ബുമ്രയെ ചികിത്സിച്ചു ഭേദമാക്കിയ വൈദ്യസംഘത്തിന്റെ മേൽനോട്ടത്തിൽ ഇതാ തിരികെ; രാജകീയ മടങ്ങിവരവ്, കേരളത്തിന്റെ രക്ഷകനാകുമോ?

Mail This Article
നാഗ്പുർ ∙ എവിടെയായിരുന്നു ഇത്രയുംകാലം എന്ന ചോദ്യം ഏദൻ ആപ്പിൾ ടോമിനോടാണെങ്കിൽ ഉത്തരം പറയുന്നതു കേരളത്തിന്റെ മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ ആയിരിക്കും. ‘എന്റെ കൂടെ..’എന്നതാണു സോണിയുടെ ഉത്തരം. 12 വയസ്സുള്ളപ്പോൾ കളി പഠിക്കാൻ സോണിയുടെ അരികിലെത്തിയതാണ്. 7 വർഷത്തിനിപ്പുറം രഞ്ജി ട്രോഫി ഫൈനലിൽ കേരള ടീമിന്റെ പ്രകടനത്തിൽ നിർണായക ശക്തിയായി മാറിക്കഴിഞ്ഞു, ഏദൻ. വിദർഭയുടെ 3 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഏദനാണ് ഇന്നലെ കളി കേരളത്തിന് അനുകൂലമാക്കിയതിൽ നിർണായക പങ്കുവഹിച്ചത്.
കഴിഞ്ഞ വർഷം ഗുരുതരമായ പുറംവേദന കാരണം കരിയർ തന്നെ ചോദ്യചിഹ്നമാകുന്ന അവസ്ഥയിലെത്തിയെങ്കിലും ഒരു സീസൺ ചികിത്സയ്ക്കായി മാറ്റിവച്ച ശേഷമാണ് ഏദന്റെ മടങ്ങിവരവ്.
സോണി ചെറുവത്തൂർ ദുബായിൽ അക്കാദമിയിൽ പരിശീലിപ്പിക്കുന്ന സമയത്താണു പന്ത്രണ്ടുകാരൻ ഏദനെ അച്ഛൻ ആപ്പിൾ ടോം പരിശീലനത്തിനായി എത്തിച്ചത്. സ്വാഭാവിക മികവുള്ള കുട്ടിയാണു താനെന്ന് ഏദൻ വേഗം തെളിയിച്ചു. സോണി തിരുവനന്തപുരത്ത് അക്കാദമി തുടങ്ങിയപ്പോൾ ഏദനും അവിടെയെത്തി. അക്കാദമിയുടെ മുകളിലൊരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഏദനും കുടുംബവും താമസമാക്കി. ദിവസവും രാവിലെയും വൈകിട്ടും മുടങ്ങാതെ പരിശീലനം. കോവിഡ് കാലത്ത് എല്ലാവരും വീട്ടിലിരുന്നപ്പോൾ ഏദൻ ഒറ്റയ്ക്ക് മുഴുവൻ സമയവും പരിശീലനം നടത്തി.

കഴിഞ്ഞ രഞ്ജി ട്രോഫിയിൽ കേരള ടീമിലെത്തി അരങ്ങേറ്റ മത്സരത്തിൽ മേഘാലയയ്ക്കെതിരെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ചു. എന്നാൽ, പുറംവേദന കടുത്തതോടെ കളി നിർത്തിവയ്ക്കേണ്ടിവന്നു. കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ ഇടപെട്ട് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിൽസയ്ക്ക് അയച്ചു. സമാനമായൊരു പരുക്കിന്റെ പേരിൽ ജസ്പ്രീത് ബുമ്രയെ ചികിത്സിച്ചു ഭേദമാക്കിയ വൈദ്യസംഘമാണ് ഏദനെയും ചികിൽസിച്ചത്.