നിങ്ങളുടെ വരുമാനം 12 ലക്ഷം കടന്നാൽ ആദായനികുതി എത്ര? പേടിക്കേണ്ട, നിയമത്തിലുണ്ട് ‘മാർജിനൽ റിലീഫ്’

Mail This Article
പ്രതീക്ഷിച്ചതുപോലെ ആദായനികുതിയിൽ വലിയ ഇളവാണ് ഇക്കുറി ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്മാനിച്ചത്. പുതിയ സ്കീം പ്രകാരം 7,75,000 രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധ്യതയില്ലായിരുന്നു. ഇക്കുറി ബജറ്റിൽ ധനമന്ത്രി അത് 12,75,000 രൂപവരെയായി ഉയർത്തി. റിബേറ്റ് ഉയർത്തിയാണ് ഈ ആനുകൂല്യം സമ്മാനിക്കുന്നത്. നേരത്തേ 7 ലക്ഷം രൂപവരെ വരുമാനത്തിന് റിബേറ്റ് നൽകിയിരുന്നു. ഒപ്പം 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷനും. നിങ്ങളുടെ നികുതിബാധകമായ വരുമാനത്തിൽ നിന്ന് 75,000 രൂപ കുറച്ചശേഷം ബാക്കിത്തുകയ്ക്ക് നികുതി അടയ്ക്കാവുന്ന ആനുകൂല്യമാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ.
പുതിയ ബജറ്റിൽ റിബേറ്റ് ബാധകമായ വരുമാനപരിധി 12 ലക്ഷം രൂപയാക്കി. ഇതോടൊപ്പം 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും ചേരുന്നതോടെ 12,75,000 രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഫലത്തിൽ ആദായനികുതി ബാധ്യതയില്ല. ഓർക്കുക, സ്റ്റാൻഡേർഡ് ഡിഡക്ഷൻ ശമ്പളവരുമാനക്കാർക്ക് മാത്രമാണ് ബാധകം. നിങ്ങളുടെ വരുമാനം ബിസിനസ്, പലിശ, ലാഭവിഹിതം, വാടകവരുമാനം തുടങ്ങിയവയിൽ നിന്നാണെങ്കിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യം കിട്ടില്ല.
സെക്‌ഷൻ 87എ മാർജിനൽ റിലീഫ്
സ്റ്റാൻഡേർഡ് ഡിഡക്ഷനുശേഷം നിങ്ങളുടെ നികുതിബാധകമായ വരുമാനം 12 ലക്ഷം രൂപ കവിഞ്ഞാൽ എത്രയാണ് നികുതി? വാർഷിക വരുമാനം 12,85,000 രൂപയാണെന്നിരിക്കട്ടെ. സ്റ്റാൻഡേർഡ് ഡിഡക്ഷനുശേഷം നികുതിബാധക വരുമാനം 12,10,000 രൂപ. അധികം വരുന്ന ഈ 10,000 രൂപയ്ക്ക് നിങ്ങൾ സ്ലാബുപ്രകാരം 61,500 രൂപ നികുതി അടയ്ക്കണം. അതായത്, വെറും 10,000 രൂപയുടെ അധികവരുമാനത്തിന് നികുതിബാധ്യത 61,500 രൂപ.

നികുതിദായകർ നേരിടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം ആദായനികുതി നിയമത്തിൽ തന്നെയുണ്ട്, അതാണ് സെക്ഷൻ 87എ പ്രകാരമുള്ള ‘മാർജിനൽ റിലീഫ്’. 12 ലക്ഷം രൂപയ്ക്കുശേഷം എത്രയാണോ അധികമായുള്ളത് ആ തുകയും നികുതിബാധ്യതയും താരതമ്യം ചെയ്ത്, ഏതാണോ കുറവ് അതു നികുതിയായി അടച്ചാൽ മതിയെന്ന് ഈ സെക്ഷൻ പറയുന്നു.
ഉദാഹരണത്തിന് 12,10,000 രൂപ വരുമാനത്തിന് നികുതി 61,500 രൂപ. ഇവിടെ അധികവരുമാനം 10,000 രൂപയാണ്. അതുകൊണ്ട്, നികുതിയായി 10,000 രൂപ അടച്ചാൽ മതി. വരുമാനം 12,50,000 രൂപയാണെന്നു കരുതുക. അധികവരുമാനം 50,000 രൂപ. നികുതിബാധ്യത 67,500. ഇവിടെ ചെറിയതുക 50,000 രൂപയായതിനാൽ അതു നികുതിയായി അടച്ചാൽ മതി. അതേസമയം വരുമാനം 12,75,000 രൂപയാണെന്നിരിക്കട്ടെ. അധികവരുമാനം 75,000 രൂപയും നികുതി 71,250 രൂപയുമാണ്. ഇവിടെ മാർജിനൽ റിലീഫ് നേടാനാവില്ല. കാരണം, ഇവിടെ നികുതിബാധ്യതയാണ് കുറഞ്ഞ തുക. അതുതന്നെ നികുതി അടയ്ക്കണം; ആശ്വാസമില്ല. 12,70,500 രൂപവരെ വരുമാനത്തിനേ മാർജിനൽ റിലീഫിന് സാധ്യതയുള്ളൂ.
വിപണിയിലേക്ക് പണമൊഴുകും
ആദായനികുതി സ്ലാബുകൾ പരിഷ്കരിക്കുകയും 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനക്കാരെ ആദായനികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതുവഴി സർക്കാരിനുണ്ടാകുന്ന നികുതി വരുമാന നഷ്ടം ഒരുലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഈ ഒരുലക്ഷം കോടി രൂപ ഉപഭോക്തൃ വിപണിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതു ഉപഭോഗം വർധിപ്പിക്കുകയും സമ്പദ്‍വളർച്ചയ്ക്ക് കരുത്തേകുകയും ചെയ്യുമെന്നാണ് പ്രതീക്ഷകൾ. 2024-25 അസസ്മെന്റ് വർഷപ്രകാരം ഇന്ത്യയിൽ 8.75 കോടിപ്പേരാണ് ആദായനികുതി റിട്ടേൺ സമർപ്പിച്ചത്. ഇതിൽ പാതിയോളവും നികുതിബാധ്യത ഇല്ലാത്തവരാണ് (NIL tax threshold). നികുതിബാധ്യതയില്ലാത്ത വരുമാനപരിധി 12.75 ലക്ഷം രൂപയാക്കിയതോടെ ഈ വിഭാഗത്തിൽ നേട്ടം ലഭിക്കുന്നവരുടെ എണ്ണവും ഉയരും.
റിബേറ്റുള്ളപ്പോൾ സ്ലാബ് എന്തിന്?
12.75 ലക്ഷം രൂപവരെ നികുതിയില്ലെങ്കിൽ പിന്നെന്തിനാണ് 12 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് സ്ലാബുകൾ? 12 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് സ്ലാബുപ്രകാരം 60,000 രൂപ നികുതിബാധ്യതയുണ്ട്. ഈ 60,000 രൂപയ്ക്ക് വകുപ്പ് 87എ പ്രകാരം 100% റിബേറ്റ് സർക്കാർ തരുന്നുണ്ട്. അതുകൊണ്ടാണ് നികുതിബാധ്യത പൂജ്യമാകുന്നത്. ഇത് നികുതിയിന്മേൽ സർക്കാർ നൽകുന്നൊരു ‘ഡിസ്കൗണ്ട്’ ആനുകൂല്യം മാത്രമാണ്. പിന്നീടെപ്പോഴെങ്കിലും ഈ ‘ഡിസ്കൗണ്ട്’ സർക്കാർ എടുത്തുകളഞ്ഞാൽ 4 ലക്ഷം രൂപമുതൽക്കുള്ള വരുമാനത്തിന് അതത് സ്ലാബുകൾ പ്രകാരം നികുതി അടയ്ക്കണം.
നിങ്ങളുടെ വാർഷിക വരുമാനം 12.75 ലക്ഷം രൂപയ്ക്കു മുകളിലാണെന്നിരിക്കട്ടെ, റിബേറ്റ് അനുകൂല്യത്തിന് നിങ്ങൾക്ക് അർഹതയില്ല. മാത്രമല്ല, 4 ലക്ഷം രൂപ മുതൽ സ്ലാബുനിരക്കുകളിൽ മുഴുവൻ നികുതിയും അടയ്ക്കണം. ഉദാഹരണത്തിന് വാർഷിക വരുമാനം 15 ലക്ഷം രൂപയാണെന്നിരിക്കട്ടെ. ആദ്യത്തെ 4 ലക്ഷത്തിന് നികുതിബാധ്യത പൂജ്യം. അടുത്ത 4 ലക്ഷത്തിന് 4-8ലക്ഷം സ്ലാബുപ്രകാരമുള്ള നികുതി 20,000 രൂപ. അടുത്ത 4 ലക്ഷത്തിന് 8-12ലക്ഷം സ്ലാബുപ്രകാരം നികുതി 40,000 രൂപ. ബാക്കിവരുന്ന 3 ലക്ഷത്തിന് 12-16 ലക്ഷം സ്ലാബുപ്രകാരം 45,000 രൂപ നികുതി. അതായത്, അടയ്ക്കേണ്ട മൊത്തം നികുതിബാധ്യത 1,05,000 രൂപ.