ശിൽപി പറഞ്ഞ കഥ; പൊലീസ് ഉദ്യോഗസ്ഥൻ വഴി നടത്തിയത് ഗാന്ധിമാർഗത്തിലേക്ക്
Mail This Article
‘‘നിനക്കെന്താ ജോലി?
‘‘സാർ സിമന്റു പണിയാ.. പിന്നെ കളിമണ്ണുകൊണ്ടു ശിൽപങ്ങളുമുണ്ടാക്കും..’’
‘‘ ഓ, നീയൊരു ശിൽപിയാണല്ലേ.. എന്നാ നീ പെറ്റിയടയ്ക്കണ്ട. പകരം ഈ പയ്യന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലൊരു ഗാന്ധിപ്രതിമ നിർമിച്ചാൽ മതി..’’.
തലേദിവസം ബൈക്കിന്റെ ആർസി ബുക്ക് കൈവശം വയ്ക്കാത്തതിന് പിടികൂടിയ സിഐ ടി.കെ.സുധാകരൻ പെറ്റിയടയ്ക്കാൻ സ്റ്റേഷനിലെത്താൻ പറഞ്ഞതായിരുന്നു. ആർസി ബുക്ക് കൈവശം വയ്ക്കാത്ത ആ ദിവസത്തെ ഉണ്ണി വെറുത്തു. എങ്ങനെയെങ്കിലും പെറ്റിയടച്ചു സ്ഥലംവിടാൻ പറ്റിയിരുന്നെങ്കിൽ എന്നു പ്രാർഥിച്ചു.
‘‘ എന്നാ ഉണ്ണി പൊയ്ക്കോ.. ശിൽപമുണ്ടാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ’’– വളരെ സ്നേഹത്തോടെ സിഐ സുധാകരൻ പറഞ്ഞു.
പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽനിന്ന് കാനായിയിലെ വീട്ടിലെത്തുന്നതുവരെ മനസ്സ് അസ്വസ്ഥമായിരുന്നു. ആകെയുണ്ടാക്കിയത് പഠിച്ച സ്കൂളിന്റെ മുറ്റത്ത് എഴുത്തച്ഛന്റെ ശിൽപമാണ്. എഴുത്തച്ഛന്റെ രൂപം എങ്ങനെയെന്ന് കൃത്യമായി ആർക്കും അറിയാത്തതിനാൽ മുഖസാദൃശ്യം പറഞ്ഞ് ആരും കുറ്റപ്പെടുത്തിയിട്ടില്ല. എന്നാൽ ഇനി ഉണ്ടാക്കേണ്ടത് മഹാത്മാ ഗാന്ധിയെയാണ്.
‘‘ എഴുത്തച്ഛന്റെ മുഖം ആർക്കും അറിയില്ലായിരുന്നു. ഗാന്ധിജി അങ്ങനെയാണോ. എല്ലാരുടെ കയ്യിലുമുള്ള നോട്ടിലും ഗാന്ധിജിയുണ്ട്. എങ്ങാനും തെറ്റിപ്പോയാൽ പിന്നെ നാട്ടില് നിൽക്കാൻ കഴിയില്ല’’–ഭാര്യ രസ്നയുടെ വാക്കുകളും ഉണ്ണിയെ പേടിപ്പിച്ചു. രാത്രി ഉറങ്ങാതെ കിടക്കുന്ന ഭർത്താവിന്റെ വിഷമം മനസ്സിലാക്കി രസ്നയുടെ ആശ്വാസവാക്കുകളെത്തി. ‘‘ പയ്യന്നൂർ സ്റ്റേഷന്റെ മുന്നിലാണ് ഗാന്ധി പ്രതിമയുണ്ടാക്കേണ്ടത്. ഗാന്ധിജി വന്ന നാട്ടില്. എല്ലാവരും കാണുന്ന സ്ഥലത്ത്. നിങ്ങള് ൈധര്യമായി തുടങ്ങിക്കോ ഉണ്ണ്യേട്ടാ..’’
ആ വാക്കുകൾ നൽകിയ ധൈര്യത്തിൽ ഉണ്ണി കാനായി മഹാത്മാഗാന്ധിയെ കളിമണ്ണിൽ വാർത്തെടുക്കാൻ തുടങ്ങി. രണ്ടുമാസം കൊണ്ട് ശിൽപം പൂർത്തിയായി. 2008ൽ ഗാന്ധിശിൽപം വലിയ ആഘോഷത്തോടെ പയ്യന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ സ്ഥാപിച്ചു. അവിടെയാണ് ഉണ്ണി കാനായി എന്ന ശിൽപി മഹാത്മാഗാന്ധി ശിൽപങ്ങളുടെ ആളായി മാറുന്നത്. കേരളത്തിലങ്ങോളം ഇതുവരെ തീർത്തത് വലിയ 40 ഗാന്ധി ശിൽപങ്ങൾ.
ഏറ്റവും വലിയ ഗാന്ധിശിൽപം കാസർകോട് ടൗണിൽ 12 അടി ഉയരത്തിൽ വെങ്കലത്തിൽ. അറുപതിൽപരം ചരിത്രപുരുഷന്മാരുടെ ശിൽപങ്ങൾ..ഏറ്റവും വലിയ ശിവശിൽപം.. ഉണ്ണി കാനായിക്ക് ചരിത്രപുനരവതരണത്തിന് ധൈര്യം പകർന്നതു പയ്യന്നൂർ സ്റ്റേഷനിലെ സിഐ ആയിരുന്ന ടി.കെ.സുധാകരനായിരുന്നു. കാസർകോട് ഡിവൈഎസ്പിയായി ഈ വർഷമാദ്യം വിരമിച്ച അദ്ദേഹം ഉണ്ണി പുതിയൊരു ഗാന്ധിശിൽപം പൂർത്തിയാക്കിയെന്നറിഞ്ഞു കാണാൻ വന്നു. പത്തനംതിട്ടയിലെ വിദ്യാലയത്തിലേക്കുള്ള ഗാന്ധിശിൽപമാണ് പൂർത്തിയായത്.
‘‘ പൊലീസ് സ്റ്റേഷനു മുന്നിൽ ഗാന്ധിശിൽപമുള്ളത് അവിടേക്കു വരുന്നവർക്കൊരു പ്രതീക്ഷയാണു നൽകുക. സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ളവർക്കൊരു കരുതലിന്റെ സൂചനയും. മഹാത്മാഗാന്ധിയെ കണ്ടു കയറുമ്പോൾ മനസ്സിലേക്കു ആദ്യമെത്തുക നീതിയെന്ന വാക്കായിരിക്കും. അതുകൊണ്ടാണ് പയ്യന്നൂർ സ്റ്റേഷനിൽ ഗാന്ധിപ്രതിമ നിർമിക്കണമെന്ന് ഞാൻ ആഗ്രഹിച്ചത്. ഒരു നിമിത്തമെന്ന പോലെ ബൈക്കിന്റെ ബുക്കും പേപ്പറുമില്ലാതെ ഉണ്ണി എന്റെ മുന്നിൽ വന്നുപെട്ടു. ഗാന്ധിമാർഗത്തിലേക്കുള്ള ഉണ്ണിയുടെ വരവായിരുന്നു ആർസി ബുക്കില്ലാത്ത ആ യാത്ര’’– ഉണ്ണി കാനായിയുടെ തോളിൽ തട്ടിക്കൊണ്ട് സുധാകരൻ പറഞ്ഞു.
എഴുത്തച്ഛനിൽ തുടക്കം
പയ്യന്നൂരിനടുത്ത് കാനായിയെന്ന ഗ്രാമത്തിൽ പരേതനായ ഇരുട്ടൻ പത്മനാഭന്റെയും അക്കാളത്ത് ജാനകിയുടെയും മകനായ ഉണ്ണി ചെറുപ്രായത്തിലേ സിമന്റു പണിക്കിറങ്ങിയതാണ്. അച്ഛന്റെ മരണത്തോടെ കുടുംബം പുലർത്താനുള്ള ചുമതല ഉണ്ണിക്കായിരുന്നു. ശിൽപി കൂടിയായ ശ്രീധരൻ കാര എന്ന കരാറുകാരന്റെ കൂടെയായിരുന്നു തുടക്കം.
നിലത്തു മാർബിൾ വിരിക്കുന്ന ജോലിയായിരുന്നു ഉണ്ണിക്ക്. അതു കഴിഞ്ഞു വന്നാൽ വൈകിട്ട് വീടിനടുത്തുള്ള വണ്ണാത്തിപ്പുഴയിൽനിന്ന് കളിമണ്ണു കൊണ്ടുവന്ന് ശിൽപങ്ങളുണ്ടാക്കും. ശിൽപിയാകാനായിരുന്നു എപ്പോഴും ആഗ്രഹം. പക്ഷേ, ജീവിതസാഹചര്യം അതിനു പറ്റിയതായിരുന്നില്ല. കടന്നപ്പള്ളി ഹൈസ്കൂളിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു ശിൽപം നിർമിക്കാൻ തീരുമാനിച്ചപ്പോൾ അധ്യാപകർ ചുമതലയേൽപിച്ചത് പൂർവവിദ്യാർഥിയായ ഉണ്ണിയെയായിരുന്നു.
പേടിച്ചാണെങ്കിലും ശിൽപനിർമാണം ഏറ്റെടുത്തു. ഉത്രാടം ചന്ദ്രനെന്ന സഹൃദയൻ സാമ്പത്തിക സഹായം നൽകി. നാട്ടുകാരനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു ശിൽപം അനാവരണം ചെയ്തത്. പത്രപ്രവർത്തക സുഹൃത്തായ ബിജു മുത്തത്തിയാണ് ഉണ്ണിയെന്ന ശിൽപിയുടെ പേര് ഉണ്ണി കാനായി എന്നാക്കിയത്. എഴുത്തച്ഛനെ നിർമിച്ച ശേഷം പിന്നെ ശിൽപനിർമാണത്തിനായി ആരും വന്നില്ല. വീണ്ടും സിമന്റു പണി തന്നെ.
പയ്യന്നൂരിലെ അറിയപ്പെടുന്ന ശിൽപി കുഞ്ഞിമംഗലം നാരായണന്റെ വീട്ടിൽ ജോലിക്കു പോയപ്പോഴാണ് ശിൽപനിർമാണത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നത്. ഉണ്ണിയിലെ കലാകാരനെ തിരിച്ചറിഞ്ഞ നാരായണൻ ശിഷ്യനാകാൻ ക്ഷണിച്ചെങ്കിലും ഇത്രയും നാൾ അന്നത്തിനു വകയൊരുക്കിയ ശ്രീധരൻ കാരയെ കൈവിടാൻ മനസ്സുസമ്മതിച്ചില്ല. ശിൽപനിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ നാരായണൻ പറഞ്ഞു കൊടുത്തു. വണ്ണാത്തിപ്പുഴയോരത്തെ വൈകുന്നേരങ്ങൾ ഉണ്ണി കാനായി എന്ന ശിൽപിയുടെ വളർച്ചയ്ക്കുള്ള തണലൊരുക്കി. ഈ സമയത്താണ് പയ്യന്നൂർ സിഐ രേഖകളൊന്നുമില്ലാതെ ബൈക്കോടിച്ചതിനു പിടികൂടുന്നത്.
ഗാന്ധിയുടെ ചിതാഭസ്മം തൊട്ട ശിൽപി
പയ്യന്നൂർ സ്റ്റേഷനിലെ ഗാന്ധിയൊരു തുടക്കമായിരുന്നു. സുധാകരൻ തളിപ്പറമ്പ് സിഐ ആയപ്പോൾ ആദ്യം ചെയ്തത് അവിടത്തെ സ്റ്റേഷൻ മുറ്റത്തും ഉണ്ണിയെക്കൊണ്ട് ഗാന്ധി ശിൽപം നിർമിക്കുകയായിരുന്നു. കാസർകോട് ചന്തേരയെത്തിയപ്പോൾ അവിടെയും. സുധാകരന്റെ കീഴിൽ എസ്ഐമാരായി ഉണ്ടായിരുന്ന ഉത്തംദാസ് മട്ടന്നൂർ സ്റ്റേഷനു മുന്നിലും വിനോദ് വടകര സ്റ്റേഷനുമുന്നിലും ഗാന്ധിശിൽപം നിർമിപ്പിച്ചു. ഉണ്ണി കാനായിയുടെ ഗാന്ധി ശിൽപത്തെക്കുറിച്ചറിഞ്ഞ് അധ്യാപകരും സ്കൂളുകളിൽ ശിൽപമൊരുക്കാൻ ആവശ്യപ്പെട്ടു. കാസർകോട് കലക്ടറേറ്റിലാണ് കേരളത്തിലെ ഏറ്റവും വലിയ ഗാന്ധിശിൽപം നിർമിച്ചത്. 12 അടി ഉയരത്തിൽ വെങ്കലത്തിലുള്ള ശിൽപം.
ഇതിനിടെ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം കയ്യിലെടുക്കാനുള്ള അവസരമുണ്ടായി. പയ്യന്നൂർ ആനന്ദാശ്രമത്തിൽ സ്വാമി ആനന്ദതീർഥൻ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുണ്ട്. അവിടെയുള്ള ഗാന്ധി ശിൽപം പുനർനിർമിക്കുമ്പോൾ ചിതാഭസ്മം പുതിയ ചെപ്പിലേക്കു മാറ്റേണ്ടി വന്നു. അതു ചെയ്തത് ഉണ്ണിയായിരുന്നു. ‘‘ഗാന്ധിജിയെ ഇഷ്ടപ്പെടുന്ന എനിക്കു ലഭിച്ച അവിസ്മരണീയമായ മുഹൂർത്തമായിരുന്നു അത്’’– സന്തോഷത്തോടെ ഉണ്ണി പറഞ്ഞു.
ചരിത്ര പുരുഷന്മാർ
ഗാന്ധിശിൽപങ്ങൾ ശ്രദ്ധേയമായപ്പോഴാണ് ഉണ്ണിയെ തേടി ചരിത്രപുരുഷന്മാർ എത്തിയത്. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ശിൽപമായിരുന്നു ആദ്യം നിർമിച്ചത്. തിരുവനന്തപുരത്ത് കെ.കരുണാകരന്റെ ശിൽപം രൂപസാദൃശ്യത്തെച്ചൊല്ലി വിവാദമായ സമയത്ത് തൃശൂർ കോർപറേഷൻ കരുണാകരന്റെ ശിൽപം നിർമിക്കാൻ ഉണ്ണിയോട് ആവശ്യപ്പെട്ടു. ഉണ്ണിയുടെ വീട്ടിൽ വച്ചായിരുന്നു നിർമാണം. ഒരുദിവസം കെ.മുരളീധരൻ ശിൽപം കാണാനെത്തി. അച്ഛന്റെ ചിരിക്കുന്ന രൂപം കണ്ട് മുരളീധരൻ വികാരാധീനനായി.
കാനായിയിൽനിന്നു തൃശൂർ വരെ ഘോഷയാത്രയോടെയാണ് ശിൽപം കൊണ്ടുപോയത്. തൃശൂർ പടിഞ്ഞാറെക്കോട്ടയിൽ ശിൽപം അനാവരണം ചെയ്യുന്ന സമയത്ത് കെ.പത്മജ കരഞ്ഞത് പത്രങ്ങളിൽ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ.കെ.ഗോപാലന്റെ ശിൽപം തിരുവനന്തപുരത്ത് നിർമിക്കണമെന്ന് ആവശ്യപ്പെട്ടത്. 10 അടിയിലുള്ള വെങ്കല ശിൽപം നാലുമാസം കൊണ്ട് പൂർത്തിയാക്കിത്തരണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പട്ടത്ത് എകെജി പാർക്കിലുള്ള ശിൽപം ഉണ്ണി രാപകലില്ലാതെ അധ്വാനിച്ചുണ്ടാക്കിയതാണ്.
അറുപതോളം ചരിത്രപുരുഷന്മാരുടെ ശിൽപം ഉണ്ണി നിർമിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെതാണു കൂടുതൽ നിർമിച്ചത്. തിരുവനന്തപുരത്തെ ഗുരുശിൽപമാണ് ഏറ്റവും വലുത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം, രബീന്ദ്രനാഥ ടഗോർ, സ്വാതന്ത്ര്യസമര സേനാനി പീരങ്കി നമ്പീശൻ, സി.എച്ച്.കണാരൻ, സി.വി.രാമൻപിള്ള, ഡോ.വർഗീസ് കുര്യൻ, കെ.പി.പി.നമ്പ്യാർ എന്നിങ്ങനെ നീളുന്നു ചരിത്രപുരുഷന്മാരുടെ നിര. തലശ്ശേരി ടൗൺ, പയ്യന്നൂർ കോളജ്, പയ്യന്നൂർ കുട്ടികളുടെ പാർക്ക് എന്നിവിടങ്ങളിൽ എ.പി.ജെ. അബ്ദുൽകലാമിന്റെ പൂർണകായ ശിൽപം നിർമിച്ചു.
മുൻമന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ ശിൽപമാണ് ഇപ്പോൾ പൂർത്തിയായത്. മന്ത്രി ഗണേഷ്കുമാർ ആണ് ശിൽപം ആവശ്യപ്പെട്ടത്. കേരളത്തിലെ സംഗീതജ്ഞരുടെ കൂട്ടായ്മയായ സമത്തിനു വേണ്ടി നിർമിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശിൽപം കേരളപ്പിറവി ദിനത്തിൽ പാലക്കാട്ട് അനാവരണം ചെയ്യും.
ഇന്ത്യയിലെ ഏറ്റവും വലിയ ശിവ ശിൽപം ഉണ്ണിയുടെ പണിപ്പുരയിൽ ഒരുങ്ങിക്കഴിഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലേക്കുള്ള ശിൽപം അനാവരണം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം കാത്തിരിക്കുകയാണ്. ഗുരുവായൂർ മഞ്ജുളാൽത്തറയിലേക്കുള്ള ഗരുഡന്റെ ശിൽപമാണ് ഇപ്പോൾ നിർമിക്കുന്നത്.
കളിമണ്ണിലാണു യഥാർഥ രൂപം
‘‘ ഈ മേഖലയിലേക്കു പുതിയ കുട്ടികളൊന്നും കടന്നുവരുന്നില്ല എന്നതാണ് വലിയ വെല്ലുവിളി. ദിവസങ്ങളോളം നീണ്ട അധ്വാനം, ക്ഷമ, അർപ്പണമനോഭാവം ഇതൊന്നുമില്ലാതെ ശിൽപിയാകാൻ വന്നിട്ടു കാര്യമില്ല. കളിമണ്ണിലാണ് ആദ്യം ശിൽപം നിർമിക്കുന്നത്. 10 അടി ഉയരമുള്ള ശിൽപമാണെങ്കിൽ ആദ്യം ഒരടിയിൽ കളിമണ്ണിൽ രൂപമുണ്ടാക്കും. അതുവച്ചാണ് 10 അടിയിൽ കളിമണ്ണിൽ രൂപമുണ്ടാക്കുക. അതിലാണു ശിൽപം യഥാർഥ രൂപത്തിൽ വരേണ്ടത്. ഇതു കണ്ട് ശിൽപം ആവശ്യപ്പെട്ടവർ നൂറുശതമാനം ശരിയെന്നു പറഞ്ഞാൽ മാത്രമേ അടുത്തഘട്ടത്തിലേക്കു കടക്കൂ.
കളിമൺ രൂപത്തിനു മുകളിൽ പ്ലാസ്റ്റർ ഓഫ് പാരിസ് വച്ച് അച്ചെടുക്കും. ഈ അച്ചിനുള്ളിൽ കാൽ ഇഞ്ച് കനത്തിൽ മെഴുകു തേച്ചുപിടിപ്പിക്കും. പിന്നീട് മെഴുകിനു പുറത്ത് പ്രത്യേകം തയാറാക്കിയ മണ്ണു തേക്കും. മണ്ണുണങ്ങാൻ ഒരാഴ്ചയെങ്കിലും സമയം വേണം. ഇതിനു ശേഷം പ്രത്യേകം ചൂടിൽ മെഴുകി ഉരുക്കി പുറത്തേക്കെടുക്കും. തുടർന്നാണ് വെങ്കലം ഉരുക്കി മണ്ണിനുള്ളിലേക്ക് ഒഴിക്കുക. ഒരു ലീറ്റർ മെഴുകാണു പുറത്തേക്കു വന്നതെങ്കിൽ 10 ലീറ്റർ വെങ്കലമാണു ഒഴിക്കേണ്ടത്.
അച്യുതമേനോൻ ശിൽപവും വിവാദവും
അടുത്തിടെ മുൻമുഖ്യമന്ത്രി സി.അച്യുതമേനോന്റെ ശിൽപം രൂപസാദൃശ്യത്തെച്ചൊല്ലി വിവാദമായി. കളിമണ്ണിലൊരുക്കിയ ശിൽപം സംഘാടകർ ശരിയെന്നു പറഞ്ഞതായിരുന്നു. 10 അടി ഉയരമുള്ള വെങ്കല ശിൽപമായിരുന്നു. ഇതിനിടെ ഒരു മന്ത്രി നിർമാണം കാണാൻ വന്നു. അന്ന് മോൾഡ് എടുത്തിട്ടേയുണ്ടായിരുന്നുള്ളൂ. കൂടെയുള്ള ആരോ ചിത്രമെടുത്തു. അത് സമൂഹമാധ്യമത്തിൽ പ്രചരിച്ചു. പയ്യന്നൂരിൽ നിന്ന് ആഘോഷമായിട്ടാണ് ശിൽപം കൊണ്ടുപോയത്.
വടകര എത്തിയപ്പോഴേക്കും വിവാദം തുടങ്ങി. അച്യുതമേനോന്റെ രൂപവുമായി ഒരു സാദൃശ്യവുമില്ലെന്നു പറഞ്ഞുപരത്തി. വല്ലാതെ സങ്കടപ്പെട്ടു പോയെങ്കിലും ഞാൻ പ്രതികരിക്കാൻ പോയില്ല. തിരുവനന്തപുരത്ത് ശിൽപം അനാവരണം ചെയ്യുന്നതുവരെ ഞാൻ കാത്തിരുന്നു. അതുവരെയുണ്ടായിരുന്ന വിവാദം ഒറ്റനിമിഷം കൊണ്ട് തീർന്നു. പ്രതികരിച്ചവരെല്ലാം മാറ്റിപ്പറഞ്ഞു. സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും ബിനോയ് വിശ്വവുമൊക്കെ മുൻപു വന്ന് ഒകെ പറഞ്ഞ ശിൽപമാണ്.
അച്യുതമേനോന്റെ ശിൽപനിർമാണ സമയത്ത് വിവരങ്ങളെല്ലാം തന്നത് അന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ സാറായിരുന്നു. അച്യുതമേനോന്റെ രൂപത്തെക്കുറിച്ചു കൃത്യവിവരം തന്നു. ഒരു ഫുട്ബോൾ കളിക്കാരന്റെ കരുത്തും തലയെടുപ്പും വേണം. എപ്പോഴുമുള്ള പുഞ്ചിരി, കണ്ണിലെ തിളക്കം.. ഇതൊക്കെ അദ്ദേഹമാണു പറഞ്ഞത്. ശിൽപനിർമാണം പൂർത്തിയാകുമ്പോഴേക്കും കാനം സാർ മരിച്ചു. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ വിവാദമൊന്നും ഉണ്ടാകുമായിരുന്നില്ല. കാര്യമില്ലാതെയുണ്ടാക്കിയ വിവാദം. വെങ്കലം ഉരുക്കിയൊഴിക്കുന്ന ആളല്ലേ, അത്ര പെട്ടെന്നൊന്നും എന്റെ മനസ്സിനെ തകർക്കാൻ സാധിക്കില്ല’’– ഉണ്ണി കാനായി പറഞ്ഞു.