ADVERTISEMENT

മുംബൈ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ വെറ്ററൻ താരങ്ങളായ ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും യുവതാരങ്ങളിൽ ശ്രദ്ധേയനായ ആയുഷ് ബദോനിയും ഉൾപ്പെടെ 90കളിൽ പുറത്ത്. വിവിധ മത്സരങ്ങളുടെ രണ്ടാം ദിനമായ ഇന്ന്, പൂജാരയും ബദോനിയും 99 റണ്‍സ് വീതം നേടിയും രഹാനെ 96 റൺസെടുത്തും പുറത്തായി. കർണാടക ക്യാപ്റ്റൻ കൂടിയായ മായങ്ക് അഗർവാൾ ഒന്നാം ദിനം 91 റൺസെടുത്തും പുറത്തായി. 

അസമിനെതിരായ മത്സരത്തിലാണ് സൗരാഷ്ട്ര നിരയിൽ വെറ്ററൻ താരം ചേതേശ്വർ പൂജാര 99 റൺസെടുത്ത് പുറത്തായത്. 167 പന്തിൽ 10 ഫോറുകൾ സഹിതം 99 റൺസെടുത്ത പൂജാരയെ മുക്താർ ഹുസൈനാണ് പുറത്താക്കിയത്. ഹാർദിക് ദേശായി സെഞ്ചറി (130) നേടിയ മത്സരത്തിൽ സൗരാഷ്ട്ര 474 റൺസെടുത്തു.

മേഘാലയ്‌ക്കെതിരായ മത്സരത്തിൽ മുംബൈ നായകൻ അജിൻക്യ രഹാനെ 96 റൺസെടുത്ത് പുറത്തായി. 177 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതമാണ് രഹാനെ 96 റൺസെടുത്തത്. എം.ഡി. നഫീസിന്റെ പന്തിൽ അർപിത് സുബാസിന് ക്യാച്ച് സമ്മാനിച്ചാണ് രഹാനെ മടങ്ങിയത്. സിദ്ധേഷ് ലാഡ് (145), ആകാശ് ആനന്ദ് (103), ഷംസ് മുളാനി (100*) എന്നിവർ സെഞ്ചറി കുറിച്ചതോടെ മുംബൈ 140.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 671 റൺസെടുത്തു.

13 വർഷത്തിനു ശേഷം വിരാട് കോലി രഞ്ജി ട്രോഫി കളിക്കുന്നതിലൂടെ ശ്രദ്ധ നേടിയ മത്സരത്തിൽ, കോലി‍ ഉൾപ്പെടുന്ന ഡൽഹി ടീമിന്റെ നായകൻ ആയുഷ് ബദോനിയും 99 റൺസെടുത്ത് പുറത്തായി. റെയിൽവേസിനെതിരെ 77 പന്തിൽ 12 ഫോറും മൂന്നു സിക്സും സഹിതമാണ് ബദോനി 99 റൺസെടുത്തത്. ഒടുവിൽ കരൺ ശർമയുടെ പന്തിൽ കുനാൽ യാദവിന് ക്യാച്ച് സമ്മാനിച്ചാണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്സിൽ 96 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എന്ന നിലയിലാണ് ഡൽഹി. മൂന്നു വിക്കറ്റ് കയ്യിലിരിക്കെ റെയിൽവേസിനെതിരെ 93 റൺസിന്റെ ലീഡ്.

ചണ്ഡിഗഡിനെതിരായ മത്സരത്തിൽ ഛത്തീസ്ഗഡ് താരം ആയുഷ് പാണ്ഡെ 99 റൺസെടുത്ത് പുറത്തായി. ഓപ്പണറായി ഇറങ്ങിയ പാണ്ഡെ, 185 പന്തിൽ 17  ഫോറും ഒരു സിക്സും സഹിതമാണ് 99 റൺസെടുത്തത്. ഗുരീന്ദർ സിങ്ങിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് പാണ്ഡെ മടങ്ങിയത്. ഒന്നാം ഇന്നിങഅസിൽ 283 റൺസെടുത്ത ചണ്ഡിഗഡിനെതിരെ, രണ്ടാം ദിനം കളി നിർത്തുമ്പോൾ നാലിന് 310 റൺസ് എന്ന നിലയിലാണ് ഛത്തീസ്ഗഡ്. ഒന്നാം ഇന്നിങ്സിൽ ചണ്ഡിഗഡ് താരം അമൃത് ലാൽ ലുബാന 92 റൺസെടുത്ത് പുറത്തായിരുന്നു.

ഹരിയാനയ്‌ക്കെതിരായ മത്സരത്തിന്റെ ഒന്നാം ദിനം കർണാടക ക്യാപ്റ്റൻ മായങ്ക് അഗർവാൾ 91 റൺസെടുത്ത് പുറത്തായിരുന്നു. 149 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതമാണ് അഗർവാൾ 91 റണ്‍സെടുത്തത്. ഒടുവിൽ അനൂജ് തക്രാലിന്റെ പന്തിൽ അൻഷുൽ കംബോജിന് ക്യാച്ച് സമ്മാനിച്ചാണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്സിൽ 304 റൺസിനു പുറത്തായ കർണാടകയ്‌ക്കെതിരെ ഹരിയാന രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 232 റൺസ് എന്ന നിലയിലാണ്. ഇപ്പോഴും 72 റണ്‍സ് പിന്നിൽ.

English Summary:

Pujara, Rahane, Badoni Fall Short of Centuries in Thrilling Ranji Trophy Games

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com