ഇത്തവണ ആരാധകരെ റെയിൽവേസ് ടീം ഒന്നടങ്കം ‘ചതിച്ചു’; രണ്ടാം ഇന്നിങ്സിലും കോലിയുടെ ബാറ്റിങ് കാണാനായില്ല – വിഡിയോ

Mail This Article
ന്യൂഡൽഹി∙ രഞ്ജി ട്രോഫി മത്സരത്തിൽ വിരാട് കോലിയുടെ ബാറ്റിങ് കാണാനെത്തിയ ആരാധകർക്ക് രണ്ടാം ഇന്നിങ്സിലും നിരാശ. ഒന്നാം ഇന്നിങ്സിൽ കോലി ആരാധകരെ ചതിച്ചത് പേസ് ബോളർ ഹിമാൻശു സാങ്‌വാനെങ്കിൽ, രണ്ടാം ഇന്നിങ്സിൽ റെയിൽവേസ് ടീം ഒന്നടങ്കം ആരാധകരെ ചതിച്ചു. 133 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽവേസ് 114 റൺസിന് ഓൾഔട്ടായതോട ഡൽഹിക്ക് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. റെയിൽവേസിനെതിരെ ഇന്നിങ്സിനും 19 റൺസിനുമാണ് ഡൽഹിയുടെ വിജയം.
ഇതോടെ, രണ്ടാം ഇന്നിങ്സിൽ കോലിയുടെ ബാറ്റിങ് കാണാമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ആരാധകർ നിരാശരായി. 13 വർഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാനെത്തിയ വിരാട് കോലി ഒന്നാം ഇന്നിങ്സിൽ ആറു റൺസെടുത്ത് പുറത്തായിരുന്നു. 15 പന്തു മാത്രം നേരിട്ടാണ് താരം പുറത്തായത്. ഫോമിലേക്കു തിരിച്ചെത്താൻ കഷ്ടപ്പെടുന്ന വിരാട് കോലി, റെയിൽവേസ് പേസർ ഹിമാൻശു സാങ്‌വാന്റെ ഗുഡ്‌ലെങ്ത് പന്തിൽ ക്ലീൻ ബൗൾഡായി.
വിരാട് കോലിക്ക് ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും ഒന്നാം ഇന്നിങ്സിൽ 106.4 ഓവറിൽ 374 റൺസെടുത്താണ് ഡൽഹി പുറത്തായത്. റെയിൽവേസിന്റെ ഒന്നാം ഇന്നിങ്സ് 67.4 ഓവറിൽ 241 റൺസിൽ അവസാനിച്ചിരുന്നു. 133 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ റെയിൽവേസ്, 30.5 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശിവം ശർമയാണ് ഡൽഹിക്ക് അനായാസ വിജയം സമ്മാനിച്ചത്. നവ്ദീപ് സെയ്നി, സിദ്ധാന്ത്, മോണി ഗ്രേവാൾ, ആയുഷ് ബദോനി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
31 പന്തിൽ ആറു ഫോറുകൾ സഹിതം 31 റൺസെടുത്ത മുഹമ്മദ് സെയ്ഫാണ് റെയിൽവേസിന്റെ ടോപ് സ്കോറർ. അയാൻ ചൗധരി 50 പന്തിൽ അഞ്ച് ഫോറുകൾ സഹിതം പുറത്താകാതെ 30 റൺസെടുത്തു. ഇവർക്കു പുറമേ റെയിൽവേസ് നിരയിൽ രണ്ടക്കത്തിലെത്തിയത് ഓപ്പണർ വിവേക് സിങ് (24 പന്തിൽ 12), ഉപേന്ദ്ര യാദവ് (22 പന്തിൽ 19) എന്നിവർ മാത്രം.