ഗ്യാസ് സ്റ്റൗവിലെ തീ കുറവാണോ? കടയില്‍ കൊണ്ടുപോകാതെ ബർണർ ഇങ്ങനെ വൃത്തിയാക്കാം

Mail This Article
ഗ്യാസ് സ്റ്റൗവും ബർണറുമൊക്കെ വൃത്തിയാക്കേണ്ടത് ആവശ്യമാണ്. ബർണറിൽ പൊടിയും മറ്റും അടഞ്ഞിരുന്നാൽ തീയുടെ ശക്തിയും കുറയും. സാധാരണയായി അടുക്കള എല്ലാവരും നല്ല വൃത്തിയായിത്തന്നെ സൂക്ഷിക്കാറുണ്ട്. പാത്രങ്ങളും സിങ്കുമെല്ലാം നന്നായി കഴുകിയും തേച്ചുമിനുക്കിയുമെല്ലാം വയ്ക്കുന്നത് പതിവാണ്. എന്നാല്‍ ഇതിനിടയില്‍ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്, ഗ്യാസ് സ്റ്റൗവിന്‍റെ ബർണറുകള്‍. ഉണ്ടാക്കുന്ന ഭക്ഷണം മുഴുവന്‍ തിളച്ചു തൂവി,ഈ ബർണറുകള്‍കള്‍ക്ക് മേല്‍ അഴുക്കിന്‍റെ ഒരു പാളി തന്നെ കാണും. ഇത് തീ കുറയാന്‍ കാരണമാകും. ബർണറുകള്‍ വൃത്തിയാക്കാന്‍ ഒരു എളുപ്പവഴി അറിയാം.
ഒരു സ്റ്റീല്‍ പാത്രത്തില്‍, അഴുക്കു പിടിച്ച ബർണറുകള്‍ വയ്ക്കാം. അതിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിക്കാം. ഒരു പകുതി നാരങ്ങ മുഴുവന്‍ പിഴിഞ്ഞ് ഇതിലേക്ക് ചേർക്കണം. ഒപ്പം നാരങ്ങയുടെ തോടും ചേർക്കാം. അതിനു ശേഷം ഒരു പാക്കറ്റ് ഈനോ കൂടി ഇതിലേക്ക് ഇട്ട ശേഷം ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കണം. ഒരു മണിക്കൂറിനു ശേഷം, ഒരു ടൂത്ത് ബ്രഷില്‍ അല്‍പ്പം ഡിഷ്‌വാഷ് ജെല്‍ എടുത്ത് ബർണറുകള്‍ നന്നായി ബ്രഷ് ചെയ്യാം. അപ്പോള്‍ അഴുക്ക് മുഴുവന്‍ മാറി, ബർണറുകൾ തിളങ്ങുന്നതായി കാണാം

ബേക്കിങ് സോഡയും വിനാഗിരിയും മിക്സ് ചെയ്യുക. ബേക്കിങ് സോഡ മിശ്രിതം ബർണറിൽ പുരട്ടുക. 30മിനിറ്റിന് ശേഷം ബ്രഷ് കൊണ്ട് വൃത്തിയാക്കാം.
അഴുക്കുകൾ പോയി ബർണർ പെട്ടെന്ന് തന്നെ വൃത്തിയാക്കാം.