ADVERTISEMENT

അദ്ഭുതകരമായ ഒട്ടേറെ കാഴ്ചകളും പ്രത്യേകതകളും നിറഞ്ഞതാണ് ഭൂമി. അതിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നാല്‍ ജലത്തിന്‍റെ സാന്നിധ്യമാണ്. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതും മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഇല്ലാത്തതും ജലത്തിന്‍റെ സാന്നിധ്യം കൊണ്ടാണ്. വര്‍ഷത്തില്‍ ആറു മാസക്കാലം നല്ല മഴ ലഭിക്കുന്ന നമുക്ക് ചിലപ്പോള്‍ ജലത്തിന്‍റെയും മഴയുടെയുമൊന്നും വില അത്രയ്ക്ക് അറിയണം എന്നില്ല. എന്നാല്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ ഈ ഭൂമിയില്‍ത്തന്നെയുണ്ട്, ഒരു തുള്ളി പോലും വെള്ളം കിട്ടാനില്ലാത്ത സ്ഥലങ്ങള്‍. 

ലോകത്ത് ഒരിക്കലും മഴ പെയ്യാത്ത ഒരു ഗ്രാമമുണ്ട് എന്ന കാര്യം അറിയാമോ? ഈ സ്ഥലം ഒരു തരിശു മരുഭൂമിയല്ല; മറിച്ച് ആളുകൾ താമസിക്കുന്ന ഗ്രാമമാണ് ഇവിടം. യെമൻ തലസ്ഥാനമായ സനയ്ക്കും അൽ ഹുദൈദയ്ക്കും ഇടയിലുള്ള പർവതപ്രദേശമായ ജബൽ ഹരാസിലെ സനാ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ-ഹുതൈബ് എന്ന ഗ്രാമമാണ് ഒരിക്കലും മഴ പെയ്യാത്ത ആ ഗ്രാമം.

ഒരിക്കലും മഴ പെയ്യാത്ത ഗ്രാമം

ആദ്യ കാഴ്ചയില്‍ സാധാരണ ഒരു ഗ്രാമം പോലെയാണ് അല്‍ ഹുതൈബ് തോന്നിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 3,200 മീറ്റർ വരെ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചുവന്ന മണ്‍ക്കല്ലുകളാല്‍ നിറഞ്ഞ ഭൂപ്രകൃതി. നിറയെ കുന്നും മലകളും അവയ്ക്കിടയില്‍ നിര്‍മിച്ച വീടുകളും. കൂടാതെ, ചരിത്ര നിര്‍മിതികളും ധാരാളമുണ്ട്. ഇവിടെ ഉയരത്തില്‍ നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകള്‍ സഞ്ചാരികളുടെ മനംകവരുന്നവയാണ്.

2494394643
Image credit: RobNaw/Shutterstock

മേഘങ്ങൾക്ക് മുകളിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് എന്നതാണ് അല്‍ ഹുതൈബ് ഗ്രാമത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതുതന്നെയാണ് ഇവിടെ മഴ പെയ്യാത്തതിനുള്ള കാരണം. മേഘങ്ങൾ ഇവരുടെ താമസസ്ഥലത്തിനു താഴെയായി  രൂപപ്പെടുകയും താഴെയുള്ള പ്രദേശത്തേക്ക് മഴ പെയ്യുകയും ചെയ്യുന്നു.

പുരാതനവും ആധുനികവുമായ വാസ്തുവിദ്യാരീതികളെ ഗ്രാമീണവും നഗരപരവുമായ സവിശേഷതകളുമായി സമന്വയിപ്പിക്കുന്ന നിരവധി നിര്‍മിതികള്‍ ഇവിടെയുണ്ട്. മൂന്നാമത്തെ ദാവൂദി ബൊഹ്‌റ ദായി അൽ-മുത്‌ലഖ് ഹാതിം ഇബ്‌നു ഇബ്രാഹിമിന്‍റെ ശവകുടീരം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷംതോറും പതിനായിരക്കണക്കിന് വിശ്വാസികള്‍ ഈ ശവകുടീരം സന്ദര്‍ശിക്കാന്‍ ഇവിടെയെത്തുന്നു. 

 ‘അനുഗ്രഹങ്ങളുടെ ഗുഹ’

ഹതിമി മസ്ജിദ്, മൻസൂർ അൽ യെമൻ മസ്ജിദ് എന്നിങ്ങനെ രണ്ട് സ്കൂളുകളും രണ്ട് പള്ളികളും ഈ ഗ്രാമത്തിലുണ്ട്. ഇവിടെയുള്ള കോട്ടയ്ക്ക് ചുവട്ടിലായി ‘അനുഗ്രഹങ്ങളുടെ ഗുഹ’(അറബിയിൽ കഹ്ഫ് ഉൻ-നയീം) ഗുഹയും സ്ഥിതിചെയ്യുന്നു.

ചരിത്ര വിവരണങ്ങൾ അനുസരിച്ച്, ഈ ഗ്രാമം ഒരിക്കൽ അൽ- സുലൈഹി ഗോത്രത്തിന്‍റെ ശക്തികേന്ദ്രമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായാണ് അവര്‍ ഈ പ്രദേശത്ത് ഇത്രയും ഉയരത്തില്‍ ഈ ഗ്രാമം നിർമിച്ചത്. അൽ- ബോറ അഥവാ അൽ- മുഖർമ്മ എന്ന വിഭാഗത്തിലുള്ള ആളുകളാണ് ഇപ്പോള്‍ ഇവിടെ വസിക്കുന്നത്. യെമൻ കമ്മ്യൂണിറ്റികൾ എന്നും ഇവരെ  വിളിക്കാറുണ്ട്.

English Summary:

Al Huthaib Yemen Rainless Village

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com