നിങ്ങൾക്കും സൂപ്പർസ്റ്റാറാകാം, വിഷുസദ്യയ്ക്ക് ഇനി മണിക്കൂറുകള്‍ വേണ്ട; എളുപ്പവഴി ഇതാ!

Mail This Article
വിഷുവിന്റെ നെട്ടോട്ടം ഒരാഴ്ച മുന്നേ തുടങ്ങുന്നത് സാധാരണയാണ്. എന്നാല്‍ ശരിക്കുമുള്ള ചക്രശ്വാസം വലിക്കുന്നത് വിഷുവിന്റെ അന്ന് തന്നെയാണ്. സദ്യ ഉണ്ടാക്കുക എന്നത് വലിയൊരു അധ്വാനം തന്നെയാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ മറ്റോ അതിഥികള്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട! ആഘോഷദിനമായിട്ട് പകലിന്റെ നല്ലൊരു ഭാഗവും അടുക്കളയില്ത്തന്നെയായിപ്പോകുന്നത് അത്ര നല്ലൊരു കാര്യമല്ല. പാചകം എത്രത്തോളം ഇഷ്ടമുള്ള ആളുകള്‍ ആണെങ്കിലും സദ്യയ്ക്ക് വേണ്ട ഓരോ വിഭവങ്ങളും തയാറാക്കിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്ങനെയാണ് ഈ കഷ്ടപ്പാട് ഒന്നു കുറഞ്ഞു കിട്ടുക?

പച്ചക്കറികള്‍ നുറുക്കുന്ന കാര്യമായാലും ഉണ്ടാക്കുന്ന സമയമായാലും കാലേ കൂട്ടി അല്‍പ്പം പ്ലാന്‍ ചെയ്താല്‍ പണി വളരെ എളുപ്പത്തില്‍ തീര്‍ന്നു കിട്ടും.
മെനു ആദ്യമേ തയാറാക്കി വയ്ക്കാം
സദ്യയ്ക്ക് എന്തൊക്കെ വിഭവങ്ങള്‍ വേണമെന്ന് ആദ്യം തന്നെ തീരുമാനിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ അവസാന നിമിഷം ഉണ്ടാകുന്ന കണ്ഫ്യൂഷന് ഒഴിവാക്കാം. ഷോപ്പിങ് ലിസ്റ്റ് തയാറാക്കാനും എളുപ്പമാണ്. അവസാനനിമിഷം മാറ്റങ്ങള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
പായസം ആദ്യം
സദ്യയ്ക്ക് അവസാനമാണ് പായസം വിളമ്പുന്നത്. എന്നാല്‍ ഇത് ആദ്യം തന്നെ ഉണ്ടാക്കി വയ്ക്കുന്നത് പണി കുറയ്ക്കും. വേണമെങ്കില്‍ തലേന്ന് തന്നെ പായസം ഉണ്ടാക്കിവയ്ക്കാം. ഇത് ഫ്രിജില്‍ എടുത്തുവച്ച് പിറ്റേ ദിവസം എടുത്ത് ചൂടാക്കിയാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ പായസത്തിനു രുചിയും കൂടും. ശര്‍ക്കര ചേര്‍ക്കുന്ന പായസങ്ങളാണ് ഇങ്ങനെ കൂടുതല്‍ രുചികരമാകുന്നത്.
പ്രഷര്‍ കുക്കര്‍ മറക്കേണ്ട
സദ്യ ഉണ്ടാക്കാനുള്ള പാത്രങ്ങളില്‍ ഏറ്റവും പ്രധാനം പ്രഷര്‍ കുക്കര്‍ തന്നെയാണെന്ന് പറയാം. പച്ചക്കറികളും പരിപ്പുമെല്ലാം വേവിക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ 60 ശതമാനത്തോളം സമയം ലാഭിക്കാം. പിന്നീട് ഇത് ചട്ടിയിലേക്ക് മാറ്റി അവസാന മിനുക്കുപണികള്‍ ചെയ്താല്‍ രുചിയും കൂടും. അതിനാല്‍, വിഷുവിനു ഒരാഴ്ച മുന്നേ തന്നെ കുക്കര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
പച്ചക്കറികള്‍ ഒരുമിച്ചു വേവിക്കാം
ചില വിഭവങ്ങള്‍ക്ക് ഒരേ പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ചേന, മുരിങ്ങക്കാ, കാരറ്റ് മുതലായവ സാമ്പാറിലും അവിയലിലും ഉപയോഗിക്കുന്നതാണ്. ഇത്തരം പച്ചക്കറികള്‍ ഒരുമിച്ച് കുക്കറില്‍ വേവിച്ച് മാറ്റിവയ്ക്കാം. എന്നിട്ട് വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവയിലേക്ക് ആവശ്യത്തിന് ചേര്‍ത്താല്‍ മതി. പരിപ്പുകറി, സാമ്പാര്‍, പായസം എന്നിവയ്ക്ക് പരിപ്പ് വേവിക്കുമ്പോഴും ഇങ്ങനെ തന്നെ ചെയ്യാം, പരിപ്പ് ഉപ്പിടാതെ വേവിക്കണം എന്ന് മാത്രം.

തേങ്ങ ചിരവല്‍
അവിയല്‍, തോരന്‍, സാമ്പാര്‍, പായസം, ഓലന്‍, പച്ചടി, കിച്ചടി എന്ന് വേണ്ട ഒട്ടുമിക്ക സദ്യ വിഭവങ്ങളിലും തേങ്ങ വേണം. ഓരോ വിഭവങ്ങളും ഉണ്ടാക്കുന്ന സമയത്ത് തേങ്ങ അപ്പപ്പോള്‍ ചിരവിയെടുക്കുന്നത് അല്‍പ്പം മിനക്കേടുള്ള പണിയാണ്. അതിനാല്‍ തേങ്ങ പൊട്ടിച്ച് ചിരവുന്ന പരിപാടി തലേന്നേ ചെയ്തു വയ്ക്കാം. ഇത് വായു കടക്കാത്ത പാത്രത്തിലോ സിപ്പ്ലോക്ക് ബാഗിലോ ആക്കി ഫ്രീസറില്‍ സൂക്ഷിക്കാം. തേങ്ങാപ്പാല്‍ വേണ്ട വിഭവങ്ങള്‍ക്ക് പാലും ഇതേപോലെ തലേന്ന് തന്നെ എടുത്ത് ഫ്രിഡ്ജില്‍ കയറ്റി വയ്ക്കാവുന്നതാണ്. വിഷുദിനത്തില്‍ ഇത് ഫ്രീസറില്‍ നിന്നും എടുത്ത് രാവിലെ തന്നെ മാറ്റിവയ്ക്കുക. അരച്ചെടുക്കുമ്പോള്‍ അല്‍പ്പം ചൂടുവെള്ളം ചേര്‍ത്താല്‍ കൂടുതല്‍ രുചി കിട്ടും.
തലേന്ന് ഉണ്ടാക്കാവുന്ന കറികള്‍
സദ്യയ്ക്ക് വിളമ്പുന്ന ചില കറികള്‍ തലേന്ന് തന്നെ ഉണ്ടാക്കാവുന്നതാണ്. പുളിശ്ശേരി, ഇഞ്ചിപ്പുളി, പച്ചടി, കിച്ചടി മുതലായ ചില ഇനങ്ങള്‍ മുന്നേ ഉണ്ടാക്കിവച്ചാല്‍ പിറ്റേന്ന് രുചി കൂടുന്നവയാണ്. ഇക്കാര്യം കൂടി മനസ്സില്‍ വയ്ക്കുക.
എല്ലാം ഉണ്ടാക്കേണ്ട കാര്യമില്ല
വിഭവങ്ങള്‍ വളരെ സ്മാര്‍ട്ടായി പ്ലാന്‍ ചെയ്യണം. ശര്‍ക്കര വരട്ടി, കായ വറുത്തത്, അച്ചാര്‍ മുതലായവ വീട്ടില്‍തന്നെ ഉണ്ടാക്കണമെന്നില്ല. ഇവയൊക്കെ നല്ല കടകളില്‍ നിന്നും വാങ്ങി സൂക്ഷിക്കാം.
ഒത്തുപിടിച്ചാല്‍ സദ്യ എളുപ്പം
വിഷു എന്നത് വെറുമൊരു ആഘോഷം മാത്രമല്ല. കുടുംബാംഗങ്ങള്‍ ഒത്തുചേരാനുള്ള വളരെ സന്തോഷകരമായ ഒരു അവസരം കൂടിയാണ് അത്. അതിനാല്‍ ഈ വിഷുക്കാലം കൂട്ടായ്മയുടെ ഉത്സവമാക്കി മാറ്റാം. സദ്യ മുതല്ക്കുള്ള എല്ലാ കാര്യങ്ങള്‍ക്കും കുട്ടികള്‍ തൊട്ട് പ്രായമായവരെ വരെ ഉള്‍പ്പെടുത്തണം. ഇങ്ങനെ ചെയ്യുന്നത്, പണി എളുപ്പമാക്കുക മാത്രമല്ല, പരസ്പര സ്നേഹവും ഐക്യവും കൂട്ടാനും സഹായിക്കും.