അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വിജയങ്ങളെ ഇനിയും അട്ടിമറിയെന്ന് വിളിക്കരുത്, അവരത് ശീലമാക്കിയിരിക്കുന്നു: കയ്യടിച്ച് സച്ചിൻ

Mail This Article
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ നേടുന്ന വിജയങ്ങളെ ഇനിയും അട്ടിമറിയെന്നു വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. ഇത്തരം വിജയങ്ങൾ ശീലമാക്കിക്കഴിഞ്ഞ ഒരു ടീമിനെ സംബന്ധിച്ച്, അവർ നേടുന്ന വിജയങ്ങൾ എങ്ങനെയാണ് അട്ടിമറിയാകുക എന്നാണ് സച്ചിന്റെ ചോദ്യം. ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാൻ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ അവരെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് സച്ചിൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘‘രാജ്യാന്തര ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ സുസ്ഥിരമായ വളർച്ച തികച്ചും പ്രചോദനാത്മകമാണ്. ഇനിയും അവരുടെ വിജയങ്ങളെ അട്ടിമറി എന്ന് വിളിക്കാനാകില്ല. ഇത്തരം വിജയങ്ങൾ അവരിതാ ശീലമാക്കിക്കഴിഞ്ഞു. ഇബ്രാഹിം സദ്രാന്റെ സെഞ്ചറിയും അസ്മത്തുല്ല ഒമർസായിയുടെ അഞ്ച് വിക്കറ്റ് നേട്ടവും ഉജ്വലം. അതുവഴി അവിസ്മരണീയമായ ഒരു വിജയം കൂടി അഫ്ഗാൻ സ്വന്തമാക്കിയിരിക്കുന്നു’ – സച്ചിൻ കുറിച്ചു.
അതിനിടെ, തകർപ്പൻ വിജയം നേടിയ അഫ്ഗാനിസ്ഥാനെ പുകഴ്ത്തിയും തോറ്റ് പുറത്തായ ഇംഗ്ലണ്ടിനെ ‘ഉപദേശിച്ചും’ മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രിയും രംഗത്തെത്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കളിക്കുന്നതിനെ ഗൗരവത്തോടെ കാണണമെന്ന് ശാസ്ത്രി ഇംഗ്ലണ്ട് ടീമിനോട് ആവശ്യപ്പെട്ടു. മികച്ച ടീമായി മാറുന്നതിന് അതു നിർണായകമാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
കുറച്ചു കാലങ്ങളായി ഇംഗ്ലണ്ട് ഏകദിന മത്സരങ്ങൾ അധികം കളിക്കാത്തതിന്റെ പ്രശ്നമാണ് ഈ തോൽവിയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൻ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെ, ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമായി യുവതാരം ഇബ്രാഹിം സദ്രാൻ (146 പന്തിൽ 177) മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ എട്ടു റൺസിനാണ് അഫ്ഗാൻ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ, സദ്രാന്റെ സെഞ്ചറിക്കരുത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. ചാംപ്യൻസ് ട്രോഫിയിൽ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. മറുപടി ബാറ്റിങ്ങിൽ ജോ റൂട്ടിന്റെ (111 പന്തിൽ 120) സെഞ്ചറിയുടെ ബലത്തിൽ ഇംഗ്ലണ്ട് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും 9 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു. അഫ്ഗാനിസ്ഥാനായി അസ്മത്തുല്ല ഒമർസായി 5 വിക്കറ്റ് നേടി.