'കള്ളപ്പണം വെളുപ്പിക്കുന്ന നായകൻ'; ഒടുവിൽ സഹികെട്ട് ക്ഷുഭിതനായി ധ്യാൻ ശ്രീനിവാസൻ

Mail This Article
'ആപ് കൈസേ ഹോ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ പൊട്ടിത്തെറിച്ച് ധ്യാൻ ശ്രീനിവാസൻ. നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ ധ്യാൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നത് എന്ന മാധ്യമപ്രവർത്തകന്റെ പ്രസ്താവനയാണ് ധ്യാൻ ശ്രീനിവാസനെ ചൊടിപ്പിച്ചത്.
ധ്യാനിന്റെ വാക്കുകൾ; 'എന്ത് പ്രൂഫ് ഉണ്ട് നീ പറയുന്നതിന്? ഈ താഴെ യൂട്യൂബിൽ കമന്റ് ഇടുന്നവർ യാതൊരു തെളിവുമില്ലാതെ പറയുന്നത് കേട്ട് ചോദ്യങ്ങൾ ചോദിക്കരുത്. അറിയാത്ത കാര്യങ്ങൾ മിണ്ടരുത്. അപ്പോൾ ചോദ്യങ്ങൾ ചോദിക്കാതെയിരിക്കുക. ചോദിക്കുന്നത് നിർത്തുക.
ഞാൻ നിനക്ക് ഒരു കാര്യം പറഞ്ഞു തരാം. അത് നീ കേട്ടോ. എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമ എന്നറിയാമോ? ആൾക്കാരെ വെറുപ്പിക്കാതിരിക്കുക. വെറുപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചാൽ സിനിമ ഉണ്ടാവില്ല. ഇവിടെ വേണ്ടത് സ്ക്രിപ്റ്റ് പഠനം ചെയ്യുകയൊന്നുമല്ല. അച്ചടക്കവും മര്യാദയും വേണം. എവിടെ എന്ത് സംസാരിക്കാനാണെങ്കിലും വെറുപ്പിക്കാതിരിക്കുക. നീ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.
നിനക്ക് ഞങ്ങളെ ഒരു വിലയും ഇല്ലല്ലോ. ഒരു വാഗ്‌വാദത്തിനു വന്നതുമല്ലല്ലോ ഇവിടെ. പിന്നെ, ഞാൻ ചൂടാവാണോ സീരിയസ് ആവണോ എന്നൊന്നും നീ എനിക്ക് പറഞ്ഞുതരികയും വേണ്ട.'
ധ്യാനിനെ കള്ളപ്പണം 'വെളുപ്പിക്കൽ സ്റ്റാർ' എന്ന പേരിട്ടു വിളിക്കുന്നു എന്ന വാദത്തിനു മറുപടിയായി 'ആയിക്കോട്ടെ. അതുകൊണ്ട് അവർക്ക് ഗുണം ഉണ്ടാകുന്നുണ്ടെങ്കിൽ നല്ലതല്ലേ? എനിക്ക് അതുകൊണ്ട് എന്ത് ഗുണം? നീ നിന്റെ ജോലിയെ ഗൗരവമായി കാണുന്നതുപോലെ തന്നെയാണ് ഞാനും. പെരിഫെറൽ ആയിട്ടുള്ള കാര്യം കേട്ടിട്ട് സിനിമയെ വിലയിരുത്തരുത്. ഞാൻ എങ്ങനെ ജീവിക്കണം എന്നും, എന്റെ സിനിമയോടുള്ള കാഴ്ചപ്പാടും നീ പറഞ്ഞു തരേണ്ടതില്ല.' എന്നതായിരുന്നു.