പഴ്സ് മുതൽ പാസ്പോർട്ട് വരെ മറന്നെന്ന് സഹതാരങ്ങൾ കളിയാക്കും, ഒന്നും സത്യമല്ല: രോഹിത് ശർമ

Mail This Article
മുംബൈ∙ സാധനങ്ങൾ മറന്നുവയ്ക്കുന്നതിന്റെ പേരിൽ ഇന്ത്യൻ ടീമിലെ സഹതാരങ്ങൾ തന്നെ കളിയാക്കാറുണ്ടെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ബിസിസിഐ പുരസ്കാര വേദിയിൽ ഇന്ത്യൻ വനിതാ താരം സ്മൃതി മന്ദാനയ്ക്കൊപ്പം നടത്തിയ ചർച്ചയിലാണ് രോഹിത്, ഇന്ത്യൻ ടീമിലെ കളിയാക്കലുകളെക്കുറിച്ചു മനസ്സു തുറന്നത്. പഴ്സും പാസ്പോർട്ടും അടക്കം മറന്നുവച്ചതിന്റെ പേരിൽ താരങ്ങൾ കളിയാക്കിയിട്ടുണ്ടെന്നും എന്നാൽ അതെല്ലാം വർഷങ്ങൾക്കു മുൻപാണെന്നും രോഹിത് ശർമ വ്യക്തമാക്കി.
‘‘എല്ലാം മറക്കുന്നതിന്റെ പേരിലാണ് എന്നെ സഹതാരങ്ങൾ കളിയാക്കുന്നത്. അതൊരു ഹോബിയൊന്നുമല്ല. ഞാൻ പഴ്സ് മറന്നു, പാസ്പോർട്ട് മറന്നു എന്നെല്ലാം അവർ പറയും. പക്ഷേ അതൊന്നും സത്യമല്ല. 20 വർഷം മുൻപ് സംഭവിച്ച കാര്യങ്ങളാണ് അത്.’’– രോഹിത് ശർമ പ്രതികരിച്ചു. മറന്നുവച്ച ഏറ്റവും മൂല്യമുള്ളത് എന്താണെന്നു സ്മൃതി ചോദിച്ചപ്പോൾ, ഭാര്യ ലൈവായി ഇതൊക്കെ കാണുന്നുണ്ടെന്നും അതുകൊണ്ട് രഹസ്യമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നുമാണു രോഹിത് മറുപടി നൽകിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് കേണൽ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ബിസിസിഐ വേദിയിൽവച്ച് സമ്മാനിച്ചു. ഇന്ത്യൻ ബോളിങ്ങിന്റെ കുന്തമുനയായ പേസർ ജസ്പ്രീത് ബുമ്രയാണു കഴിഞ്ഞ വർഷത്തെ മികച്ച താരം. മികച്ച വനിതാ താരത്തിനുള്ള ബിസിസിഐയുടെ പുരസ്കാരം സ്മൃതി മന്ദാനയും സ്വന്തമാക്കി. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച സ്പിന്നർ ആർ. അശ്വിനും ബിസിസിഐ ചടങ്ങിൽവച്ച് പ്രത്യേക പുരസ്കാരം സമ്മാനിച്ചു.