അസഹനീയമായ ചൂടും ചുരുണ്ടമുടിയും; പൊറുതിമുട്ടിയോ? പരിഹാരമുണ്ട്

Mail This Article
വേനൽക്കാലം അടുത്തതോടെ വെയിലിന്റെ കാഠിന്യവും വർധിച്ചിരിക്കുകയാണ്. ഇതിനൊപ്പം ചുരുണ്ട മുടി കൂടെ ആയാലോ? വിയർപ്പും അഴുക്കും കൊണ്ട് ആകെ വലയും. എന്നാൽ ഇനി അതോർത്ത് ടെൻഷൻ വേണ്ട. ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മാത്രം മതി നിങ്ങളുടെ ചുരുണ്ട മുടിയിഴകൾ ആരോഗ്യത്തോടെയും വൃത്തിയോടെയും സൂക്ഷിക്കാം.
ഷാംപൂ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
ചൂടുകാലത്ത് കൂടൂതൽ ഷാംപൂ ഉപയോഗിക്കരുത്. ഇത് മുടിയെ വരണ്ടതാക്കുകയും സാധാരണ കാലാവസ്ഥയെക്കാൾ മുടി പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യും. ഇതിനായി ചുരുണ്ട മുടിയ്ക്ക് ചേരുന്ന വിധത്തില്‍ ഒട്ടനവധി ഷാപൂവും കണ്ടീഷ്ണറും വിപണിയിൽ ലഭ്യമാണ്. പ്രത്യേകിച്ച് നാച്വറല്‍ എസ്സന്‍സ് അടങ്ങിയവ. ഇവ ആഴ്ചയിൽ ഒരിക്കലോ രണ്ട് തവണയോ ഉപയോഗിക്കുക.
ചീപ്പിന്റെ ഉപയോഗവും മുടി അഴിച്ചിടുന്നതും
ചുരുണ്ട മുടിക്കാർ ചെറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല. അകന്ന പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്. കുളിച്ച ഉടനെ ചീപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. നനഞ്ഞ മുടി ചീകുന്നതിനു പകരം കൈ വിരലുകൾ കൊണ്ട് കെട്ടുകൾ അകറ്റാം. കൂടാതെ പുറത്തു പോകുമ്പോൾ മുടി അഴിച്ചിടുന്നതിനേക്കാൾ കെട്ടി വയ്ക്കുന്നതാവും ഉചിതം. വെയിൽ കൂടുതലുള്ള സമയങ്ങളിൽ മുടി അഴിച്ചിട്ടാൽ വിയർപ്പ് അധികമാകും. ഇത് അഴുക്ക് അടിഞ്ഞു കിടക്കുന്നതിനും ദുർഗന്ധമുണ്ടാകുന്നതിനും കാരണമാകും..
എണ്ണ തലയോട്ടിയിൽ മാത്രം തേക്കുക
എണ്ണ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണെങ്കിലും അധികം എണ്ണ തലയില്‍ തേക്കുന്നത് മുടി വരണ്ടു പോകുന്നതിന് കാരണമാകും. തലയോട്ടിയില്‍ മാത്രം എണ്ണ തേക്കാന്‍ ശ്രമിക്കുക മുടിയിഴകളില്‍ എണ്ണ അധികമായാല്‍ അധികം ഷാംപൂ ഉപയോഗിക്കേണ്ടി വരും. ഇത് മുടിയിഴകളെ കൂടുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു.