ബിഹാറിനെതിരെ കൂറ്റൻ വിജയവുമായി കേരളത്തിന്റെ കുതിപ്പ്; 6 വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫി ക്വാർട്ടറിൽ!

Mail This Article
തിരുവനന്തപുരം∙ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്ത് കേരളത്തിന്റെ ഐതിഹാസിക പ്രകടനം. തികച്ചും ഏകപക്ഷീയമായി മാറിയ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബിഹാറിനെ ഇന്നിങ്സിനും 168 റൺസിനും തകർത്താണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശം. ഒന്നാം ഇന്നിങ്സിൽ വെറും 64 റൺസിനു പുറത്തായി ഫോളോഓൺ ചെയ്ത ബിഹാർ, രണ്ടാം ഇന്നിങ്സിലും കൂട്ടത്തോടെ തകർന്നടിഞ്ഞ് 41.1 ഓവറിൽ 118 റൺസിനു പുറത്തായതോടെയാണ് കേരളം കൂറ്റൻ വിജയം സ്വന്തമാക്കിയത്.
രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റെടുത്ത സൂപ്പർതാരം ജലജ് സക്സേനയാണ് കേരളത്തിന് തകർപ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് ഇന്നിങ്സിലുമായി ബിഹാറിന്റെ 20 വിക്കറ്റുകളാണ് കേരള ബോളർമാർ എറിഞ്ഞിട്ടത്. കേരളത്തിന് നഷ്ടമായ അവസാന വിക്കറ്റു കൂടി ചേർക്കുമ്പോൾ ഇന്നു മാത്രം വീണത് 21 വിക്കറ്റുകൾ! സ്കോർ: കേരളം – 351, ബിഹാർ – 64 & 118.
ഹരിയാന, കർണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്നാണ് കേരളം തകർപ്പൻ പ്രകടനവുമായി ക്വാർട്ടറിൽ കടന്നത്. ഈ വിജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ഇപ്പോൾ നടന്നുവരുന്ന ഹരിയാന – കർണാടക മത്സരം കൂടി പൂർത്തിയായെങ്കിൽ മാത്രമേ കേരളത്തിനൊപ്പം ഗ്രൂപ്പിൽനിന്ന് ആരാണ് ക്വാർട്ടറിലേക്ക് മുന്നേറുന്നത് എന്ന കാര്യത്തിൽ അന്തിമ ചിത്രമാകൂ.
∙ തകർന്നടിഞ്ഞ് ബിഹാർ
ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ ബിഹാർ 23.1 ഓവറിൽ 64 റൺസെടുത്തു പുറത്തായതോടെ, കേരളം അവരെ ഫോളോ ഓണിനു വിട്ടിരുന്നു. രണ്ടാം ഇന്നിങ്സിലും ബിഹാർ ബാറ്റർമാരെ നിലം തൊടാൻ കേരള ബോളർമാർ അനുവദിച്ചില്ല. 41.1 ഓവറിലാണ് ബിഹാർ 118 റൺസിന് പുറത്തായത്. ഒന്നാം ഇന്നിങ്സിനു പിന്നാലെ രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റെടുത്ത ജലജ് സക്സേനയാണ് ഇത്തവണയും ബിഹാറിന്റെ അന്തകനായത്. സക്സേന 11.1 ഓവറിൽ 34 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്.
സക്സേനയ്ക്കു പുറമേ മൂന്നു വിക്കറ്റെടുത്ത മറ്റൊരു അതിഥി താരം ആദിത്യ സർവാതെ, ഓരോ വിക്കറ്റെടുത്ത എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ എന്നിവരും തിളങ്ങി. സക്സേന മത്സരത്തിലാകെ 10 വിക്കറ്റ് വീഴ്ത്തി. ആദിത്യ സർവാതെ 12 ഓവറിൽ 27 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
87 പന്തിൽ മൂന്നു ഫോറുകളോടെ 31 റൺസെടുത്ത ഷാക്കിബുൽ ഗനിയാണ് രണ്ടാം ഇന്നിങ്സിൽ ബിഹാറിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ വീർ പ്രതാപ് സിങ് 31 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 30 റൺസെടുത്തു. ഇവർക്കു പുറമേ ബിഹാർ നിരയിൽ രണ്ടക്കത്തിലെത്തിയത് 53 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ശ്രമൺ നിഗ്രോധ് മാത്രം.
∙ ഒന്നാം ഇന്നിങ്സിലും കൂട്ടത്തകർച്ച
47 പന്തിൽ 21 റൺസെടുത്ത ശ്രമൺ നിഗ്രോധായിരുന്നു ഒന്നാം ഇന്നിങ്സിൽ ബിഹാറിന്റെ ടോപ് സ്കോറർ. ആയുഷ് ലോഹാരുക (21 പന്തിൽ 13), ഗുലാം റബ്ബാനി (13 പന്തിൽ 10) എന്നിവരും ബിഹാറിന്റെ ആദ്യ ഇന്നിങ്സിൽ രണ്ടക്കം കടന്നു. ഒന്നാം ഇന്നിങ്സിൽ ബിഹാർ ആകെ നേടിയ 64 റൺസിൽ 44 റൺസും ഇവർ മൂന്നു പേരും ചേർന്നാണ് നേടിയത്. ബാക്കിയുള്ള എട്ടു പേർ ചേർന്ന് നേടിയത് വെറും 20 റൺസ് മാത്രം!
7.1 ഓവറുകൾ പന്തെറിഞ്ഞ ജലജ് സക്സേന 19 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്. കേരളത്തിനായി എം.ഡി. നിധീഷ് രണ്ടും വൈശാഖ് ചന്ദ്രൻ, ആദിത്യ സർവാതെ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
∙ ‘വാലിൽക്കുത്തി’ കേരളം
മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഒന്നാം സെഷനിൽ 101.2 ഓവറിൽ 351 റൺസെടുത്താണു കേരളം പുറത്തായത്. ആദ്യ ദിവസം സെഞ്ചറി പൂര്‍ത്തിയാക്കിയ സൽമാൻ നിസാർ 236 പന്തിൽ 150 റൺസെടുത്തു പുറത്തായി. വാലറ്റത്ത് എം.ഡി. നിധീഷ് (43 പന്തിൽ 30), വൈശാഖ് ചന്ദ്രൻ (54 പന്തിൽ അഞ്ച്) എന്നിവരെ കൂട്ടുപിടിച്ച് 149 റൺസാണ് സൽമാൻ നിസാർ കേരളത്തിനായി ചേർത്തത്. അവസാന വിക്കറ്റിൽ വൈശാഖ് ചന്ദ്രന്റെ പ്രതിരോധം കേരളത്തെ തുണച്ചു.
ഒന്നാം ദിനം കളി നിർത്തുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിലായിരുന്നു കേരളം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിനായി ഓപ്പണർ അക്ഷയ് ചന്ദ്രൻ (38) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോൾ രോഹൻ കുന്നുമ്മലും (3) ആനന്ദ് കൃഷ്ണനും (11) സച്ചിൻ ബേബിയും (4) പെട്ടെന്നു പുറത്തായി. സൽമാനും ഷോൺ റോജറും (59) ചേർന്നുള്ള 89 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ രക്ഷിച്ചത്. പിന്നീട് 9–ാം വിക്കറ്റിൽ എം.ഡി.നിധീഷ് (30) മികച്ച പിന്തുണ നൽകിയതോടെ സൽമാന് സെഞ്ചറി തികയ്ക്കാനായി. 79 റൺസാണ് ഇരുവരും ചേർന്നു നേടിയത്. ബിഹാർ ബോളർമാർ നൽകിയ 25 എക്സ്ട്രാ റൺസും കേരളത്തിനു തുണയായി.