ചർമത്തിന് എണ്ണമയമോ? വേനലിൽ 'ഉരുകിയൊലിക്കാതിരിക്കാൻ' അറിയണം ചിലത്

Mail This Article
വേനൽക്കാലം എല്ലാത്തരം ചർമക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും എണ്ണമയമുള്ള ചർമമുള്ളവർ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നത്തെ മറികടക്കാം. ക്ലെൻസിങ് മുതൽ മേക്കപ്പ് വരെ എല്ലാ കാര്യത്തിലും ഇത്തിരി ശ്രദ്ധ കൂടുതൽ നൽകിയാൽ വേനൽക്കാലത്തും ചർമം തിളങ്ങും. ദിവസവും രാവിലെയും രാത്രിയും മുഖം തണുത്ത വെള്ളത്തിൽ നന്നായി കഴുകണം. ദിവസവും രണ്ട് പ്രാവശ്യമെങ്കിലും മുഖം വൃത്തിയായി കഴുകി ചർമത്തിൽ അടിഞ്ഞു കൂടിയ പൊടിപടലങ്ങളും അധിക എണ്ണമയവും നീക്കം ചെയ്യണം.
മുഖം വൃത്തിയായി കഴുകിയ ശേഷം ഓയിൽ ഫ്രീ ക്ലെൻസറുകൾ ഉപയോഗിക്കാം. മുഖത്ത് അമിതമായി എണ്ണമയമുണ്ടെന്നോ വിയർക്കുന്നെന്നോ ഉള്ള തോന്നലിൽ ഒരുപാട് പ്രാവശ്യം സോപ്പും മറ്റുമുപയോഗിച്ച് മുഖം കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മുഖം കഴുകാനായി കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ ഫെയ്സ്‌വാഷോ സോപ്പുകളോ ഉപയോഗിക്കുന്നത് മുഖത്തിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും.
മുഖം ക്ലെൻസ് ചെയ്ത ശേഷം മോയ്സചറൈസിങ് ക്രീം പുരട്ടാം. ദിവസം മുഴുവൻ ചർമത്തെ ഫ്രഷ് ആയി നിലനിർത്തുന്ന ക്രീം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓയിൽ ഫ്രീയായ, എന്നാൽ ചർമത്തിലെ ജലാംശം നിലനിർത്താൻ കഴിയുന്ന മോയ്സ്ചറൈസർ തിരഞ്ഞെടുക്കണം.
മോയ്സചറൈസർ പുരട്ടിയ ശേഷം എസ്പിഎഫ് 50 നു മുകളിലുള്ള മികച്ചൊരു സൺസ്ക്രീം കൂടി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികളിൽനിന്നു ചർമത്തെ രക്ഷിക്കാൻ മാത്രമല്ല, ചർമത്തിലെ അമിത എണ്ണമയത്തെ അകറ്റാനും സൺസ്ക്രീം ഉപകരിക്കും. വേനൽക്കാലത്ത് പുറത്തു പോകുന്നവർ ഓരോ രണ്ടു മണിക്കൂറിലും സൺസ്ക്രീം ഉപയോഗിക്കാൻ മറക്കരുത്.
വേനൽക്കാലത്ത് മേക്കപ്പ് ഉപയോഗിക്കുമ്പോൾ ഓയിൽ അബ്സോർബിങ് ഷീറ്റുകളോ ബ്ലോട്ടിങ് പേപ്പറുകളോ കൈയിൽ കരുതാൻ മറക്കരുത്. മുഖം അമിതമായി വിയർക്കുകയോ എണ്ണമയം കൂടുകയോ ചെയ്യുമ്പോൾ അവ ഉപയോഗിച്ച് ഒപ്പണം. അല്ലെങ്കിൽ വിയർപ്പും എണ്ണമെഴുക്കും മൂലം മുഖമാകെ മേക്കപ്പ് പടരാൻ കാരണമാകും. പുറത്തു പോയി മടങ്ങിയെത്തിയാലുടൻ മേക്കപ്പ് മുഴുവനായും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. രാത്രി കിടക്കും മുൻപ് മേക്കപ്പ് പൂർണമായും നീക്കം ചെയ്തുവെന്ന് ഉറപ്പു വരുത്തണം.
ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മുഖചർമത്തിലെ മൃതകോശങ്ങൾ അകറ്റാൻ ശ്രദ്ധിക്കണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഓയിൽ കൺട്രോൾ ഫെയ്സ് മാസ്ക്കുകളിടുന്നതും ഗുണം ചെയ്യും. സാലിസിലിക് ആസിഡ് അടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ എണ്ണമയമുള്ള ചർമംകൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാം. ഓരോരുത്തരുടെയും ചർമം വ്യത്യസ്തമായതിനാൽ ചർമത്തിനനുയോജ്യമായ ഉൽപന്നങ്ങൾ വിദഗ്ധ നിർദേശ പ്രകാരം തിരഞ്ഞെടുക്കണം.