ബിഹാറിനെതിരെ ‘ഇരട്ട 5 വിക്കറ്റ്’ പ്രകടനം; രഞ്ജി ട്രോഫിയിൽ റെക്കോര്‍ഡിട്ട് കേരളത്തിന്റെ ‘സ്വന്തം’ സക്സേന!

Mail This Article
തിരുവനന്തപുരം∙ ബിഹാറിനെതിരായ തകർപ്പൻ പ്രകടനത്തോടെ രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡിട്ട് കേരളത്തിന്റെ ജലജ് സക്സേന. ആദ്യ ഇന്നിങ്സ് ബാറ്റു ചെയ്യാനിറങ്ങിയ ബിഹാറിനെതിരെ അഞ്ചു വിക്കറ്റുകളാണ് സക്സേന വീഴ്ത്തിയത്. 7.1 ഓവറുകൾ പന്തെറിഞ്ഞ ജലജ് സക്സേന 19 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. രഞ്ജി ട്രോഫിയിൽ താരത്തിന്റെ 31–ാമത് അഞ്ച് വിക്കറ്റ് പ്രകടനമാണിത്. പിന്നാലെ രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തി ജലജ് സക്സേന അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ എണ്ണം 32ൽ എത്തിച്ചു.
ബിഹാറിനെതിരായ പ്രകടനത്തോടെ കൂടുതല്‍ ടീമുകൾക്കെതിരെ അഞ്ച് വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് സക്സേനയുടെ പേരിലായി. ജലജ് സക്സേന അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന 19–ാമത്തെ ടീമാണു ബിഹാർ. മുൻ ഇന്ത്യൻ പേസർ പങ്കജ് സിങ്ങിന്റെ (18) റെക്കോർഡാണു 38 വയസ്സുകാരനായ സക്സേന മറികടന്നത്. രഞ്ജിയില്‍ 421 വിക്കറ്റുകൾ ആകെ വീഴ്ത്തിയിട്ടുള്ള താരം വിക്കറ്റ് വേട്ടയിൽ ഒൻപതാം സ്ഥാനത്താണ്.
ഈ സീസണിനിടെ രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റുകളുമെന്ന അതുല്യ നേട്ടവും സക്സേന സ്വന്തമാക്കിയിരുന്നു. 2016–17 സീസണിലാണ് ജലജ് സക്സേന കേരളത്തിനായി കളിക്കാൻ എത്തുന്നത്. അതിനു മുൻപ് മധ്യപ്രദേശിനായി തിളങ്ങിയ താരം 159 വിക്കറ്റുകളും 4041 റൺസും സ്വന്തമാക്കിയിട്ടുണ്ട്. 38 വയസ്സുകാരനായ സക്സേനയ്ക്ക് ഇതുവരെ ദേശീയ ടീമിൽ ഇടം ലഭിച്ചിട്ടില്ല.
രഞ്ജി ട്രോഫിയിൽ കൂടുതൽ ടീമുകൾക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചവർ (ടീമുകളുടെ എണ്ണം, താരം എന്ന ക്രമത്തിൽ)
19– ജലജ് സക്സേന
18– പങ്കജ് സിങ്
16– സുനിൽ ജോഷി
16– ആർ. വിനയ് കുമാർ
16– ഷഹബാസ് നദീം
16– ആദിത്യ സർവാതെ