ഇലക്ട്രിക് കാറുകളുടെ വില കുറയും; ബാറ്ററി നിർമാണ ഘടകങ്ങളുടെ നികുതി കുറച്ചു

Mail This Article
രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില കുറയാനുള്ള സാധ്യത തെളിയുന്നു. ലിഥിയം ബാറ്ററികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് നികുതി ഇളവുകള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതോടെയാണ് വൈദ്യുത വാഹനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷ വര്‍ധിച്ചിരിക്കുന്നത്. പ്രാദേശികമായുള്ള ബാറ്ററി നിര്‍മാണം വിപുലപ്പെടുത്തുകയും ബാറ്ററി ഇറക്കുമതി കുറക്കുകയും ലക്ഷ്യം വെച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ നടപടി. വൈദ്യുത വാഹനങ്ങള്‍ക്കു പുറമേ ലിഥിയം ബാറ്ററികള്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാമഗ്രികള്‍ക്കും വില കുറഞ്ഞേക്കും.
ബാറ്ററി നിര്‍മാണത്തിനു വേണ്ട കൊബാള്‍ട്ട്, പഴയ ലിഥിയം അയണ്‍ ബാറ്ററി, ലെഡ്, സിങ്ക് എന്നിവയടക്കമുള്ള 12 ഉത്പന്നങ്ങളുടെ ബേസിക് കസ്റ്റംസ് ഡ്യൂട്ടി(ബിസിഡി) ആണ് പുതിയ ബജറ്റില്‍ എടുത്തു കളഞ്ഞിരിക്കുന്നത്. ബാറ്ററിക്കു പുറമേ സെമി കണ്ടക്ടറുകളും പുനരുപയോഗ ഊര്‍ജ നിര്‍മാണത്തിനുള്ള വസ്തുക്കളും നിര്‍മിക്കുന്നതിന് ഈ വസ്തുക്കള്‍ ആവശ്യമായി വരാറുണ്ട്. ഇതോടെ ഈ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള വസ്തുക്കള്‍ ആവശ്യമായ വൈദ്യുത വാഹനങ്ങളുടേയും ഹരിത ഇന്ധന മേഖലയിലേയും ഇലക്ട്രോണിക് ഉത്പന്നങ്ങളുടേയുമെല്ലാം വില കുറയാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.
ഇതിനു പുറമേ ഇവി ബാറ്ററി നിര്‍മാണത്തിനു വേണ 35 അധിക വസ്തുക്കളുടേയും മൊബൈല്‍ ബാറ്ററി നിര്‍മാണത്തിനു വേണ്ട 28 വസ്തുക്കളുടേയും നികുതി എടുത്തു കളഞ്ഞിട്ടുണ്ട്. ഇതോടെ രാജ്യത്തെ ബാറ്ററി നിര്‍മാണ മേഖല വിപുലപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ബാറ്ററി നിര്‍മാണത്തിനു വേണ്ട വസ്തുക്കള്‍ നികുതിയില്ലാതെ തന്നെ ഇറക്കു മതി ചെയ്ത് കമ്പനികള്‍ക്ക് തദ്ദേശീയമായി ബാറ്ററികള്‍ നിര്‍മിക്കാനും സാധിക്കും. ടാറ്റ, ഒല ഇലക്ട്രിക്, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് നികുതി ഒഴിവാക്കിയ നടപടി നേരിട്ടു ഗുണം ചെയ്യും.
വൈദ്യുത വാഹനത്തിന്റെ വിലയുടെ 30 ശതമാനത്തിലേറെ ബാറ്ററി വിലയാണ്. അതുകൊണ്ടുതന്നെ ബാറ്ററിയുടെ വില കുറഞ്ഞാല്‍ അത് വൈദ്യുത വാഹനത്തിന്റെ വിലയിലും കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ബാറ്ററി നിര്‍മാണം വിപുലമായാല്‍ ചൈന അടക്കമുള്ള രാജ്യങ്ങളെ ബാറ്ററിയുടെ കാര്യത്തില്‍ ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരില്ല. ഹരിത ഇന്ധനങ്ങളിലേക്ക് മാറുന്നത് വേഗത്തിലാക്കാനും ഈ നീക്കം സഹായിച്ചേക്കും.