ആദ്യം ഹാട്രിക് തിളക്കം, പിന്നാലെ 42 പന്തിൽ 84 റൺസും; ഇനിയും ഷാർദുൽ താക്കൂറിനെ എങ്ങനെ ‘അവഗണിക്കും’?– വിഡിയോ

Mail This Article
മുംബൈ∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും യുവതാരങ്ങളിൽ ശ്രദ്ധേയനായ യശസ്വി ജയ്‌സ്വാളും ഉൾപ്പെടെയുള്ളവർക്കു ‘കൈപൊള്ളിയ’ മുംബൈ രഞ്ജി ട്രോഫി ജഴ്സിയിൽ ഷാർദുൽ താക്കൂർ വിസ്മയ പ്രകടനം തുടരുന്നു. മുംബൈ ശരദ് പവാർ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യദിനം മേഘാലയയ്‌ക്കെതിരെ ഹാട്രിക്കുമായി തിളങ്ങി താക്കൂർ, രണ്ടാം ദിനം സ്ഫോടനാത്മക ബാറ്റിങ്ങിലൂടെയും കളം പിടിച്ചു. എട്ടാമനായി ക്രീസിലെത്തിയ താരം 42 പന്തിൽ അടിച്ചുകൂട്ടിയത് 84 റൺസ്! തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനു കൂടിയാണ് താക്കൂർ അവകാശ വാദം ഉന്നയിക്കുന്നത്.
മൂന്ന് സെഞ്ചറികളും മൂന്ന് അർധസെഞ്ചറികളും പിറന്ന മുംബൈ ഇന്നിങ്സിലാണ്, ഷാർദുൽ താക്കൂറും കരുത്തുകാട്ടിയത്. 42 പന്തിൽ ഒൻപതു ഫോറും അഞ്ച് സിക്സും സഹിതമാണ് താക്കൂർ 84 റൺസെടുത്തത്. ഏഴാം വിക്കറ്റിൽ ഷംസ് മുളാനിക്കൊപ്പം സെഞ്ചറി കൂട്ടുകെട്ടും തീർത്താണ് താക്കൂർ പുറത്തായത്. വെറും 99 പന്തിൽ ഇരുവരും മുംബൈ സ്കോർ ബോർഡിൽ എത്തിച്ചത് 156 റൺസ്!
താക്കൂറിനു പുറമേ സിദ്ധേഷ് ലാഡ് (145), ആകാശ് ആനന്ദ് (103), ഷംസ് മുളാനി (86 പന്തിൽ 100) എന്നിവർ സെഞ്ചറികളുമായും, ക്യാപ്റ്റൻ അജിൻക്യ രഹാനെയും (96), സൂര്യാൻഷ് ഹെഗ്ഡെയും (61) അർധസെഞ്ചറികളുമായും തിളങ്ങിയ മത്സരത്തിൽ മുംബൈ ഒന്നാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 671 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ മേഘാലയയുടെ രണ്ടു വിക്കറ്റുകൾ പിഴുത്, അവരെ ആറ് ഓവറിൽ രണ്ടിന് 27 റൺസ് എന്ന നിലയിലേക്ക് താക്കൂർ തള്ളിവിടുകയും ചെയ്തു. മൂന്ന് ഓവറിൽ 10 റൺസ് വഴങ്ങിയാണ് 2 വിക്കറ്റ് വീഴ്ത്തിയത്.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഹാട്രിക് സഹിതം നാലു വിക്കറ്റ് വീഴ്ത്തിയ താക്കൂറിന്റെ നേതൃത്വത്തിലാണ് മുംബൈ മേഘാലയയെ 86 റൺസിൽ ഒതുക്കിയത്. 11 ഓവറിൽ 43 റൺസ് വഴങ്ങിയാണ് താക്കൂർ നാലു വിക്കറ്റ് വീഴ്ത്തിയത്. മൂന്നാം ഓവറിൽത്തന്നെ അനിരുദ്ധ്, സുമിത് കുമാർ, ജസ്‌കീരത് സിങ് സച്ച്ദേവ എന്നിവരെ പുറത്താക്കി താക്കൂർ ഹാട്രിക് തികച്ചു. നിഷാന്ത് ചക്രവർത്തിയെ ആദ്യ ഓവറിൽത്തന്നെ താക്കൂർ പുറത്താക്കിയിരുന്നു.