സ്റ്റാൻഡപ് ഇന്ത്യ 2.0: ആദ്യ സംരംഭത്തിന് സ്ത്രീകൾക്ക് ലഭിക്കും 2 കോടി രൂപ

Mail This Article
ആദ്യമായി സംരംഭം തുടങ്ങുന്ന വനിതാ, എസ്‌സി/എസ്‍ടി സംരംഭകർക്ക് 2 കോടി രൂപവരെ വായ്പ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 5 ലക്ഷം പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അടുത്ത 5 വർഷം കൊണ്ടാകും വായ്പ വിതരണം. 2016ൽ പ്രഖ്യാപിച്ച സ്റ്റാൻഡ് അപ് ഇന്ത്യ സ്കീമിനു സമാനമായി ആവും പദ്ധതി നടപ്പാക്കുക. സ്റ്റാൻഡ് അപ് ഇന്ത്യ സ്കീമിൽ 10 ലക്ഷം മുതൽ ഒരു കോടി രൂപവരെ ആയിരുന്നു വായ്പ.
സൂക്ഷ്മ (മൈക്രോ) സംരംഭങ്ങൾക്കായി ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 5 ലക്ഷം രൂപ പരിധിയിലാണ് ക്രെഡിറ്റ് കാർഡ് എത്തുന്നത്. ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്കു മാത്രമാണ് ക്രെഡിറ്റ് കാർഡ് അനുവദിക്കുക.

പദ്ധതിയുടെ ആദ്യവർഷം 10 ലക്ഷം ക്രെഡിറ്റ് കാർഡുകള്‍ കേന്ദ്രം വിതരണം ചെയ്യും. വഴിയോര കച്ചവടക്കാർക്കു പ്രവർത്തന മൂലധന വായ്പ നൽകാൻ അവതരിപ്പിച്ച പിഎം സ്വൻനിധി സ്കീമിലും ക്രെഡിറ്റ് കാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക്/യുപിഐ ലിങ്ക് ചെയ്ത ക്രെഡിറ്റ് കാർഡുവഴി 30000 രൂപയുടെ വായ്പയാണ് നൽകുക. ക്രെഡിറ്റ് കാർഡ് എത്തുന്നതോടെ അടിയന്തിര ഘട്ടങ്ങളിൽ അസംസ്കൃത വസ്തുക്കൾ/സാധനങ്ങൾ ഉൾപ്പടെ വാങ്ങുന്നതിനായി സംരംഭകർക്കും കച്ചവടക്കാർക്കും മറ്റ് വായ്പകളെ ആശ്രയിക്കേണ്ടി വരില്ല. ഭാവിയിൽ ക്രെഡിറ്റ് കാർഡിന്‍റെ പരിധിയും കേന്ദ്രം ഉയർത്തിയേക്കും.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എംഎസ്എംഇകളുടെ (മൈക്രോ , സ്മോൾ, മീഡിയം എന്‍റർപ്രൈസസ്) പ്രവർത്തനം സുഗമമാക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയുടെ നിക്ഷേപ–വിറ്റുവരവു പരിധി ഉയർത്തുകയാണ് ചെയ്തത്. ഇനി മുതൽ 2.5 കോടി രൂപവരെ നിക്ഷേപവും 10 കോടി രൂപവരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ സൂക്ഷ്മ സംരംഭങ്ങളായി കണക്കാക്കും. നേരത്തെ ഇത് യഥാക്രമം 1 കോടി രൂപ, 5 കോടി രൂപ എന്നിങ്ങനെ ആയിരുന്നു.
ഇത്തരത്തിൽ ചെറുകിട (സ്മോൾ) സംരംഭങ്ങളുടെ നിക്ഷേപ പരിധി 10ൽ നിന്നു 25 കോടി രൂപയായി ആണ് ഉയർത്തിയത്. അതായത് ഇനിമുതൽ 2.5 മുതൽ 25 കോടി രൂപവരെ നിക്ഷേപമുള്ള സംരംഭങ്ങളെ ചെറുകിയ സംരംഭമായിട്ടാവും പരിഗണിക്കുക. 50ൽ നിന്നും 100 കോടിയായി ആണ് ഇവയുടെ വിറ്റുവരവ് പരിധി ഉയർത്തിയത്. ഇടത്തരം (മീഡിയം) സംരംഭങ്ങളുടെ നിക്ഷേപ പരിധി 50ൽ നിന്നും 125 കോടി രൂപയാക്കിയും വിറ്റുവരവ് 250ൽ നിന്ന് 500 കോടി രൂപയാക്കിയും പുതുക്കി.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകുന്ന ക്രെഡിറ്റ് ഗ്യാരന്‍റി സ്കീമിലെ വായ്പാ പരിധിയും ഉയർത്തിയിട്ടുണ്ട്. 10 കോടി രൂപവരെ ഇനി വായ്പ ലഭിക്കും. നേരത്തെ ഇത് 5 കോടി രൂപ ആയിരുന്നു. സ്റ്റാർട്ടപ്പുകൾക്കും കയറ്റുമതി ചെയ്യുന്ന എംഎസ്എംഇകൾക്കും 20 കോടി രൂപവരെയും വായ്പ ലഭിക്കും. നിലവിൽ രാജ്യത്ത് ഒരു കോടിയിലധികം എംഎസ്എംഇകളാണുള്ളത്. 7.5 കോടി ആളുകൾക്ക് മേഖല തൊഴിലും നൽകുന്നുണ്ട്. രാജ്യത്തെ കയറ്റുമതിയുടെ ഏകദേശം 45 ശതമാനവും എംഎസ്എംഇകളുടെ സംഭാവനയാണ്.