‘ദുബെയുടെ ബോളിങ്ങിന് വേഗം കൂടിയോ, അതോ റാണയുടെ ബാറ്റിങ് മെച്ചപ്പെട്ടോ?:’ കൺകഷൻ സബ്സ്റ്റിറ്റ്യൂഷനെ പരിഹസിച്ച് ബട്‍ലർ– വിഡിയോ

Mail This Article
പുണെ∙ ഇന്ത്യ–ഇംഗ്ലണ്ട് നാലാം ട്വന്റി20 മത്സരത്തിനിടെ ശിവം ദുബെയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഹർഷിത് റാണയെ കളത്തിലിറക്കിയതിനെച്ചൊല്ലി വിവാദം. ബാറ്റിങ്ങിനിടെ ശിവം ദുബെയ്‌ക്ക് ബാറ്റിങ്ങിനിടെ ഹെൽമറ്റിന് ഏറു കൊണ്ടതിനെ തുടർന്നാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിച്ചത്. ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിക്കുന്ന സമയത്ത് ദുബെ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ഇതേത്തുടർന്നാണ് ഇന്ത്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് സംവിധാനം ഉപയോഗിക്കാൻ അനുമതി തേടിയതും ദുബെയ്‌ക്കു പകരം ഹർഷിത് റാണ കളത്തിലിറങ്ങിയതും.
ബാറ്റിങ് പൂർത്തിയാക്കി മടങ്ങിയ ശിവം ദുബെയുടെ കൺകഷൻ സബ്ബായി ഫീൽഡിങ് സമയത്ത് പേസ് ബോളർ ഹർഷിത് റാണയെ കളത്തിലിറക്കിയത് ഇന്ത്യയ്ക്ക് ഫലത്തിൽ ഇരട്ട കളിക്കാരുടെ ഗുണമാണ് ചെയ്തത്. ബാറ്റിങ്ങിൽ കൂട്ടത്തോടെ തകർന്ന ഇന്ത്യയ്ക്ക് 34 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 53 റൺസെടുത്ത ശിവം ദുബെയായിരുന്നു ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം ടോപ് സ്കോറർ. ദുബെയ്ക്കു പകരം ഇന്ത്യ കൺകഷൻ സബ്ബായി ഉപയോഗിച്ച ഹർഷിത് റാണ ബോളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങിയതോടെ ഒരു ബോളറെ എക്സ്ട്രാ ലഭിച്ച ഫലമായി ഇന്ത്യയ്ക്ക്. രാജ്യാന്തര ട്വന്റി20യിൽ റാണയുടെ അരങ്ങേറ്റം കൂടിയായി മാറിയ മത്സരത്തിൽ, നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത താരം വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ബോളർമാരിൽ രവി ബിഷ്ണോയിക്കൊപ്പം ഒന്നാമനായി.
ഒരു താരത്തിന് കൺകഷൻ സംഭവിച്ചതായി സ്ഥിരീകരിച്ചാൽ പകരം അതേ പൊസിഷനിൽ കളിക്കുന്ന താരത്തെയാണ് കൺകഷൻ സബ്ബായി ഉപയോഗിക്കേണ്ടതെന്നാണ് നിയമം. ഇതനുസരിച്ചാണ് ഓൾറൗണ്ടറായ ശിവം ദുബെയ്‌ക്കു പകരം ഓൾറൗണ്ടറായ ഹർഷിത് റാണയെ ഇന്ത്യ പകരക്കാരനാക്കിയത്. എന്നാൽ, ദുബെ മികച്ച ബോളിങ്ങിനും ഉപയോഗപ്പെടുത്താവുന്ന നല്ലൊരു ബാറ്ററാണെന്നും റാണ ബാറ്റിങ്ങിനും ഉപയോഗപ്പെടുത്താവുന്ന നല്ലൊരു ബോളറാണെന്നുമാണ് ഇംഗ്ലണ്ടിന്റെ വിമർശനം. ദുബെയ്‌ക്കു പകരം റാണയെ കൺകഷൻ സബ്ബായി ഇറക്കിയപ്പോൾത്തന്നെ കമന്ററി ബോക്സിൽ കെവിൻ പീറ്റേഴ്സനും നിക്ക് നൈറ്റും തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് നായകൻ ജോസ് ബട്‍ലറും എതിർപ്പ് ഉന്നയിച്ചു.
‘‘ഒരേ രീതിയിലുള്ള കളിക്കാരനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഉപയോഗിക്കണമെന്നാണ് നിയമമെങ്കിലും ഇത് അങ്ങനെയല്ല. ഇതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഒന്നുകിൽ ശിവം ദുബെ ബോളിങ്ങിൽ 25 മൈൽ വേഗം കൂടി ആർജിച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ ഹർഷിത് റാണയുടെ ബാറ്റിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടാകണം. ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണെന്ന് അറിയാം. ഞങ്ങൾ ജയിക്കേണ്ടിയിരുന്ന മത്സരമാണ്. എന്തായാലും ഈ തീരുമാനത്തോട് ഞങ്ങൾ വിയോജിക്കുന്നു’ – ബട്‍ലർ പറഞ്ഞു.
‘‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്ന സമയത്ത് ഞങ്ങളുടെ അഭിപ്രായവും തേടിയിരുന്നില്ല. ബാറ്റിങ്ങിനായി വരുമ്പോൾ ഹർഷിത് റാണയെ കണ്ട് ആർക്കു പകരമാണ് ഫീൽഡിങ്ങിന് എത്തിയതെന്ന് ഞാൻ ആലോചിക്കുകയും ചെയ്തു. അപ്പോഴാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടാണ് എന്ന് അറിയുന്നത്. അതിനോട് എന്തായാലും യോജിക്കാനായില്ല. ഇവിടെ തുല്യരായ താരങ്ങളല്ല ഇരുവരും. മാച്ച് റഫറിയാണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. എന്തായാലും മാച്ച് റഫറി ജവഗൽ ശ്രീനാഥിനോട് വ്യക്തത തേടും’ – ബട്‍ലർ പറഞ്ഞു.
‘‘എന്തായാലും ഞങ്ങൾ മത്സരം തോൽക്കാനുള്ള കാരണം ഇതു മാത്രമൊന്നുമല്ല. ഞങ്ങൾക്ക് അവസാന നിമിഷം വരെ നല്ല വിജയസാധ്യതയുണ്ടായിരുന്നു. പക്ഷേ ഉപയോഗപ്പെടുത്താനായില്ല. പക്ഷേ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തിൽ തീർച്ചയായും ഞങ്ങൾ വ്യക്തത വരുത്തും’ – ബട്‍ലർ പറഞ്ഞു.