ലോകത്തിലെ ഏറ്റവും മികച്ച 50 മുട്ടവിഭവങ്ങളിലൊന്ന് ഇന്ത്യയിൽ നിന്ന്

Mail This Article
നട്ടപ്പാതിരക്ക് വിശന്നുകഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് ഉണ്ടാക്കാവുന്നതും വളരെ ആരോഗ്യകരവുമായ ഒരു വിഭവമാണ് ഓംലറ്റ്. രണ്ടു മുട്ടയും കുറച്ച് സവാളയും പച്ചമുളകും ഉണ്ടെങ്കില്‍ സംഭവം അഞ്ചു മിനിറ്റില്‍ റെഡി! വെജിറ്റബിള്‍ ഓംലറ്റ്, ചീസ് ഓംലറ്റ്, മഷ്രൂം ഓംലറ്റ്, ഫ്രഞ്ച് ഓംലറ്റ്, സ്പാനിഷ് ഓംലറ്റ് എന്നിങ്ങനെ ഓംലറ്റിന് തന്നെയുണ്ട് വെറൈറ്റികൾ. ഇപ്പോഴിതാ ലോകത്തെ ഏറ്റവും മികച്ച അമ്പതു മുട്ടവിഭവങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ മസാല ഓംലറ്റ്.
ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 50 മുട്ട വിഭവങ്ങളുടെ പട്ടികയിൽ 22-ാം സ്ഥാനമാണ് മസാല ഓംലറ്റ് നേടിയത്.

ഒന്നാമൻ ജപ്പാനിൽ നിന്ന്
ജപ്പാനില്‍ നിന്നുള്ള 'അജിത്‌സുകെ ടമാഗോ' ആണ് ഈ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച മുട്ട വിഭവം. മൃദുവായി വേവിച്ച മുട്ടകൾ, ഒരു രാത്രി മുഴുവനും മിറിനിലും സോയ സോസിലും കുതിർത്ത് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത വിഭവമാണ് ഇത്. മുട്ടയുടെ മഞ്ഞക്കരു ദ്രാവകരൂപത്തില്‍ തന്നെയാകും ഉണ്ടാവുക. ബെന്റോ, റാമെൻ തുടങ്ങിയ വിഭവങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. അല്ലെങ്കില്‍ നേരിട്ടും കഴിക്കാം.
ഫിലിപ്പീൻസിലെ ജനപ്രിയ രുചി
രണ്ടാമത്തെ മികച്ച മുട്ടവിഭവം ഫിലിപ്പീന്‍സില്‍ നിന്നുള്ള 'ടോർടാങ് ടാലോങ്' ആണ്. മുട്ട മിശ്രിതത്തിൽ മുക്കി ഗ്രിൽ ചെയ്ത മുഴുവൻ വഴുതനങ്ങ ആണ് ഇത്. സാധാരണയായി പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ ആണ് ഇത് കഴിക്കുന്നത്. ചിലപ്പോൾ സോയ സോസ് , വിനാഗിരി , ബനാന കെച്ചപ്പ് എന്നിവയോടൊപ്പം വിളമ്പുന്നു. ഇറച്ചി വിഭവങ്ങളുടെ ഒരു സൈഡ് ഡിഷായും ഇത് കഴിക്കുന്നു.
ഗ്രീസിലെ ലളിതമായ മുട്ട വിഭവം
ഗ്രീസില്‍ നിന്നുള്ള 'സ്റ്റാക്ക മി ആയ്ഗ' മൂന്നാം സ്ഥാനം നേടി. വേവിച്ചതോ പൊരിച്ചതോ ആയ മുട്ടകളും ഒരു തരം നാടൻ ക്രീമായ സ്റ്റാക്കയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു ലളിതമായ ക്രെറ്റൻ വിഭവമാണ് സ്റ്റാക്ക മി ആയ്ഗ. സാധാരണയായി ഈ കോമ്പിനേഷൻ ഉപ്പും കുരുമുളകും ചേർത്ത് രുചികരമാക്കുകയും, പ്രഭാതഭക്ഷണത്തിന് ചൂടോടെ കഴിക്കുകയും ചെയ്യുന്നു.
ആദ്യ പത്തിലെ മറ്റ് മുട്ട വിഭവങ്ങൾ
ഗ്രീസില്‍ നിന്നുള്ള സ്ട്രാപത്‌സാഡ, തുര്‍ക്കിഷ് വിഭവമായ ഇസ്പാനക്ലി യുമുർട്ട എന്നിവ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. സ്പാനിഷ് വിഭവമായ ടോർട്ടില്ല ഡി ബെറ്റാൻസോസ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള എഗ്സ് ബെനഡിക്റ്റ്, ജപ്പാനിലെ ചാവാൻമുഷി, ടുണീഷ്യന്‍ വിഭവമായ ഷക്ഷൗക്ക, തുര്‍ക്കിയില്‍ നിന്നുള്ള മെനെമെൻ എന്നിവയാണ് ആദ്യ പത്തില്‍ ഇടംനേടിയ മറ്റു വിഭവങ്ങള്‍.
22–ാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ മസാല ഓംലെറ്റ്
ദക്ഷിണേന്ത്യയിൽ നിന്ന് ഉത്ഭവിച്ച ഒരു പരമ്പരാഗത മുട്ട വിഭവമാണ് ഇന്ത്യൻ മസാല ഓംലെറ്റ് എന്ന് ടേസ്റ്റ് അറ്റ്ലസ് പറയുന്നു. ആളുകളുടെ രുചി അനുസരിച്ച്, മുട്ട, ഉള്ളി, പച്ചമുളക്, മല്ലിയില, മുളകുപൊടി, മഞ്ഞൾപ്പൊടി തുടങ്ങിയവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഓംലറ്റ് ആണ് ഇത്. ചിലപ്പോള്‍ ഓംലെറ്റിൽ തക്കാളി, മല്ലിയില, ചീസ് തുടങ്ങിയ ചേരുവകളും ചേർക്കുന്നു.
മസാല ഓംലറ്റ് ഉണ്ടാക്കാം
രുചികരമായ മസാല ഓംലറ്റ് വളരെ എളുപ്പം ഉണ്ടാക്കാം.
ചേരുവകൾ
മുട്ട - 3 എണ്ണം
സവാള - 1 അരിഞ്ഞത്
പച്ചമുളക് - 2 അരിഞ്ഞത്
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഗരംമസാലപ്പൊടി – ഒരു നുള്ള്
തക്കാളി - 1 അരിഞ്ഞത്
കറിവേപ്പില - 1 ടീസ്പൂൺ അരിഞ്ഞത്
മല്ലിയില -1 ടേബിൾസ്പൂൺ അരിഞ്ഞത്
എണ്ണ - 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് സവാള ഗോൾഡൻ നിറം ആകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക, തക്കാളി വഴറ്റിയതിന് ശേഷം കറിവേപ്പില അരിഞ്ഞത്, മല്ലിയില അരിഞ്ഞത് ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം.
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പ് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് തയാറാക്കിയ മസാല ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് മുട്ട മിക്സ് ഒഴിച്ച് അടപ്പ് വെച്ച് അടച്ച് 3 മിനിറ്റ് വേവിക്കുക. രുചികരമായ മസാല ഓംലെറ്റ് റെഡി.