രോഹിത് ശർമയുടെ വീട്ടിൽ താമസിക്കുന്നത് മലയാളിയോ? തിരഞ്ഞ് സൈബർ ലോകം

Mail This Article
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ മുംബൈയിലെ ഫ്ലാറ്റ് ഒരു മലയാളി വാടകയ്ക്ക് എടുത്തതായി റിപ്പോർട്ട്. മുംബൈയിലെ ലോവർ പരേൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന വീടാണ് രോഹിത് വാടകയ്ക്ക് നൽകിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് സൈറ്റായ സാപ്കി.കോം പുറത്തുവിടുന്ന രജിസ്ട്രേഷൻ വിവരങ്ങൾ പ്രകാരം മുരളി കൃഷ്ണൻ നായർ എന്ന വ്യക്തിയാണ് രോഹിത്തിന്റെ പുതിയ വാടകക്കാരൻ.
ലോഥാ ഗ്രൂപ്പിന്റെ ദ പാർക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുന്ന ലോഥാ മാർക്ക്വിസ് എന്ന റെസിഡൻഷ്യൽ പ്രോജക്ടിലാണ് രോഹിത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ 45 ാം നിലയിലാണ് ഈ അപ്പാർട്മെന്റ്. 1298 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. 2.6 ലക്ഷം രൂപയാണ് മുരളി കൃഷ്ണൻ താരത്തിന് വാടകയായി പ്രതിമാസം നൽകേണ്ടത് എന്നും രജിസ്ട്രേഷൻ രേഖകളിൽ സൂചിപ്പിക്കുന്നു. വീടിനൊപ്പം ലോഥാ മാർക്ക്വിസിലെ രണ്ട് കാർ പാർക്കിങ് സ്‌പേസുകളും വാടകക്കാർക്ക് ഉപയോഗിക്കാം.
ജനുവരി 27ന് വാടക കരാറിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായാണ് വിവരം. 16,300 രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും 1000 രൂപ രജിസ്ട്രേഷൻ ഫീ ഇനത്തിലും കെട്ടിവച്ചു. രോഹിത് ശർമയുടെയും അച്ഛൻ ഗുരുനാഥ് ശർമയുടെയും കൂട്ടുടമസ്ഥതയിലാണ് അപ്പാർട്മെന്റ്. 2013ൽ 5.43 കോടി രൂപയ്ക്കാണ് ഇവർ വീട് വാങ്ങിയത്. എന്നാൽ ഇതാദ്യമായല്ല രോഹിത് തൻ്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് വിട്ടു നൽകുന്നത്.
2024 ജനുവരിയിൽ ബാന്ദ്ര വെസ്റ്റ് ഏരിയയിലെ മറ്റു രണ്ട് അപ്പാർട്ട്മെന്റുകൾ രോഹിത് ശർമ വാടകയ്ക്ക് നൽകിയിരുന്നു. പ്രതിമാസം മൂന്നു ലക്ഷം രൂപയാണ് ഇവയിൽ നിന്നും വാടകയായി ഈടാക്കുന്നത്. മൂന്നുവർഷത്തേയ്ക്കാണ് വാടക കരാർ. കരാർ പ്രകാരം ഓരോ വർഷവും വാടക തുക വർദ്ധിപ്പിക്കാനും ധാരണയുണ്ട്. ആദ്യ വർഷത്തിൽ 3.1 ലക്ഷം രൂപയാണ് വാടകയായി ഈടാക്കിയിരുന്നത്. രണ്ടാം വർഷം അത് 3.25 ലക്ഷം രൂപയായും മൂന്നാം വർഷം 3.41 ലക്ഷം രൂപയായും വാടക വർദ്ധിക്കും. 2021 ജൂണിൽ ലോണാവാലയിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 5.25 കോടി വിലമതിപ്പുള്ള വീട് രോഹിത് വിൽക്കുകയും ചെയ്തിരുന്നു.