മൂത്രസഞ്ചി നിറഞ്ഞത് പോലെ തോന്നും, പക്ഷേ മൂത്രമൊഴിക്കാനാവില്ല: പുരുഷന്മാര് അറിയണം ഇതിന് പിന്നിലെ കാരണം

Mail This Article
മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രം ശരിക്ക് ഒഴിക്കാനാവാത്ത അവസ്ഥ ചിലപ്പോള്‍ പുരുഷന്മാര്‍ക്ക് അനുഭവപ്പെടാറുണ്ട്. പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍, മൂത്രത്തിലെ കല്ലുകള്‍, മൂത്രനാളിയിലെ അണുബാധ, മൂത്രദ്വാരത്തിലെ തടസ്സങ്ങള്‍, മലബന്ധം, ലഹരി ഉപയോഗം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് ഈയവസ്ഥ വരാറുണ്ടെന്ന് ചെന്നൈ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നെഫ്രോളജി ആന്‍ഡ് യൂറോളജിയിലെ കണ്‍സള്‍ട്ടന്റ് ഡോ. സഞ്‌ജയ് പ്രകാശ് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
മൂത്രസഞ്ചിക്ക് ചുരുങ്ങാനും മൂത്രത്തെ പുറത്തേക്ക് തള്ളാനും കഴിയാത്ത അവസ്ഥയായ ന്യൂറോജെനിക് ബ്ലാഡര്‍ ഫെയ്‌ലറും ഇതിലേക്ക് നയിക്കാം. ആന്റികോളിനര്‍ജിക്‌സ്, കഫ് സിറപ്പുകള്‍, വേദന സംഹാരികള്‍ തുടങ്ങിയ ചില മരുന്നുകളും മൂത്രം പോകാത്ത അവസ്ഥ സൃഷ്ടിക്കാമെന്നും ഡോ. സഞ്‌ജയ് പറയുന്നു. ഈ ലക്ഷണം ആദ്യ ഘട്ടങ്ങളില്‍ അവഗണിക്കുന്നത് മൂത്രസഞ്ചിയുടെ ഭിത്തികള്‍ അമിതഭാരം മൂലം പതിയെ പതിയെ കട്ടിയാകാന്‍ ഇടയാക്കും. പിന്നീട് ചുരുങ്ങാന്‍ കഴിയാത്ത വിധത്തില്‍ മൂത്രസഞ്ചിക്ക് ഇത് പ്രശ്‌നം സൃഷ്ടിക്കാം. മൂത്രത്തിലെ കല്ലുകള്‍ രൂപപ്പെടാനും അടിക്കടി മൂത്രനാളിയില്‍ അണുബാധയുണ്ടാകാനും സാധ്യത അധികമാണ്.
മൂത്രത്തില്‍ രക്തം വരാനും സാധ്യതയേറെ. അറിയാതെ മൂത്രം ചോര്‍ന്ന് പോകല്‍, വൃക്ക നാശം പോലുള്ള പ്രശ്‌നങ്ങളും ഇതുണ്ടാക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടാല്‍ ഉടനെ യൂറോളജിസ്‌റ്റിനെ കണ്ട് ആവശ്യമായ ചികിത്സ ആരംഭിക്കേണ്ടതാണ്. അള്‍ട്രാ സൗണ്ട് സ്‌കാന്‍, യൂറോഫ്‌ളോമെട്രി, പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍, ബ്ലഡ് ക്രിയാറ്റിനിന്‍, യൂറിന്‍ മൈക്രോസ്‌കോപ്പി പോലുള്ള പരിശോധനകള്‍ മൂത്രം പോകാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താനായി യൂറോളജിസ്‌റ്റ് നിര്‍ദ്ദേശിക്കാം. തീരെ മൂത്രം പോകാത്ത അക്യൂട്ട് യൂറിനറി റിറ്റന്‍ഷന്‍ ഘട്ടത്തിലുള്ള രോഗികള്‍ക്ക് ട്യൂബ് ഇടേണ്ടതായി വന്നേക്കാമെന്നും ഡോ. സഞ്‌ജയ് കൂട്ടിച്ചേര്‍ത്തു.