ADVERTISEMENT

മുംബൈ∙ ഇന്ത്യ–ഇംഗ്ലണ്ട് നാലാം ട്വന്റി20 മത്സരത്തിനിടെ ശിവം ദുബെയ്ക്കു പകരം കൺകഷൻ സബ്ബായി ഹർഷിത് റാണയെ ഇറക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ഈ വിഷയത്തിൽ ഇപ്പോൾത്തന്നെ കൃത്യമായ നിലപാട് കൈക്കൊള്ളണമെന്നും, പിന്നീട് നിയമം തിരിച്ചടിക്കുമ്പോൾ നിലവിളിച്ചിട്ട് കാര്യമുണ്ടാകില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ഇപ്പോൾ കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ നിയമം അനുകൂലമായി വന്നതുകൊണ്ട് പ്രശ്നമുണ്ടാകില്ല. ഭാവിയിൽ ഐസിസി ടൂർണമെന്റിൽ ഉൾപ്പെടെ നിയമം തിരിച്ചടിച്ചേക്കാമെന്നും ചോപ്ര മുന്നറിയിപ്പു നൽകി.

‘‘ ഒരാൾക്കു സമാനമായ മറ്റൊരാളെ ഇറങ്ങാന്‍ അനുവദിക്കുന്ന ‘കണ്‍കഷൻ സബ്’ ഭാവിയിൽ പ്രശ്നമാകും. മാച്ച് റഫറിയാണു പകരക്കാരനെ അനുവദിക്കേണ്ടത്. സബ്സ്റ്റിറ്റ്യൂഷനു വേണ്ടി ശ്രമിക്കുന്ന ടീമുകൾക്കു പേരുകൾ മുന്നോട്ടുവയ്ക്കാം. ഇന്നലത്തെ തീരുമാനം കുറച്ചു ചോദ്യങ്ങൾ ബാക്കി വയ്ക്കുന്നുണ്ട്. തിലക് വ‍ർമയ്ക്കു പകരക്കാരനായി രണ്ടാം ഇന്നിങ്സിൽ വാഷിങ്ടന്‍ സുന്ദറെ ഇറക്കുമോ? അഭിഷേക് ശർമയ്ക്കു പകരം രണ്ടാം ഇന്നിങ്സിൽ ബോളറായി രവീന്ദ്ര ജഡേജയെയോ, അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കാമോ? ഇന്ത്യയും ഭാവിയിൽ ഇങ്ങനെയൊന്നു നേരിടേണ്ടി വന്നേക്കാം. അതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത്. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ വല്ലതും ആണ് ഇതു സംഭവിക്കുന്നതെങ്കിൽ, അപ്പോൾ കരയുന്നതിനേക്കാളും നല്ലത് ഇപ്പോൾ തന്നെ പറയുന്നതാണ്.’’– ആകാശ് ചോപ്ര വ്യക്തമാക്കി.

ബാറ്റിങ് പൂർത്തിയാക്കി മടങ്ങിയ ശിവം ദുബെയുടെ കൺകഷൻ സബ്ബായി ഫീൽഡിങ് സമയത്ത് പേസ് ബോളർ ഹർഷിത് റാണയെ കളത്തിലിറക്കിയത് ഇന്ത്യയ്ക്ക് ഫലത്തിൽ ഇരട്ട കളിക്കാരുടെ ഗുണം ചെയ്തിരുന്നു. ബാറ്റിങ്ങിൽ കൂട്ടത്തോടെ തകർന്ന ഇന്ത്യയ്ക്ക് 34 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 53 റൺസെടുത്ത ശിവം ദുബെയായിരുന്നു ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം ടോപ് സ്കോറർ. ദുബെയ്ക്കു പകരം ഇന്ത്യ കൺകഷൻ സബ്ബായി ഉപയോഗിച്ച ഹർഷിത് റാണ ബോളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങിയതോടെ ഒരു ബോളറെ എക്സ്ട്രാ ലഭിച്ച ഫലമായി ഇന്ത്യയ്ക്ക്. രാജ്യാന്തര ട്വന്റി20യിൽ റാണയുടെ അരങ്ങേറ്റം കൂടിയായി മാറിയ മത്സരത്തിൽ, നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത താരം വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ബോളർമാരിൽ രവി ബിഷ്ണോയിക്കൊപ്പം ഒന്നാമനായി.

ഒരു താരത്തിന് കൺകഷൻ സംഭവിച്ചതായി സ്ഥിരീകരിച്ചാൽ പകരം അതേ പൊസിഷനിൽ കളിക്കുന്ന താരത്തെയാണ് കൺകഷൻ സബ്ബായി ഉപയോഗിക്കേണ്ടതെന്നാണ് നിയമം. ഇതനുസരിച്ചാണ് ഓൾറൗണ്ടറായ ശിവം ദുബെയ്‌ക്കു പകരം ഓൾറൗണ്ടറായ ഹർഷിത് റാണയെ ഇന്ത്യ പകരക്കാരനാക്കിയത്. എന്നാൽ, ദുബെ മികച്ച ബോളിങ്ങിനും ഉപയോഗപ്പെടുത്താവുന്ന നല്ലൊരു ബാറ്ററാണെന്നും റാണ ബാറ്റിങ്ങിനും ഉപയോഗപ്പെടുത്താവുന്ന നല്ലൊരു ബോളറാണെന്നുമാണ് ഇംഗ്ലണ്ടിന്റെ വിമർശനം. ദുബെയ്‌ക്കു പകരം റാണയെ കൺകഷൻ സബ്ബായി ഇറക്കിയപ്പോൾത്തന്നെ കമന്ററി ബോക്സിൽ കെവിൻ പീറ്റേഴ്സനും നിക്ക് നൈറ്റും തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് നായകൻ ജോസ് ബട്‍ലറും എതിർപ്പ് ഉന്നയിച്ചു.

‘‘ഒരേ രീതിയിലുള്ള കളിക്കാരനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഉപയോഗിക്കണമെന്നാണ് നിയമമെങ്കിലും ഇത് അങ്ങനെയല്ല. ഇതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഒന്നുകിൽ ശിവം ദുബെ ബോളിങ്ങിൽ 25 മൈൽ വേഗം കൂടി ആർജിച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ ഹർഷിത് റാണയുടെ ബാറ്റിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടാകണം. ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണെന്ന് അറിയാം. ഞങ്ങൾ ജയിക്കേണ്ടിയിരുന്ന മത്സരമാണ്. എന്തായാലും ഈ  തീരുമാനത്തോട് ഞങ്ങൾ വിയോജിക്കുന്നു’ – ബട്‍ലർ പറഞ്ഞു.

‘‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്ന സമയത്ത് ഞങ്ങളുടെ അഭിപ്രായവും തേടിയിരുന്നില്ല. ബാറ്റിങ്ങിനായി വരുമ്പോൾ ഹർഷിത് റാണയെ കണ്ട് ആർക്കു പകരമാണ് ഫീൽഡിങ്ങിന് എത്തിയതെന്ന് ഞാൻ ആലോചിക്കുകയും ചെയ്തു. അപ്പോഴാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടാണ് എന്ന് അറിയുന്നത്. അതിനോട് എന്തായാലും യോജിക്കാനായില്ല. ഇവിടെ തുല്യരായ താരങ്ങളല്ല ഇരുവരും. മാച്ച് റഫറിയാണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. എന്തായാലും മാച്ച് റഫറി ജവഗൽ ശ്രീനാഥിനോട് വ്യക്തത തേടും’’ – ബട്‍ലർ പറഞ്ഞു.

English Summary:

Aakash Chopra raises tough questions on concussion sub controversy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com