മഹ്മൂദ് വന്നു, സഞ്ജു ഉൾപ്പെടെ മൂന്നു പേരെ ‘കൊണ്ടുപോയി’; ഇന്ത്യയുടെ തുടക്കം തകർത്ത് ‘ട്രിപ്പിൾ വിക്കറ്റ് മെയ്ഡൻ’– വിഡിയോ

Mail This Article
പുണെ∙ ആദ്യ പന്തിൽ സഞ്ജു സാംസൺ, രണ്ടാം പന്തിൽ തിലക് വർമ, റണ്ണൊഴിഞ്ഞ മൂന്നു പന്തുകൾക്കു ശേഷം അവസാന പന്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്... ഓവർ പൂർത്തിയാകുമ്പോൾ ബോളറുടെ പേരിൽ കുറിക്കപ്പെട്ടത് ട്വന്റി20 ക്രിക്കറ്റിലെ തന്നെ ഒരു അപൂർവത – ട്രിപ്പിൾ വിക്കറ്റ് മെയ്ഡൻ! മാർക്ക് വുഡിന്റെ പകരക്കാരനായി സാഖിബ് മഹ്മൂദ് എന്ന ഇരുപത്തേഴുകാരനെ ഇന്ത്യയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തുമ്പോൾ ഇതുപോലൊരു ‘മാജിക് ഓവർ’ ഇംഗ്ലിഷ് നായകൻ ജോസ് ബട്‍ലർ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ? ഉത്തരം എന്തായാലും പരമ്പര വിജയം ലക്ഷ്യമിട്ടെത്തിയ ഇന്ത്യയെ പ്രതിരോധത്തിലേക്കു തള്ളിവിട്ടുകൊണ്ടാണ് പുണെ ട്വന്റി20യിൽ സാഖിബ് മഹ്മൂദ് തന്റെ ആദ്യ ഓവർ പൂർത്തിയാക്കിയത്.
ഒരു സിക്സും ഫോറും സഹിതം 12 റൺസടിച്ച് മികച്ച തുടക്കം കുറിച്ച ആദ്യ ഓവറിനു ശേഷമാണ്, സാഖിബിനു മുന്നിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ മുട്ടിടിച്ചു വീണത്. പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിലേതിനും സമാനമായി, ഷോർട്ട് ബോൾ ദൗർബല്യം തുറന്നുകാട്ടി പുറത്തായ മലയാളി താരം സഞ്ജു സാംസണിൽ നിന്നായിരുന്നു സാഖിബിന്റെ വിക്കറ്റ് വേട്ടയുടെ തുടക്കം.
ശരീരത്തിനു നേരെ വന്ന സാഖിബിന്റെ ഷോർട്ട് പിച്ച് പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് ഒരിക്കൽക്കൂടി പിഴച്ചു. ടൈമിങ് പാളിയ സഞ്ജുവിന്റെ ഷോട്ട് നേരെ പോയത് ഡീപ് സ്ക്വയർ ലെഗ്ഗിലേക്ക്. അനായാസ ക്യാച്ചുമായി ബ്രൈഡൻ കാഴ്സ് സഞ്ജുവിന് മടക്ക ടിക്കറ്റ് സമ്മാനിച്ചു. മൂന്നു പന്തിൽ ഒരു റണ്ണുമായി സഞ്ജുവന് നിരാശയോടെ മടക്കം.
വണ്‍ഡൗണായി എത്തിയ തിലക് വർമയും സഞ്ജുവിന്റെ അതേ പാത സ്വീകരിച്ചു. നേരിട്ട ആദ്യ പന്തിൽത്തന്നെ ആക്രമണത്തിനു മുതിർന്ന തിലക് വർമയ്ക്കും പിഴച്ചു. ഔട്ട്സൈഡ് എഡ്ജായ പന്ത് തേഡ്മാനിലേക്ക് കുതിച്ചെങ്കിലും, അതിലും വേഗത്തിൽ കുതിച്ചെത്തിയ ആർച്ചർ പന്തിനു കണക്കാക്കി വീണ് അത് കയ്യിലൊതുക്കി. സാഖിബിന് രണ്ടു പന്തിൽ രണ്ടു വിക്കറ്റും ഹാട്രിക്കിന്റെ വക്കിലും.
നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ ആവേശം മാറ്റിവച്ചാണ് തുടങ്ങിയത്. സാഖിബ് ഹാട്രിക്കിന്റെ വക്കിലാണെന്ന ബോധ്യത്തോടെ സൂര്യ മൂന്നാം പന്ത് പ്രതിരോധിച്ചു. എക്സ്ട്രാ ബൗൺസിന്റെ അകമ്പടിയോടെ എത്തിയ നാലാം പന്തിലും സൂര്യ കാര്യമായ ആക്രമണത്തിനു മുതിർന്നില്ല. അഞ്ചാം പന്തും പ്രതിരോധിച്ച സൂര്യയ്ക്കു പക്ഷേ അവസാന പന്തിൽ പിഴച്ചു. മെയ്ഡൻ ഓവർ ഒഴിവാക്കാൻ ഷോട്ടിനു ശ്രമിച്ച സൂര്യയെ, ഷോർട്ട് മിഡ് ഓണിൽ ബ്രൈഡൻ കാഴ്സ് കയ്യിലൊതുക്കി. ഒരു ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 12 റൺസ് എന്ന നിലയിൽനിന്ന്, ഇന്ത്യ 2 ഓവറിൽ മൂന്നിന് 12 റൺസ് എന്ന നിലയിലേക്ക് പതിച്ചു.
സാഖിബിന്റെ ഈ ഓവറിനു ശേഷം ശക്തമായി തിരിച്ചടിച്ച ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 181 റൺസ്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് ഓൾഔട്ടായതോടെ ഇന്ത്യയ്ക്ക് 15 റൺസ് വിജയവും പരമ്പരയും സ്വന്തം. പിന്നീട് വിക്കറ്റൊന്നും നേടാനാകാതെ പോയ സാഖിബ് നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എന്ന നിലയിലാണ് മത്സരം പൂർത്തിയാക്കിയത്.