കരിയറിലെ അവസാന മത്സരത്തിൽ ‘ഡക്ക്’, പക്ഷേ ടീം ജയിച്ചു; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

Mail This Article
കൊൽക്കത്ത∙ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹ. രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരം കളിച്ചാണ് 40 വയസ്സുകാരനായ ബംഗാൾ താരം കരിയർ അവസാനിപ്പിച്ചത്. 2010 ഫെബ്രുവരിയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരം 49 മത്സരങ്ങളാണ് ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. അതിൽ 40 ടെസ്റ്റുകളും ഒൻപത് ഏകദിന മത്സരങ്ങളും ഉൾപ്പെടുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനും ത്രിപുരയ്ക്കും വേണ്ടി ഫസ്റ്റ് ക്ലാസിൽ 142 മത്സരങ്ങളും ലിസ്റ്റ് എയിൽ 116 മത്സരങ്ങളും സാഹ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ മൂന്നു സെഞ്ചറികളും ആറ് അർധ സെഞ്ചറികളും താരം നേടി.
28 വർഷത്തെ ക്രിക്കറ്റ് കരിയറിൽ ഇന്ത്യൻ ജഴ്സിയിലും സംസ്ഥാനത്തിനും ജില്ലയ്ക്കും സർവകലാശാലയ്ക്കും കോളജിനും സ്കൂളിനും വേണ്ടി ക്രിക്കറ്റ് കളിച്ചതാണ് ജീവിതത്തിലെ വലിയ ആദരമെന്ന് സാഹ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കരിയറിലെ എല്ലാ നേട്ടങ്ങൾക്കും പാഠങ്ങൾക്കും ക്രിക്കറ്റിനോടാണു കടപ്പാടെന്നും സാഹ പ്രതികരിച്ചു. ‘‘മറക്കാനാകാത്ത വിജയങ്ങളും വിലമതിക്കാനാകാത്ത അനുഭവങ്ങളും എനിക്കു സമ്മാനിച്ചത് ക്രിക്കറ്റാണ്. അത് എന്നെ പരീക്ഷിച്ചു, പാകപ്പെടുത്തി, പാഠങ്ങൾ പകർന്നുതന്നു. ഉയർച്ചകളിലും താഴ്ചകളിലും വലിയ വിജയങ്ങളിലും തോൽവികളിലും എന്നെ ഞാനാക്കിയത് ക്രിക്കറ്റാണ്. പക്ഷേ എല്ലാം ഒരിക്കൽ അവസാനിപ്പിച്ചേ പറ്റൂ. ഞാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍നിന്നും വിരമിക്കുകയാണ്. ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനുള്ള സമയമാണിത്. ഇനി കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം എനിക്കു നഷ്ടമായ ജീവിതം ആസ്വദിക്കാനാണു തീരുമാനം.’’– സാഹ എക്സ് പ്ലാറ്റ്ഫോമിലെ നീണ്ട കുറിപ്പില്‍ വ്യക്തമാക്കി.
2021 ൽ ന്യൂസീലൻഡിനെതിരായ പരമ്പരയിലാണ് സാഹ ഇന്ത്യയ്ക്കു വേണ്ടി ഒടുവിൽ കളിച്ചത്. 2014ൽ എം.എസ്. ധോണി വിരമിച്ചതോടെയാണ് സാഹയ്ക്ക് വിക്കറ്റ് കീപ്പറുടെ റോളിൽ ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ഋഷഭ് പന്ത് ദേശീയ ടീമിലെത്തിയതോടെ സാഹ ടീമിനു പുറത്തായി. രഞ്ജിയിലെ അവസാന മത്സരത്തിൽ റണ്ണൊന്നുമെടുക്കാൻ സാധിക്കാതെ താരം പുറത്തായെങ്കിലും, ബംഗാൾ പഞ്ചാബിനെതിരെ ഇന്നിങ്സിനും 13 റണ്‍സിനും വിജയിച്ചു. അവസാന മത്സരത്തിനു ശേഷം സാഹയെ തോളിലേറ്റിയ സഹതാരങ്ങൾ ഗ്രൗണ്ട് വലംവച്ചു.
2022 ൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തിയപ്പോൾ, അവസരങ്ങൾ കുറഞ്ഞത് തന്നോടുള്ള അനീതിയായി തോന്നുന്നില്ലെന്ന് സാഹ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ടീമിന്റെ ആവശ്യങ്ങൾ നോക്കിയാണ് ബിസിസിഐ തീരുമാനങ്ങൾ എടുക്കുന്നതെന്നും സാഹ വിശദീകരിച്ചു. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്.