ഇന്ത്യൻ ടീമിൽ ആ താരത്തിന്റെ ആവശ്യമെന്താണ്? ബിസിസിഐയ്ക്കെതിരെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

Mail This Article
മുംബൈ∙ യുവതാരം ധ്രുവ് ജുറേലിന് അദ്ദേഹത്തിന്റെ കഴിവിനൊത്ത അവസരം ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവനിൽ കിട്ടുന്നില്ലെന്ന് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ധ്രുവ് ജുറേലിനെ എന്തിനാണു വൈകി ബാറ്റിങ്ങിനു വിടുന്നതെന്ന് കെവിന്‍ പീറ്റേഴ്സൻ ചോദിച്ചു. ‘‘മൂന്നാം ട്വന്റി20 മത്സരത്തിൽ ധ്രുവ് ജുറേലിന് ബാറ്റിങ്ങിന് കുറച്ചു സമയം പോലും കിട്ടിയിട്ടില്ല. ടീമിൽ ആ താരത്തിന്റെ ആവശ്യമെന്താണ്? ഈ റൈറ്റ്– ലെഫ്റ്റ് കോംബിനേഷനുകളോട് എനിക്കു താൽപര്യമില്ല. മികച്ച ബാറ്റർമാരെയാണ് കളിപ്പിക്കേണ്ടത്. കൂടുതൽ പന്തുകൾ നേരിടാൻ അവർക്ക് അവസരം നൽകണം.’’– കെവിൻ പീറ്റേഴ്സൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
മൂന്നാം ട്വന്റി20യിൽ സ്പെഷലിസ്റ്റ് ബാറ്ററായ ധ്രുവ് ജുറേല്‍ ബാറ്റിങ് ക്രമത്തിൽ വാഷിങ്ടൻ സുന്ദറിനും അക്ഷർ പട്ടേലിനും പിന്നിലാണ് ഇറങ്ങിയത്. നാലു പന്തുകൾ നേരിട്ട താരം രണ്ടു റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. ഇതോടെയാണ് ടീം മാനേജ്മെന്റിനെതിരെ വിമര്‍ശനം ശക്തമായത്. നാലാം ട്വന്റി20യില്‍ ധ്രുവ് ജുറേലിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചതുമില്ല.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ അഞ്ചാമനായി ധ്രുവ് ജുറേൽ ഇറങ്ങിയിരുന്നെങ്കിലും അഞ്ചു പന്തുകളിൽ നാലു റൺസ് മാത്രമാണു താരത്തിനു സ്വന്തമാക്കാൻ സാധിച്ചത്. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലും താരം പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശ് സ്വദേശിയായ ധ്രുവ് ജുറേല്‍ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി തിളങ്ങിയതോടെയാണ് ദേശീയ ടീമിലെത്തുന്നത്. 24 വയസ്സുകാരനായ താരത്തെ 14 കോടി രൂപ നൽകി രാജസ്ഥാൻ നിലനിർത്തിയിരുന്നു. 20 ലക്ഷം രൂപയ്ക്കായിരുന്നു താരം 2024ലെ ഐപിഎൽ കളിച്ചത്.