വാട്ട് ആൻ ഐഡിയ സർജി!! റംബുട്ടാൻ മരങ്ങൾ വളർന്നപ്പോൾ ബുദ്ധിമുട്ടായി; വെട്ടിക്കളഞ്ഞില്ല, മാറ്റി നടാൻ യന്ത്രം നിർമിച്ച് അധ്യാപകൻ

Mail This Article
സ്വന്തം തോട്ടത്തിലെ റംബുട്ടാൻ മരങ്ങൾ വളർന്ന് പരസ്പരം കൂട്ടിമുട്ടാൻ തുടങ്ങിയപ്പോഴാണ് കുറേയെണ്ണം പിഴുതു മാറ്റി നട്ടാലോ എന്ന് എറണാകുളം ജില്ലയിലെ കോതമംഗലത്തുള്ള മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം അധ്യാപകൻ പ്രകാശ് എം. കല്ലാനിക്കൽ ചിന്തിച്ചത്. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. കാരണം, ഒന്നും രണ്ടുമല്ല, ഏഴരയേക്കറിലായി 1300 മരങ്ങളാണ് കോതമംഗലത്തെ കൃഷിയിടത്തിൽ വളർന്നു നിൽക്കുന്നത്. ഏക്കറിൽ 40 റംബുട്ടാൻ മരങ്ങളാണ് ഇപ്പോൾ പൊതുവേ ശുപാര്‍ശ. കൂടുതലായാൽ വളർന്നുവരുമ്പോൾ ഇടതിങ്ങി എല്ലാറ്റിന്റെയും വളർച്ച മുരടിക്കും, ഉൽപാദനം കുറയും. ‘‘അങ്ങനെയാണ് 3 വർഷം പ്രായമെത്തിയ ഈ മരങ്ങൾ വെട്ടിക്കളയുന്നതിനു പകരം പറിച്ചു മാറ്റി നടാം എന്നു ചിന്തിച്ചത്. പക്ഷേ, ചുവട്ടിലെ മണ്ണിളകാതെയും ഉലയാതെയും മാറ്റിവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പുതിയ കുഴിയിൽ മരം അതിജീവിക്കില്ല. അങ്ങനെ മരം മാറ്റി നടാനുള്ള സംവിധാനം നമ്മുടെ നാട്ടിലുള്ളതായി അറിയില്ല. വടക്കേ ഇന്ത്യയിൽ അപൂർവം ചില കമ്പനികൾ നിർമിച്ചിട്ടുണ്ട്. അതിനു പക്ഷേ, 10 ലക്ഷം രൂപയോളം മുടക്കു വരും. അങ്ങനെയാണ് ഒരു വർഷം ചെലവിട്ട് 3 ലക്ഷം രൂപ മുടക്കി, മണ്ണുമാന്തിയന്ത്രത്തോട് ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന ട്രീ സ്പെയ്‍ഡ് നിർമിച്ചത്’’ പ്രകാശ് പറയുന്നു. പെരുമ്പാവൂരിലെ ഒരു വർക്‌ഷോപ്പാണ് പ്രകാശ് നൽകിയ അളവുകൾക്ക് അനുസൃതമായി യന്ത്രം നിർമിച്ചത്.

യന്ത്രം നിർമിക്കുക മാത്രമല്ല, ഇതിനകം ഒട്ടേറെ മരങ്ങൾ വേരുപടലങ്ങൾക്ക് അൽപം പോലും ക്ഷതമേൽക്കാതെ പുതിയ കുഴിയിലേക്കു മാറ്റിനടുകയും ചെയ്തു പ്രകാശ്. മരത്തിനു ചുറ്റും ഒന്നര മീറ്റർ വ്യാസത്തിലും ഒരു മീറ്റർ ആഴത്തിലുമായി ബ്ലേഡുകൾ ആഴ്ന്നിറങ്ങി മണ്ണുൾപ്പെടെ പൊക്കിയെടുക്കുന്ന ഹൈഡ്രോളിക് സംവിധാനമാണിത്. മണ്ണുമാന്തിയന്ത്രത്തിന്റെ ബക്കറ്റ് അഴിച്ചു മാറ്റി അവിടെ ഈ യന്ത്രം ഘടിപ്പിക്കാവുന്ന രീതിയിലാണ് രൂപകൽപന. മണ്ണുമാന്തിയന്ത്രത്തിനു വഹിക്കാവുന്ന ശേഷി മുന്നിൽക്കണ്ടാണ് ഭാരം ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ മാറ്റി വച്ച എല്ലാ മരങ്ങളും പുതിയ കുഴിയിൽ ആരോഗ്യത്തോടെ വളരുന്നു. ഒരു മരം ഇങ്ങനെ പിഴുതെടുക്കാൻ മിനിറ്റുകൾ മതി.

റംബുട്ടാനു വേണ്ടിയാണ് യന്ത്രം നിർമിച്ചതെങ്കിലും വീടു പണിയുമ്പോഴും ഉദ്യാനത്തിലേക്കുമൊക്കെ ചെറുമരങ്ങൾ മാറ്റി സ്ഥാപിക്കാൻ ഫലപ്രദമാണ് ട്രീ സ്പെയ്‍ഡ്. പ്രിയപ്പെട്ട മരങ്ങൾ വെട്ടിക്കളയാതെ മാറ്റി നടാനും പുതിയ ഉദ്യാനങ്ങളിലും പുരയിടങ്ങളിലും മുതിർന്ന മരങ്ങൾതന്നെ നടാനുമെല്ലാം ട്രീ സ്പെയ്‍ഡ് ഉപകരിക്കും. സംസ്ഥാനത്ത് ഇതൊരു സംരംഭമായി വളർത്താൻ കഴിയുമെന്ന് പ്രകാശ് പറയുന്നു. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ ട്രീ സ്പെയ്‍ഡ് നിർമിക്കാൻ ഏതെങ്കിലും കമ്പനികൾ തയാറാകണമെന്നു മാത്രം.
ഫോൺ: 9447767612