‘എന്ത് അഭിമാനമാണ്? കളിക്കുക, വീട്ടിലേക്കു പോകുക’: പാക്ക് വിജയത്തെക്കുറിച്ച് ചോദിക്കരുതെന്ന് വാസിം അക്രം

Mail This Article
ലഹോർ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽനിന്ന് പാക്കിസ്ഥാൻ ഒരു വിജയവും സ്വന്തമാക്കാതെ പുറത്തായതിനു പിന്നാലെ ടിവി ഷോയിൽ നിയന്ത്രണംവിട്ട് പാക്കിസ്ഥാന്റെ ഇതിഹാസ താരം വാസിം അക്രം. വ്യാഴാഴ്ച റാവൽപിണ്ടിയിൽ നടക്കേണ്ട പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അവസാന മത്സരത്തിൽ ജയിച്ചിരുന്നെങ്കില്‍ എ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാർ എന്ന നാണക്കേട് ഒഴിവാക്കി, ഒരു വിജയവുമായി ടൂർണമെന്റ് അവസാനിപ്പിക്കാൻ പാക്കിസ്ഥാന് അവസരം ലഭിക്കുമായിരുന്നു.
ചാനൽ ചർച്ചയ്ക്കിടെ ‘അവസാന മത്സരം ജയിച്ച് പാക്കിസ്ഥാൻ അഭിമാനം സംരക്ഷിക്കുമോ?’ എന്നു ചോദിച്ചതാണ് വാസിം അക്രത്തെ ദേഷ്യം പിടിപ്പിച്ചത്. രോഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘എന്ത് അഭിമാനമാണ്? എന്നോട് ഈ ചോദ്യം ചോദിക്കരുതെന്ന് ഞാൻ നിങ്ങളോടു പറഞ്ഞതാണ്. അടുത്ത റൗണ്ടിലേക്കുള്ള യോഗ്യതയെക്കുറിച്ച് മനസ്സിലുള്ളപ്പോഴാണ് അഭിമാനത്തിനു വേണ്ടി കളിക്കേണ്ടത്.’’– വാസിം അക്രം വ്യക്തമാക്കി.
‘‘ഈ കളിക്കു ശേഷം പാക്കിസ്ഥാൻ, ബംഗ്ലദേശ് താരങ്ങൾ അവരുടെ വീടുകളിലേക്കു പോകും. വെറുതെ കളിക്കുക പോകുക. അത്ര മാത്രം.’’– വാസിം അക്രം വ്യക്തമാക്കി. ആതിഥേയരായ പാക്കിസ്ഥാനും ബംഗ്ലദേശിനും ടൂർണമെന്റിൽ ഓരോ പോയിന്റു വീതമാണുള്ളത്. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാൻ ഒരു കളി പോലും ജയിക്കാതെയാണ് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്നത്.
ആദ്യ കളികൾ തോറ്റതോടെ പാക്കിസ്ഥാന്റെ സെമി ഫൈനൽ സാധ്യതകൾ നേരത്തേ അവസാനിച്ചിരുന്നു. ഇന്ത്യയുൾപ്പെടുന്ന എ ഗ്രൂപ്പിൽ ബംഗ്ലദേശിനും താഴെ നാലാം സ്ഥാനത്താണു പാക്കിസ്ഥാൻ. ബംഗ്ലദേശിനും പാക്കിസ്ഥാനും ഓരോ പോയിന്റു വീതമാണുള്ളത്. പക്ഷേ നെറ്റ് റൺറേറ്റിൽ ബംഗ്ലദേശ് (–0.443), പാക്കിസ്ഥാനേക്കാളും (-1.087) മുന്നിലാണ്.