ഒൻപതാം സെഞ്ചറിയാണ്, കാണുന്നുണ്ടല്ലോ അല്ലേ; ഡഗ്ഔട്ടിനുനേരെ കൈവിരലുകൾ ഉയർത്തി 9 എന്നു കാട്ടി കരുണിന്റെ ആഘോഷം– വിഡിയോ

Mail This Article
നാഗ്പുർ ∙ സെഞ്ചറി നേട്ടം ഹെൽമറ്റൂരി ആഘോഷിച്ച ശേഷം കരുൺ നായർ (33) കയ്യിലെ ഗ്ലൗസ് കൂടി ഊരി. ഡഗ്ഔട്ടിലേക്കു നോക്കി ഇരുകൈകളിലെയും വിരലുകൾ ഉയർത്തി 9 എന്നു കാട്ടി. രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലുമായി ഇതു സീസണിലെ 9ാം സെഞ്ചറിയാണ് എന്നോർമിപ്പിക്കുകയായിരുന്നു മലയാളി താരം കരുൺ.
‘എന്റെ കോച്ചിങ് സ്റ്റാഫിൽ ഒരാളോടു ഞാൻ ഒൻപതാം സെഞ്ചറി നേടുമെന്നു പറഞ്ഞിരുന്നു. അതാണു വിരലുകൾ ഉയർത്തിക്കാണിച്ചത്.’ – കരുൺ പറഞ്ഞു. എന്നാൽ, ഉജ്വല ഫോമിൽ തുടരുമ്പോഴും ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലേക്കു പരിഗണിക്കപ്പെടാതിരുന്നതാണു കരുണിന്റെ വേറിട്ട ആഘോഷത്തിനു കാരണമെന്നും വിലയിരുത്തലുണ്ട്.
കരുണിന്റെ 23ാം ഫസ്റ്റ് ക്ലാസ് സെഞ്ചറി കൂടിയാണിത്. ഒരു ആഭ്യന്തര സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡിൽ കരുൺ വി.വി.എസ്. ലക്ഷ്മണിന് ഒപ്പമെത്തി. 1994–95 സീസണിൽ 10 സെഞ്ചറി നേടിയ സച്ചിൻ തെൻഡുൽക്കറുടെ പേരിലാണ് റെക്കോർഡ്.