60 ലക്ഷം മുതൽമുടക്കിൽ നിർമിച്ച ‘ജംഗിൾബുക്ക്’! കുട്ടികൾക്ക് ഇഷ്ടപ്പെടും, തീർച്ച

Mail This Article
മൃഗശാലയിലെ സിംഹവും കടുവയും ജിറാഫും ഒട്ടകവും മാത്രമാണോ കുട്ടികളെ ആകർഷിക്കുക? അടുത്തിടപഴകാൻ അവസരമില്ലാത്ത ഇത്തരം മൃഗങ്ങളെക്കാൾ പൂച്ചകളും മുയലുകളും കുരുവികളുമൊക്കെ അവർക്ക് പ്രിയങ്കരല്ലേ? വീടുകളിൽ അരുമകളെ വളർത്താൻ അവസരമില്ലാത്ത കുട്ടികൾക്കും വിവിധ ജീവികളെ കാണാനും പരിചയപ്പെടാനും സ്നേഹിക്കാനുമൊക്കെ അവസരം നൽകുന്ന പെറ്റ് പാർക്കുകൾ പുതിയ സംരംഭസാധ്യതയാണ്. അതു പ്രയോജനപ്പെടുത്തുകയാണ് വയനാട്ടിലെ ജംഗിൾ ബുക്ക്.
പൂച്ചയും കോഴിയും പശുവുമൊക്കെയുള്ള വീട്ടിലെ കുട്ടികൾ മൃഗസ്നേഹികളായതിൽ അദ്‌ഭുതമില്ല. അങ്ങനെ അരുമപ്രേമികളായവരാണ് പൂക്കോട് തളിപ്പുഴ സ്വദേശികളായ സഹോദരങ്ങൾ ഇല്യാസും ജംഷീറും ഷഫീക്കും. അതുകൊണ്ടാവണം സ്വന്തമായി ഒരു സംരംഭം ചിന്തിച്ചപ്പോള്‍ പെറ്റ് ഷോപ്പ് അവരുടെ മനസ്സിലെത്തിയത്. ആറു വർഷത്തോളം വൈത്തിരിയിൽ പെറ്റ് ഷോപ്പ് നടത്തിയ പരിചയസമ്പത്താണ് പെറ്റ് പാർക്ക് എന്ന ആശയത്തിനു പ്രചോദനം. സ്വന്തം നാടായ പൂക്കോടിന്റെ ടൂറിസം സാധ്യതകൾക്ക് ഈ സംരംഭം യോജ്യമാണെന്ന തിരിച്ചറിവും അവർക്കു ധൈര്യം പകർന്നു.

പ്രശസ്തമായ പൂക്കോട് തടാകത്തിന് എതിർവശത്ത് ‘ജംഗിൾ ബുക്ക്’ രൂപപ്പെട്ടത് അങ്ങനെ. നാടൻ പശുവും നായകളും മുയലും മുതൽ സ്വദേശിയും വിദേശിയുമായി ഒട്ടേറെ ജീവികളെ ഇവിടെ കാണാം. വിദേശ പക്ഷികളായ ബ്ലൂ ഗോൾഡ് മക്കാവ്, ബട്ടൺ കാട, കാലിഫോർണിയൻ കാട, സെനഗൽ പാരറ്റ്, ഒട്ടകപ്പക്ഷി, വിവിധ തരം ഇഗ്വാനകൾ, ഷുഗർ ഗ്ലൈഡർ എന്നറിയപ്പെടുന്ന പറക്കും അണ്ണാൻ, കുതിര, ബോൾ പൈതൺ എന്നിവയെയൊക്കെ ഇവിടെയുണ്ട്. ഇവയെ കാണാൻ മാത്രമല്ല, തൊടാനും കൈയിലെടുക്കാനും തീറ്റാനുമൊക്കെ സന്ദർശകർക്ക് അവസരം ലഭിക്കും.

ഒരു വർഷം മുൻപാണ് ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുത്ത് പാര്‍ക്ക് ഒരുക്കിയത്. അവിടെ അരുമകൾക്ക് കൂടുകളും മറ്റും തയാറാക്കി. എന്നാൽ, അവയെ വാങ്ങുന്നതിനാണ് കൂടുതൽ മുതൽമുടക്ക് വേണ്ടിവന്നത്. ആകെ 60 ലക്ഷം രൂപയോളം വേണ്ടിവന്നു. ഒരു മക്കാവ് തത്തയ്ക്കു മാത്രം 3.5 ലക്ഷം രൂപയാണ് വില നൽകിയത്! ഇറക്കുമതി ചെയ്തതും അല്ലാത്തതുമായ വിദേശ ഇനങ്ങളാണ് കൂടുതലെങ്കിലും എല്ലാറ്റിനെയും ഇന്ത്യയിൽനിന്നുതന്നെ വാങ്ങാൻ കഴിഞ്ഞു. ഇതിനായി അവയെ എത്തിച്ചുതരുന്ന ഏജൻസികളെ സമീപിക്കുകയേ വേണ്ടൂ. എന്നാൽ, ഇപ്രകാരം ഇറക്കുമതി ചെയ്ത അരുമകളെ വാങ്ങുമ്പോൾ അവയെ സംബന്ധിച്ച എല്ലാ രേഖകളും ശരിയാണെന്നു പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.–ഇല്യാസ് ചൂണ്ടിക്കാട്ടി.

പ്രതിരോധ കുത്തിവയ്പ് നൽകിയതു സംബന്ധിച്ച രേഖകൾ, ഫോട്ടോ, ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസ് എന്നിവയാണ് പ്രധാനമായും വേണ്ടത്. ഈ രേഖകൾ സഹിതം കേന്ദ്ര സർക്കാരിന്റെ പരിവേഷ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്താലേ നിയമാനുസൃതമായി വിദേശ അരുമകളെ ഇവിടെ വളർത്താനാവുകയുള്ളൂ. നാട്ടിലെ അരുമവളർത്തുകാരിൽനിന്നും മൃഗസംരക്ഷകരിൽനിന്നും നായ, പശു തുടങ്ങിയവയെ വാങ്ങി എറണാകുളത്ത് 4 മാസത്തോളം പരിശീലനം നേടിയ ശേഷമാണ് ഈ സംരംഭത്തിലേക്കു കടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാരംഭ മുതൽമുടക്കിനൊപ്പം വലിയ പ്രവർത്തനച്ചെലവും വേണ്ടിവരും. വിദേശപക്ഷികളിൽ പലതിനും അണ്ടിപ്പരിപ്പുകളും ആപ്പിൾപോലുള്ള പഴങ്ങളുമാണ് തീറ്റ. ജംഗിൾ ബുക്കിലെ ഒരു ദിവസത്തെ തീറ്റച്ചെ ലവു മാത്രം 5000 രൂപയാണെന്ന് ഷെഫീഖ്. ശമ്പളം, വാടക, വൈദ്യുതി, മരുന്നുകൾ, വിരയിളക്കൽ ചെലവുകൾ വേറെയും. പൂക്കോട് ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ സന്ദർശകര്‍ ഏറെയുണ്ട്. ജീവികളെ അടുത്തറിയുന്നതിനു മാത്രമല്ല, അവയോടു കുട്ടികളില്‍ സ്നേഹവും സഹാനുഭൂതിയുമൊക്കെ വളരുന്നതിനും പാര്‍ക്ക് സന്ദര്‍ശനം ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശേഷിച്ച് അവധി ദിവസങ്ങളിൽ നല്ല തിരക്കുണ്ട്. 60 രൂപയാണ് പ്രവേശനഫീസ്. കുട്ടികൾക്ക് 40 രൂപ മതി.
ഫോൺ: 7012000499
