ന നഷ്ടം ഒരു ലക്ഷം കോടിയിൽ നല്ലൊരു ഭാഗം ഈ ഇടത്തരക്കാർ അവരുടെ ഉപഭോഗ ആവശ്യത്തിനായി വിപണിയിൽ ചെലവഴിക്കും എന്നാണ് വിശദീകരണം. അത് മൊത്തത്തിൽ വിവിധ മേഖലകളിൽ ഡിമാൻഡ് വർധിപ്പിക്കുകയും അതിന്റെ നേട്ടം സമൂഹത്തിലെ താഴെ തട്ടിലേക്ക് എത്തുകയും ചെയ്യും. ഈ മണി ഫ്ളോയുടെ ഫലമായി തൊഴിലും വരുമാനവും ഉയരുമെന്നും വിദഗ്ധർ വിശദീകരിക്കുന്നു. അതു വലിയൊരു പരിധിയോളം ശരിയുമാണ്. മാത്രമല്ല വിവിധ മേഖലകളിലേക്ക് കൂടുതൽ പണം എത്തുന്നതോടെ ചരക്കു സേവന നികുതിയിൽ വലിയ വർധന ഉണ്ടാകുമെന്നും ഇൻകം ടാക്സ് ഇളവു മൂലമുള്ള നഷ്ടം ഇതു വഴി വലിയൊരു പരിധി വരെ പരിഹരിക്കാമെന്നും ധനമന്ത്രി കണക്കു കൂട്ടിയിട്ടുണ്ടാകും. മാത്രമല്ല ഇടത്തരക്കാരുടെ പക്കൽ അധികമായി വരുന്ന തുകയിൽ ഒരു വിഹിതം ഓഹരിയിലും മ്യൂച്വൽ ഫണ്ടിലുമെത്തുമെന്നും അതു വഴി മൂലധന നേട്ട നികുതി വർധിക്കുമെന്നും പ്രതീക്ഷിക്കാം.
അതേസമയം ഇടത്തരക്കാരുടെ കയ്യിൽ പണത്തിന് ഒരു കുറവുമില്ലെന്നും കഴിഞ്ഞ വർഷങ്ങളിൽ ഓഹരിയിലും പബ്ലിക് ഇഷ്യുവിലും മ്യൂച്വൽ ഫണ്ടിലും അടക്കം ഒഴുകിയെത്തുന്ന തുക അതിന് തെളിവാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ ഇടത്തരക്കാരുടെ കയ്യിലെ പണം ഉപയോഗപ്പെടുത്തി താഴെ തട്ടിലുള്ളവരുടെ പോക്കറ്റ് നിറയ്ക്കാമെന്ന സ്വപ്നം എത്രത്തോളം പ്രാവർത്തികമാകും എന്നത് കണ്ടു തന്നെ അറിയണം.
മാത്രമല്ല സർക്കാരിന് ഒരു ലക്ഷം കോടിയുടെ നഷ്ടം ആദായനിനികുതിയിലെ ഇളവുകൾ മൂലം ഉണ്ടാകുമെന്ന കണക്കുകൾ വിശ്വാസ്യയോഗമല്ലെന്ന വിമർശനവും ഇവർ ഉയർത്തുന്നു. എന്തായാലും സമ്പൂർണ ദാരിദ്ര്യ നിർമാർജനം പ്രധാന ലക്ഷ്യമെന്ന് ബജറ്റിന്റെ തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ച ധനമന്ത്രി പക്ഷേ അതിനായി ക്രീയാത്മക പദ്ധതികൾ ആവിഷിക്കരിച്ചിട്ടിലെന്ന വാദം തള്ളിക്കളയാനാകില്ല.