ADVERTISEMENT

ക്വാലലംപുർ∙ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ആധികാരിക വിജയത്തോടെ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനലിൽ. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനെ തകർത്തത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 113 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരിക്കൽക്കൂടി ഓപ്പണർമാർ തിളങ്ങിയതോടെ, 30 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ശക്തരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നത്. ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. ദക്ഷിണാഫ്രിക്കൻ യുവനിര 11 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.

∙ വീണ്ടും ഇന്ത്യയുടെ ‘ഓൾറൗണ്ട്’ പ്രകടനം

ടൂർണമെന്റിൽ ഇതുവരെ കണ്ടതുപോലെ, ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഉൾപ്പെടെ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യയുടെ സെമി വിജയം. മത്സരത്തിൽ ടോസ് നേടിയതിൽ മാത്രമൊതുങ്ങുന്നു ഇംഗ്ലണ്ടിന്റെ ആധിപത്യം. ആദ്യം ബാറ്റു ചെയ്ത് ഇംഗ്ലണ്ട് ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. ഓപ്പണിങ് വിക്കറ്റിലും പിരിയാത്ത രണ്ടാം വിക്കറ്റിലും ഇന്ത്യ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. 50 പന്തിൽ എട്ടു ഫോറുകളോടെ 56 റൺസെടുത്ത ജി.കമാലിനി ടോപ് സ്കോററായി. ടൂർണമെന്റിൽ നിലവിലെ ടോപ് സ്കോററായ ജി.തൃഷ 20 പന്തിൽ അഞ്ച് ഫോറുകളോടെ 35 റൺസെടുത്ത് പുറത്തായി. സനിക ചാൽകെ 12 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ കമാലിനി – തൃഷ സഖ്യം 54 പന്തിൽ 60 റൺസ് കൂട്ടിച്ചേർത്തു. പിരിയാത്ത രണ്ടാം വിക്കറ്റിൽ കമാലിനി – സനിക സഖ്യം 36 പന്തിൽ 57 റൺസും കൂട്ടിച്ചേർത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തേ, ബാറ്റിങ് തിരഞ്ഞെടുത്ത് കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനായി, ഓപ്പണർ ഡേവിന പെറിൻ 40 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 45 റൺസെടുത്ത് ടോപ് സ്കോററായി. ക്യാപ്റ്റൻ അബി നോർഗ്രോവ്  25 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്തു. ഇവർക്കു പുറമേ രണ്ടക്കം കണ്ട ഏകതാരം 13 പന്തിൽ ഒരു ഫോർ സഹിതം 14 റൺസുമായി പുറത്താകാതെ നിന്ന ആമു സുരേൻകുമാറാണ്.

ഇന്ത്യയ്ക്കായി നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത പരൂണിക സിസോദിയ, നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത വൈഷ്ണവി ശർമ എന്നിവർ തിളങ്ങി. ആയുഷി ശുക്ല നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.

English Summary:

Under-19 Women's World Cup: India beat England to reach final

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com